Latest NewsKeralaNews

കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു ; കോഴിക്കോട്ട് ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

കോഴിക്കോട് : കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച്ചകളിൽ സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചു. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ എല്ലാ ഞായറാഴ്ചകളിലും ജില്ലയിൽ സമ്പൂര്‍ണ്ണ അടച്ചുപൂട്ടൽ നടപ്പിലാക്കുമെന്നും ജില്ലാ കളക്ടര്‍ സാംബശിവ ഉത്തരവിട്ടു. അതോടൊപ്പം കൊയിലാണ്ടി, ചോമ്പാൽ ഹാർബറുകളുടെ പ്രവർത്തനവും ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ നിരോധിച്ചു.

കഴിഞ്ഞ ദിവസം 53 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തൂണേരിയില്‍ 43 പേരുടെ ഫലം കൂടി പോസിറ്റീവായി. 16 പേര്‍ക്ക് വടകരയിലും രോഗമുണ്ടായി. ഇതോടെ ഇന്ന് മാത്രം 59 പേര്‍ക്കാണ് ജില്ലയില്‍ രോഗബാധയുണ്ടായിട്ടുള്ളത്. ഞായറാഴ്ചകളില്‍ അവശ്യവസ്തുക്കളുടെ കടകളും മെഡിക്കല്‍ ഷോപ്പുകളും മാത്രമേ തുറക്കാന്‍ പാടുള്ളൂ. വൈദ്യസഹായത്തിനും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കുമല്ലാതെ പൊതുജനങ്ങള്‍ യാത്ര ചെയ്യാന്‍ പാടില്ല.

മരണാനന്തര ചടങ്ങില്‍ 20 പേരിലധികം പേരും വിവാഹവും അതിനോട് അനുബന്ധിച്ച ചടങ്ങുകളില്‍ 50-ല്‍ കൂടുതലും ആളുകള്‍ പങ്കെടുക്കരുതെന്നും കളക്ടര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച തൂണേരി പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച രണ്ടുപേരില്‍ നിന്നാണ് തൂണേരിയില്‍ ഇത്രയേറെ പേര്‍ക്ക് കോവിഡ് പകര്‍ന്നത്. കൂടാതെ വടകര നഗരസഭ, കോഴിക്കോട് കോര്‍പ്പറേഷനിലെ അരീക്കാട്, മുഖദാര്‍, പന്നിയങ്കര വാര്‍ഡുകള്‍, പേരാമ്പ്ര പഞ്ചായത്തിലെ മൂന്നുവാര്‍ഡുകള്‍ എന്നിവ കണ്ടെയ്ന്‍മെന്റ് സോണുകളായും പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button