ഓർമകളുടെ നിലയ്ക്കാത്ത ഘോഷയാത്രയാണ് എംടിയുടെ രചനകളെ വായനക്കാർക്ക് പ്രിയതരമാക്കുന്നത്. സാമൂഹികവിമർശനത്തിന്റെയോ സോദ്ദേശ്യസാഹിത്യത്തിന്റെയോ മേഖലകളിലേക്ക് തന്റെ രചനകളെ ബോധപൂർവം തുറന്നുവിടാൻഅദ്ദേഹം തയ്യാറായിരുന്നില്ല.ഏകാകിയുടെ വിഷാദങ്ങൾക്കു മുകളിൽ അദ്ദേഹം തന്റെ ശിൽപ്പഗോപുങ്ങൾ തീർത്തു.
1933 ജൂലൈ 15 ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരിൽ ജനിച്ചു. അച്ഛൻ ശ്രീ പുന്നയൂർക്കുളം ടി.നാരായണൻ നായരും അമ്മ ശ്രീമതി അമ്മാളു അമ്മയും.നാലാൺമക്കളിൽ ഏറ്റവും ഇളയ ആളായിരുന്നു എം.ടി. തന്റെ ആത്മകഥാംശമുള്ള കൃതികളിൽ വ്യക്തമാക്കിയിരിക്കുന്നതുപോലെ ഇല്ലായ്മകളും വല്ലായ്മകളും നിറഞ്ഞ ഒരു ബാല്യമായിരുന്നു അദ്ദേഹത്തിന്റേത്. മലമക്കാവ് എലിമെന്ററി സ്കൂൾ, കുമരനെല്ലൂർ ഹൈസ്കൂൾ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് 1953ൽ രസതന്ത്രത്തിൽ ബിരുദം നേടി. ബിരുദം പൂർത്തിയാക്കിയ ശേഷം കുറച്ചുകാലം അധ്യാപകനായി ജോലി നോക്കി. തുടർന്ന് 1957ൽ മാതൃഭൂമിയിൽ സബ് എഡിറ്ററായി ജോലിയിൽ പ്രവേശിച്ചു
കാലഘട്ടങ്ങളുടെ സ്പന്ദനങ്ങൾ തിരിച്ചറിയാൻ ചരിത്രപുസ്തകങ്ങൾ മാത്രം വായിച്ചാൽപ്പോരാ.സർഗാത്മക സൃഷ്ടികളുടെ ആന്തരികമായ നീരൊഴുക്കിൽ നീന്തിത്തുടിക്കുന്നത് മുഴുവൻ ചരിത്രമാണ്.എംടിയുടെ കഥകളും നോവലുകളും ഓർമക്കുറിപ്പുകളുമൊക്കെ അത്തരത്തിൽ കാലത്തിന്റെ ചരിത്രങ്ങൾകൂടി ഉൾവഹിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ബാല്യകാലം മുഴുവൻ കഴിഞ്ഞുപോയത് കേരളീയ ജീവിതത്തിന്റെ സവിശേഷമായ ഒരു കാലഘട്ടത്തിലൂടെയായിരുന്നു.
നാലുകെട്ടുകളുടെ കഥാകാരൻ എന്നത് ഒരു കുറ്റപ്പേരായി അദ്ദേഹത്തിനു മുകളിൽ പതിഞ്ഞു കഞ്ഞുകിടക്കുന്നുണ്ട്.നാലുകെട്ട് എന്ന നോവലിന്റെ രചയിതാവ് എന്ന നിലയിൽ മാത്രമല്ല, മറിച്ച് നാലുകെട്ടിന്റെ അന്തരീക്ഷത്തിൽ ജീവിച്ചവരുടെ ഹൃദയവേദനകളും കുടുംബ ബന്ധങ്ങളും ദയാക്രമത്തിന്റെ സങ്കീർണതകളും മിഴിവോടെ അവതരിപ്പിച്ചു എന്നതുകൂടിയാണ് ഈയൊരു വിശേഷണം അദ്ദേഹത്തിനുമുകളിൽമാറാമുദ്രയായി പതിഞ്ഞുപോയത്.
