സിനിമാ താരങ്ങളുടെ പ്രതിഫലം കുറയ്ക്കാന്‍ താര സംഘടനയായ ‘അമ്മ’ തീരുമാനമെടുത്തെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വൈസ്പ്രസിഡന്റ് കെ.ബി.ഗണേഷ്കുമാര്‍ എംഎല്‍എ. ഇത് സംബന്ധിച്ച് ഫെഫ്കയ്ക്ക് കത്ത് നല്‍കിയെന്ന പ്രചാരണം തെറ്റാണ്. നിര്‍മാതാക്കളുമായി സഹകരിച്ചു പോകണമെന്ന് ആവശ്യപ്പെട്ട് താരങ്ങള്‍ക്കു നല്‍കിയ കത്ത് തെറ്റായി പ്രചരിപ്പിക്കുകയാണ്. പ്രതിഫലം കുറയ്ക്കുന്ന കാര്യത്തില്‍ താരങ്ങള്‍ സ്വയം തീരുമാനമെടുക്കുകയാണ് വേണ്ടത്. സംഘടന ഇക്കാര്യത്തില്‍ തീരുമാനമെടുത്താല്‍ അത് ചെറിയ പ്രതിഫലം വാങ്ങുന്നവരെ മാത്രമേ ബാധിക്കൂകയുള്ളുവെന്നും ഗണേഷ് പറഞ്ഞു.
താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കളുടെ സംഘടന അമ്മയ്ക്കും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയ്ക്കും കത്ത് നല്‍കിയിരുന്നു. ഇതിന് ഇന്നലെ നല്‍കിയ മറുപടിയിലാണ് അമ്മ സഹകരണം അറിയിച്ചത്. പ്രതിസന്ധി ഘട്ടങ്ങളില്‍ നിര്‍മാതാക്കള്‍ക്ക് ഒപ്പമുണ്ടാകുമെന്ന് ‘അമ്മ’ വ്യക്തമാക്കി. അതേസമയം, പുതിയ ചിത്രങ്ങളില്‍ താരങ്ങള്‍ അഭിനയിക്കുന്നത് വിലക്കാന്‍ കഴിയില്ലെന്നും അമ്മ നിര്‍മാതാക്കളെ അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധിയുടെ ഗൗരവം ഉള്‍ക്കൊണ്ടു നിര്‍മാതാക്കളോട് സഹകരിക്കണമെന്ന് അഭ്യര്‍ഥിച്ച് എല്ലാ അംഗങ്ങള്‍ക്കു കത്ത് നല്‍കിയെന്ന് ‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാല്‍ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം. രഞ്ജിത്തിനും ജനറല്‍ സെക്രട്ടറി ആന്റോ ജോസഫിനും എഴുതിയ കത്തില്‍ പറയുന്നു. പ്രതിഫലം കുറയ്ക്കാന്‍ താരങ്ങള്‍ തീരുമാനിച്ചു എന്ന രീതിയിലാണ് ഇത് പ്രചരിച്ചത്. ഇതിനെ തുടര്‍ന്നാണ് കെ.ബി ഗണേഷ് കുമാറിന്റെ പ്രതികരണം. അതേസമയം പ്രതിഫലം സംബന്ധിച്ച് അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കാന്‍ സംഘടനയെന്ന നിലയില്‍ അമ്മയ്ക്കു കഴിയില്ലെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. പ്രതിഫലം വാങ്ങുന്നത് വ്യക്തിപരമായ കാര്യമാണ്. അതില്‍ ഇടപെടാന്‍ അമ്മയ്ക്ക് കഴിയില്ല. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ച് നിര്‍മാതാക്കളുമായി സഹകരിക്കണമെന്ന് അഭ്യര്‍ഥിച്ച് അംഗങ്ങള്‍ക്ക് കത്തു നല്‍കിയിട്ടുണ്ടെന്നായിരുന്നു ഗണേഷിന്റെ പ്രതികരണം.
Post Your Comments