COVID 19KeralaLatest NewsNews

കുന്നംകുളത്തെ ആന്റിജൻ പരിശോധന ഫലം പുറത്ത്

തൃശൂര്‍ • കുന്നംകുളം മേഖലയിൽ കോവിഡ് രോഗബാധാ വ്യാപനമുണ്ടായ സാഹചര്യത്തിൽ സെക്കൻഡറി സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്കായി നടത്തിയ ആൻറിജൻ പരിശോധന ഫലം മുഴുവൻ നെഗറ്റീവായി. ഇതോടെ രോഗഭീതിയിൽ നിന്ന് പ്രദേശത്തിന് അല്പം ആശ്വാസമായി.

കുന്നംകുളം നഗരസഭ ചെയർപേഴ്‌സൻ, വൈസ് ചെയർമാൻ, കൗൺസിലർമാർ, ആരോഗ്യ പ്രവർത്തകർ, മറ്റു ജീവനക്കാർ ഉൾപ്പെടെ സമ്പർക്കപ്പട്ടികയിൽ വന്ന 94 പേരുടെ ആന്റിജൻ പരിശോധനയാണ് ബുധനാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 മണി വരെ ഗവ. താലൂക്ക് ആശുപത്രിയിൽ നടത്തിയത്. 100 പേരുടെ ആൻറിജൻ പരിശോധനയിൽ 6 പേർ പങ്കെടുത്തില്ല. എന്നാൽ ഇവരുടെ മുൻ പരിശോധനാഫലങ്ങൾ നെഗറ്റീവ് ആയിരുന്നുവെന്നതിനാൽ ആശങ്കകൾ ഇല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മൂക്കിൽ നിന്ന് സ്രവം എടുത്ത് ലളിതമായാണ് ആന്റിജൻ പരിശോധന നടത്തിയത്. അര മണിക്കൂറിൽ തന്നെ പരിശോധനാ ഫലം ലഭ്യമാക്കി. പരിശോധിച്ചവർ എല്ലാം നെഗറ്റീവായെങ്കിലും ഇനിയും കൂടുതൽ ജാഗ്രത പുലർത്തമെന്നും സർക്കാർ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും ആശുപത്രി സൂപ്രണ്ട് എ വി മണികണ്ഠൻ നിർദ്ദേശിച്ചു. സൂപ്രണ്ടിനെ കൂടാതെ ഡോക്ടർമാർ, സ്റ്റാഫ് നഴ്‌സുമാർ, ആശാ വർക്കർമാർ തുടങ്ങിയവരും ആന്റിജൻ പരിശോധനയ്ക്ക് നേതൃത്വം നൽകി.

കഴിഞ്ഞ ദിവസം മുപ്പതോളം പേർക്കാണ് മേഖലയിൽ കോവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയുള്ള രോഗബാധിതരായിരുന്നു അതിലേറെയും. ഇതിന്റെ അടിസ്ഥാനത്തിലാണ് ആൻറിജൻ പരിശോധന നടത്തിയത്.

കഴിഞ്ഞ ദിവസത്തെ രോഗ സ്ഥിരീകരണത്തെ തുടർന്ന് നഗരസഭ പ്രദേശത്ത് 3 വാർഡുകൾ (12 ഉരുളികുന്ന്, 19- നെഹ്‌റു നഗർ, 20- ശാന്തിനഗർ) കണ്ടെയ്ൻമെൻറ് സോണാക്കി മാറ്റിയിരുന്നു. നഗരസഭയിലെ അയ്യപ്പത്ത് റോഡ് (10), ചെറുകുന്ന് (11), പൊർക്കളേങ്ങാട് (25) എന്നീ വാർഡുകൾ കണ്ടെയ്ൻമെൻറ് സോണുകളായി തുടരുകയാണ്.

കോട്ടപ്പുറം ചന്തയിലെ തൊഴിലാളികളുടെ പരിശോധനാഫലം നെഗറ്റീവ്

കൊടുങ്ങല്ലൂർ കോട്ടപ്പുറം ചന്തയിലെ ചുമട്ടുതൊഴിലാളികൾ സ്രവ പരിശോധനാഫലം പുറത്തുവന്നു. പരിശോധനയ്ക്ക് വിധേയരായ 60 പേരുടെയും റിസൾട്ട് നെഗറ്റീവ് ആണെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ ടി വി റോഷ് അറിയിച്ചു. പരിശോധനയുടെ രണ്ടാംഘട്ടം ബുധനാഴ്ച നടക്കും. 60 തൊഴിലാളികൾ കൂടി പരിശോധനയ്ക്ക് വിധേയരാകും. കോവിഡ് രോഗപ്പകർച്ച വിലയിരുത്തുന്നതിനായാണ് ഇത്തരത്തിൽ സ്രവ പരിശോധന നടത്തുന്നത്. നഗരസഭയിലെ ഏറ്റവും തിരക്കേറിയ പ്രദേശമാണ് കൊടുങ്ങല്ലൂർ കോട്ടപ്പുറം ചന്ത. അന്യസംസ്ഥാനത്ത് നിന്നും ആളുകൾ കച്ചവടത്തിനായി വരുന്ന പ്രദേശമായതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.

shortlink

Related Articles

Post Your Comments

Related Articles


Back to top button