ഒരുതരം ഗൃഹാതുരത്വത്തോടെ തന്റെ ബാല്യത്തിലേക്കും ഗ്രാമത്തിലേക്കും സഞ്ചരിക്കുന്ന പ്രകൃതം എംടി ക്കുണ്ട്.തന്റെ എഴുത്തിന്റെഅസംസ്കൃതവിഭവങ്ങൾ തന്റെ ഗ്രാമത്തിൽത്തന്നെയാണുള്ളതെന്ന് അദ്ദേഹം പറയുന്നു.എനിക്ക് സുപരിചിതമായ ഗ്രാമാണ് എന്റെ ഭൂരിപക്ഷം കൃതികളുടെയും പശ്ചാത്തലം ‘ എന്ന് എം.ടി പറയുന്നു. ‘അതിലൂടെ ഒഴുകിപ്പോകുന്ന പുഴ എന്റെ ജീവതമനിയാണ്.ഗ്രാമം എനിക്കു ശബ്ദങ്ങളും ബിംബങ്ങളും തന്നു.’ എന്ന് എംടി എഴുതുന്നു.
കൂടല്ലൂർ എംടിയുടെ ജന്മഗ്രാമം.നിത്യഹരിതമായ രചനകൾക്ക് ജീവനേകിയ മണ്ണ്.
പോയവർഷത്തിന്റെ അവസാനനാളിൽ ജന്മദേശത്ത് എംടി വീണ്ടുമെത്തി.അന്നദ്ദേഹത്തിനു ലഭിച്ച സ്വീകരണങ്ങളും അദ്ദേഹത്തിന്റെ സംഭാഷണങ്ങളുടെയും പ്രസക്തഭാഗമാണ് ഇനിയെഴുതുന്നത്.കൂരായിക്കൂട്ടമെന്ന(നാലുകെട്ടിലെ കൂരായി അങ്ങാടി)നവമാധ്യമ സംഘമൊരുക്കിയ വരവേൽപ്പിന് നാട്ടുകാരും ബന്ധുജനങ്ങളുമായി കൂട്ടുകൂടി.അവർ മാത്രമല്ല കഥാപാത്രങ്ങളും കഥാകാരനെ തേടിയെത്തി.യൂസഫ് ഹാജിയാണ് ആദ്യമെത്തിയത്.നാലുകെട്ടിലെ യൂസേപ്പിന്റെ പീടിക
യിലെ അതേ യൂസഫ്.കഥാകൃത്തിനെ കഥാപാത്രം ഷാളണിയിച്ച് വരവേറ്റു.അന്നുച്ചയ്ക്ക് ആമിനയെപ്പറ്റി പറയുമ്പോഴാ എന്നെ അറിയുമോ എന്ന് ചോദിച്ച് കുഞ്ഞു വന്നത്.നിങ്ങളെഴുതിയ കുഞ്ഞുവാ ഞാൻ.പ്രളയത്തിൽ തറവാട്ടിലെ മച്ചിനകത്ത് താമസിച്ച് അമ്മ രക്ഷിച്ച കുഞ്ഞുവിന് അന്ന് ഏഴുമാസം പ്രായം.ഇന്നറുപത്തഞ്ചും.പാലത്തുങ്കൽ കുഞ്ഞുവെന്ന കുഞ്ഞുണ്ണി തന്നെ അനശ്വരനാക്കിയ എം ടി യെ കെട്ടിപ്പുണർന്നു.മനുഷ്യരോടുള്ള ഇഷ്ടവും കഥകൾക്കു പിന്നിലെ കഥകളും എം ടി പങ്കുവച്ചു.ഇതാ എംടിയുടെ വാക്കുകൾ.
കൂടല്ലൂരിനോട് ഞാൻ കടപ്പെട്ടിരിക്കുന്നു. അനുഭവങ്ങളാൽ എന്നെ സമ്പന്നനാക്കിയതിന്.എഴുതാൻ അനുഭവങ്ങളും വിഭവങ്ങങ്ങളും നൽകിയതിന്.ഇവിടത്തെ മനുഷ്യർ മാത്രമല്ല പ്രകൃതി,
ഭൂമിശാസ്തപരമായ സവിശേഷതകളൊക്കെ എനിക്കറിയാം.ഇതൊക്ക കഥകളിലും എഴുത്തിലും വരുന്നു.ഇവിടെ പഴയകാലത്തും പുതിയ കാലത്തുമുണ്ടായ സംഭവങ്ങൾ മനസ്സിലേക്ക്
കടന്നുവരുന്നു.അതൊക്കെ എഴുതുന്നു.ആ എഴുത്തിന് എവിടയോ ആരോ ശുഭോദർക്കമായപ്രതികരണങ്ങൾ
തന്നുവെന്നത് വീണ്ടുംവീണ്ടും മുമ്പോട്ട്ചില അടികൾവയ്ക്കാൻ പ്രേരിപ്പിക്കുന്നു.അതിന് ഈ ഗ്രാമത്തോട് വളരെയധികംകടപ്പെട്ടിരിക്കുന്നു.ഈ പുഴയോട്,നാടിനോട്,മനുഷ്യരോട്,ജീവിതത്തോട്,പ്രകൃതിബന്ധങ്ങളോട് കടപ്പാടുണ്ട്.
