തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ കുടുങ്ങുമെന്നു സൂചന. ഇന്നലെ വൈകുന്നേരം ആരംഭിച്ച ചോദ്യം ചെയ്യല്‍ മണിക്കൂറുകള്‍ പിന്നിട്ട് ഇന്നു പുലര്‍ച്ചെയും കസ്‌റ്റംസ് തുടർന്നു . മൊഴികളില്‍ വൈരുധ്യമുള്ളതിനാല്‍ ഇന്ന് അറസ്‌റ്റ് ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.
അറസ്‌റ്റ് ചെയ്‌താല്‍, രാജ്യാന്തര സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് സംരക്ഷണം നല്‍കിയെന്നും ഇതിനായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്നും ചൂണ്ടിക്കാട്ടി ശിവശങ്കറിനുമേല്‍ യു.എ.പി.എ ചുമത്തിയേക്കും. ചോദ്യം ചെയ്യല്‍ തുടരുന്നതിനാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ശിവശങ്കറും പ്രതികളും ശിവശങ്കര്‍ താമസിക്കുന്ന ഫ്‌ളാറ്റിന് നേരേ എതിര്‍വശത്തുള്ള നക്ഷത്ര ഹോട്ടലില്‍ വച്ച് ഗൂഢാലോചന നടത്തിയെന്നാണ് കേസ്.സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ ഇനിയും ചോദ്യം ചെയ്യുമോയെന്നു വ്യക്തമല്ല.
പുലര്‍ച്ചെ രണ്ടേ കാലോടെ സെക്രട്ടേറിയറ്റിന് സമീപത്തെ കസ്റ്റംസ് ഓഫീസില്‍ നിന്നും ആദ്യം പുറത്തേക്ക് വന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയാറായിരുന്നില്ല. തൊട്ടു പിന്നാലെ മറ്റൊരു വാഹനത്തിലാണ് ശിവശങ്കര്‍ പുറത്തേക്ക് വന്നത്.ഈ വാഹനത്തെ മാധ്യമപ്രവര്‍ത്തരും പിന്തുടര്‍ന്നു. പൂജപ്പുരയിലെ വീടിന് മുന്നില്‍ വാഹനത്തില്‍ നിന്നും ഇറങ്ങുമ്പോഴും മാധ്യമങ്ങളോട് സംസാരിക്കാന്‍ ശിവശങ്കറും തയാറായില്ല. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സെക്രട്ടേറിയറ്റിന് സമീപമുള്ള കസ്റ്റംസ് ഓഫീസില്‍ ശിവശങ്കര്‍ ചോദ്യം ചെയ്യലിന് ഹാജരായത്.
എന്‍.ഐ.എ, ഐ.എസ് ബന്ധം സംശയിക്കുന്ന കേസാണിത്. അതേസമയം കേസിലെ പ്രധാന പ്രതികളിലൊരാളായ സന്ദീപീന്റെ നെടുമങ്ങാട്ടെ വീട്ടില്‍ നടത്തിയ റെയ്‌ഡില്‍ രണ്ടു മൊബൈല്‍ഫോണുകള്‍ കണ്ടെടുത്തതായും വിവരമുണ്ട്. ഒളിവില്‍ പോകും മുമ്പ് സന്ദീപ് ഭാര്യയെ ഏല്‍പ്പിച്ചതാണ് ഈ ഫോണുകളെന്നാണ് സൂചന.
Post Your Comments