ഇന്ന് ജീവിച്ചിരിക്കാത്തവരും ഈ നാടും എന്നെ സമ്പന്നനാക്കി.കണ്ടും കേട്ടും ഞാൻ മറ്റുള്ളവരിൽനിന്ന് കൈവശപ്പെടുത്തിയ ഈ ജീവിതാനുഭവങ്ങളാണ്എന്റെ സമ്പത്ത്.അത് വായനക്കാരി
ലെത്തുമ്പോൾ ഞാൻ സന്തുഷ്ടനാണ്.
ഒട്ടും അതിശയോക്തിയില്ലാതെ പറയട്ടെ.ലോകത്തിന്റെ വിവിധഭാഗങ്ങളിൽസഞ്ചരിച്ചിട്ടുണ്ട്.വിദേശ സർവകലാശാലകളിലും പ്രസംഗിച്ചിട്ടുണ്ട്.അതിലേറേഹൃദയവർജകമായ അനുഭവമാണ് കുടല്ലൂർ എനിക്കു തന്നത്.ഞാൻ1947ലാണ് പത്താം ക്ലാസ്പാസ്സായത്.അതുകഴിഞ്ഞു കോളേജിൽ പോയത് ഒരു കൊല്ലം കഴിഞ്ഞു.ഒരുകൊല്ലം വെറുതെയിരുന്നു.അതിനുകാരണം സാമ്പത്തികമാണ്.രണ്ടു ജ്യേഷ്ടന്മാർ കോളേജൽ പഠിക്കുന്നു.ഒരു കുട്ടിയെക്കൂടി കോളേജിലയക്കാനുള്ള സൗകര്യം അച്ഛനുണ്ടായിരുന്നില്ല.അതുപറഞ്ഞില്ലെങ്കിലും പ്രായത്തിന്റെ അഞ്ചാറുമാസം വ്യത്യാസമുള്ളതിനാൽ അഡ്മിഷന് പ്രയാസമുണ്ടായിരുന്നു എന്നാണമ്മ പറഞ്ഞത്.വാസ്തവത്തിൽ അതല്ല കാരണമെന്ന് എനിക്കറിയാം.എനിക്കതിൽ വിഷമവുമില്ല.കൂടെ കളിക്കാൻ കുട്ടികളൊന്നുമില്ല.ഏകാകിയായിരുന്നു ഞാൻ.ഞാൻ സംസാരിച്ചത് പുഴയോടും കുന്നിൻചെരുവിനോടും ഇടവഴികളോടും ഇല്ലിമുളംകാടുകളോടുമായിരുന്നു.അവിടെ നിന്ന് ഉച്യ്ക്കശേഷം മെയിൽവണ്ടികൾ പോകുന്നത് കാണാം.ചുകന്ന ബോക്സ്,മെയിൽ വണ്ടിക്ക് മാത്രമെ ഉള്ളു.കുറ്റിപ്പുറത്തു നിന്ന് വേർതിരിച്ച് അതിന്റെ വിഹിതവുമായി കൂടല്ലൂരിലെ ബ്രാഞ്ച് പോസ്റ്റാഫീസിൽ എത്താൻ നാലരയാകും.അപ്പോഞാനവിടെ എത്തും.എനിക്ക് ലോകത്തിന്റെ ഒരുഭാഗത്തുനിന്നും ആരും എഴുതാനില്ല,ഏകാകിയായി കൂടല്ലൂരിലെ കുന്നിൻചെരുവുകളിൽ അലഞ്ഞു നടക്കുന്ന കുട്ടിക്ക് ആര്കത്തെഴുതാൻ.എന്നാലും പോസ്റ്റാഫീസിന്റെ പുറത്തുനിൽക്കുക ഒരു രസാ.
അമ്മാവനായ വേലായുധേട്ടൻ അധ്യാപകനാണ്.വൈകിട്ട് വന്ന് പോസ്റ്റാഫീസിലിരിക്കും.വിലാസം,പേര്
വിളിക്കും.ആളുകളൊക്കെ കാത്തിരിപ്പുണ്ടാകും.ഇത് കണ്ടുനിൽക്കുക ഇഷ്ടായിരുന്നു.ഈ രംഗം ഞാൻ സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്.അന്ന് പത്രങ്ങളൊന്നും വരില്ല.വായനശാലകളുമില്ല.ഹിന്ദുപത്രം പാറക്കുളങ്ങര അപ്പുണ്ണിമേനോൻ വരുത്തും.ഹിന്ദു മൂന്നുദിവസം കഴിഞ്ഞ് അവിടുത്തെ കാര്യസ്ഥൻ വാങ്ങിപ്പോകുമ്പം പാറക്കുളങ്ങര പടിവാതിൽക്കൽ നിൽക്കും.കാര്യസ്ഥന്റെ അനുവാദത്തോടെ പതുക്കെ റാപ്പർ നീക്കി ഒന്നുനോക്കും.ഹിന്ദു വായിക്കാൻ ഒരു രസം.എന്നാൽ, എന്റെ പേരിൽ ഏതെങ്കിലുമൊന്ന് വരുമോ.എവിടെ? അന്ന് ഞാൻ കുറേശ്ശേ എഴുതാൻ തുടങ്ങിയിരുന്നു.ആരും ഉപദേശിക്കാനൊന്നുമില്ല.എങ്കിലും കണ്ണിൽക്കണ്ടതൊക്കെ എഴുതി അറിയാവുന്ന വിലാസത്തിലൊക്കെ അയക്കുക.അതിനും പ്രയാസം.ഒരു സാധനം ബുക്ക് പോസ്റ്റായി അയക്കാൻ മുക്കാലണവേണം.അതെങ്ങനെ കിട്ടും?എനിക്കങ്ങനെ ഞാനെഴുതിയ സാധനം പത്രമാപ്പീസിലേക്കയക്കാനാണെന്ന് അനേകം പ്രാരാബ്ധങ്ങൾക്കിടയിൽ കഴിയുന്ന അമ്മയോട് പറയാൻ പറ്റുമോ.എനിക്കും കത്തിന് മോഹമുണ്ട്.അപ്പോൾ ആരോ ഒരുപദേശം തന്നു.ചില സ്ഥാപനങ്ങൾക്ക് കത്തെഴുതിയാൽ,പ്ലീസ് സെൻഡ് യുവർ ലേറ്റസ്റ്റ് കാറ്റലോഗ് എന്ന് കാർഡിട്ടാൽ അവർ അവരതയച്ചുതരും എന്ന്.അങ്ങനെ എനിക്ക് സ്ഥിരമായിട്ട് കാറ്റലോഗ് വന്നുതുടങ്ങി.ആർ വാര്യർ സൺസ്,ഉണ്ണിയേട്ടൻ,കുട്ടൻമേനോൻ ജ്യൂവലേഴ്സ്,വാമൻ നായിക് റോൾഡ്ഗോൾഡ മംഗലാ
പുരം.ഒന്നാംതരംകാറ്റലോഗുകൾ.നല്ലചിത്രങ്ങൾ.പേര് വിളിക്കും.എംടി വാസുദേവൻന്ന്.കൈയിൽ തരും.ഇതെന്തിനാന്ന് എനിക്കറിയില്ല.അന്ന് ഓപ്പു(ജ്യേഷ്ടത്തിയമ്മ)ഒന്നും വന്നിട്ടില്ല.അവരുണ്ടെങ്കിൽ ആവർക്കിത് വായിച്ചുനോക്കാനൊക്കെ രസായിരിക്കും.
ഈ പോസ്റ്റാഫീസിൽ വന്ന് പലതരം വികാരങ്ങളോടെ കാത്തിരിക്കുന്നവരുടെ ദുഃഖ – സന്തോഷങ്ങളെ കാണുക,ആ കഥാപാത്രങ്ങളെ കാണുക,തിരിച്ചു പോവുക.ഈ കുന്നിൻചെരുവിലെ ചെടികളോടും പൂക്കളോടും നിശ്ശബ്ദമായി സംസാരിക്കുക.എനിക്ക് ഒരുപാട് കുട്ടുകാരൊന്നമില്ല.പുഴകളോടും ഇല്ലി മുളംകടുകളോടും ഇടവഴികളുടും കുന്നിൻചെരുവുകളോടും ഒക്കെ സംസാരിച്ചുകഴിഞ്ഞാണ് വല്ലതും കുത്തിക്കുറിക്കാനിരിക്കുക.അതിന്റെ പരീക്ഷണത്തിൽ വീണ്ടും ജയിച്ചോ എന്നൊന്നുമറിയില്ല.പത്രാഫീസിൽ അടിച്ചുവരണ്ടേ.എന്നാലും പരീക്ഷണം തുടർന്നു.അക്കാലത്ത് മദിരാശിയിൽ നിന്ന് പരമേശ്വരയ്യർ എന്ന മഹാ സംസ്കൃപണ്ഡിതൻ ഒരു മാസിക പ്രസിദ്ധീകരിച്ചിരുന്നു.അതിന്റെ പരസ്യം കണ്ടു. വിലാസവും ടാഗോറിന്റെ ഒരു കവിത വിവർത്തനം ചെയ്തു.പിന്നെ ഒരു കഥ എഴുതിയുണ്ടാക്കി.ലേഖനവും.അന്ന് എസ് കെ പൊറ്റെക്കാട്ട് നമ്മള ആരാധനാപാത്രമായ വലിയ കഥാകൃത്താണ്.അദ്ദേഹത്തെപ്പോലെ പേരുമാറ്റി വി എം.തെക്കേപ്പാട്ട് എന്ന്.ആ പേരിലാണ് ലേഖനം,കവിതാവിവർത്തനം,ചെറുകഥ എല്ലാമയച്ചത്.കുറെക്കഴിഞ്ഞ് നമ്മുടെ പേരിൽ ഒരു കത്തുവന്നു.നിങ്ങളെപേരിൽ റെയിൽവേസ്റ്റേഷനിൽ ഒരു പാഴ്സലുണ്ട്.കുറ്റിപ്പുറത്ത് ,ചിത്രകേരളത്തിന്റെ ഒരു കോപ്പിയും പരമേശ്വരയ്യരുടെ ഒരു കത്തും.നിങ്ങളുടെ പ്രദേശത്ത് ഈ മാസികയ്ക്ക് പ്രചാരം വർദ്ധിപ്പിക്കണമെന്നായിരുന്നു കത്ത്.മാസിക മറിച്ചുനോക്കിയപ്പോൾ നടുങ്ങിപ്പോയി.അതിലിതാ കഥയും ലേഖനവും കവിതയും.മൂന്ന് വ്യത്യസ്തമായ പേരിൽ.പിന്നെ കുറ്റിപ്പുറത്തന്ന് ഈ ബണ്ടിൽ എത്തിക്കണ്ടേ,ബാലേട്ടൻ വന്നപ്പോൾ പറഞ്ഞു.ആരുടെയക്കയോ കൈയുംകാലുംപിടിച്ച് അതെത്തിച്ചു.കുറെകാലത്തിനുശേഷം പരമേശ്വരയ്യരെ കണ്ടു.അദ്ദേഹത്തോട് പറഞ്ഞു ഞാനൊരു ഹീനകൃത്യം ചെയ്തു.അങ്ങയുടെമാസികയിൽ വ്യത്യസ്ത പേരുകളിൽ മൂന്നു സാധനമയച്ചു.എന്റെ കഷ്ടകാലത്തിന് അത് അച്ചടിച്ചു വന്നു. അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. അതെന്റെ വിഡ്ഢിത്തമാ.ഞാൻ സെലക്ട് ചെയ്തത് ശരിയായില്ല.അതാണ്.ഇതിന്റെയൊക്കെ പശ്ചാത്തലം ഇവിടത്തെ മനുഷ്യരിൽ നിന്നുകിട്ടിയ കാര്യങ്ങൾ. ഗ്രാമത്തിൽനിന്നുള്ള കഥാപാത്രങ്ങളെയൊക്കെയാ ഞാൻ കുറെ ഉപയോഗിച്ചത്.ഒരു ചെറുകഥാക്യാമ്പിൽ ഒരാൾ ചോദിച്ചു.നിങ്ങൾക്ക് കൂടല്ലൂർ ഒരു ഒബ്സഷനാണോ.ഞാൻ പറഞ്ഞു….
അതെ,ഞാൻ ജനിച്ചുവളർന്ന സ്ഥലം.ഞാൻ ശ്വസിച്ച വായുവിന്റെ സ്ഥലം അല്ലാതെ വേറെന്താ ഒബ്സഷനാവുക.ഞാൻ ജനിച്ചുവളർന്ന് അനുഭവിച്ച നാടാണ്,എനിക്കറിയാവുന്ന പ്രദേശം.അറിയാവുന്ന മനുഷ്യരും പ്രകൃതിയും ഞാനനുഭവിച്ച ജീവിതസന്ധ്യകൾ അതെന്റെ മനസ്സിലുണ്ടാവും.അതേപ്പറ്റി കുടുതലെഴുതിയേക്കാം.പഴയ നാലുകെട്ടിലേയും മറ്റും കാര്യങ്ങൾ ഞാനനുഭവിച്ചതല്ല.എന്റെ അമ്മയും മറ്റും പറഞ്ഞ് അവരുടെ കുട്ടിക്കാലത്ത് അനുഭവിച്ചതുംഅറിഞ്ഞതുഅതൊക്കെ നമ്മുടെ എഴുത്തിലൂടെ വരുന്നു.നമ്മളതിനൊരു മുഖംനൽകുന്നു.അതിനാവശ്യമായ വാക്കുകൾ കണ്ടെത്തുന്നു.ഏതുഗ്രാമത്തിനും അതിന്റേതായ വാക്കുകളുടെ ശേഖരമുണ്ട്.മറ്റെവിടെയും ഉപയോഗിക്കാത്തത്.ഇവിടെ മാത്രം പ്രസക്തമായത്.അത്എഴുത്തിൽ പ്രതിഫലിക്കും.എന്റെ നാട്ടിൽ ഞാൻ കണ്ട മനുഷ്യർ,ജീവിതഭാവങ്ങൾ,പ്രകൃതിരൂപങ്ങൾ എല്ലാം എഴുത്തിൽ പ്രത്യക്ഷപ്പെടാം.ലോകോത്തരകഥാകൃത്തൊന്നുമല്ല ഞാൻ. ലോകത്തെ മഹത്തായ കഥകളും സാഹിത്യവും വായിച്ച് ആവേശംകൊണ്ടയാളാ.ഇന്നും ആവേശം കൊള്ളുന്നു.
ഇപ്പോഴത്തെ കുട്ടികൾ ഭാഗ്യവാന്മാരാണ്.ആറുനാഴിക നടന്ന് കുന്നൊക്കെതാണ്ടി കുമാരനല്ലൂർ അക്കിത്തത്തിന്റെ വീട്ടിൽ പോയിട്ടാ പുസ്തകം വായിച്ചിരുന്നത്.അവിടത്തെ ലൈബ്രറിയിലെപുസ്തകങ്ങളെടുക്കും.അടുത്താഴ്ച വായിച്ചിട്ട് തിരിച്ചുകൊടുക്കും.കോളേജിൽ ചേരാൻ ഒരുവർഷംതാമസിച്ചു പോയതിൽ വിഷമമില്ല.ആ വർഷം ഞാൻ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു.പുസ്തകങ്ങൾ കിട്ടാൻ പ്രയാസമായിരുന്നു.കുമാരനല്ലൂർ ഹൈസ്കൂളിലേക്ക് കുറെക്കാലം നടന്നിട്ടാ പോയത്.മലമക്കാവിൽ നിന്ന് വാസുണ്ണി നമ്പ്യാർകൂടെ.മാഷ് നടക്കുമ്പം വഴിയിലുട നീളം കഥപറയും.ലോകപ്രസിങ്ങളായ കഥകൾ.കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ പോലുള്ളവ.രാവിലെയും വൈകിട്ടും പല ദിവസങ്ങളായാണ് കഥപറഞ്ഞുതീരുക.അങ്ങനെ മനസ്സിലീ വായനയുടെ രസം വളരുന്നു.വായനാന്ന് പറയുന്നത് അനുഭവമാ.ഹൈസ്കുളിലും അന്ന് ലൈബ്രറിയൊന്നുമില്ല.സ്പോർട്സ് സാധനം വയ്ക്കുന്ന മുറിയിലൊരു അലമാരയുണ്ട്.അതിൽ കുറച്ച് പുസ്തകങ്ങൾ അതുതന്നെ കുട്ടികൾക്ക് കിട്ടുക കുറവാ.പുസ്തകങ്ങളുടെ മഹാപ്രപഞ്ചം മഹാകവി അക്കിത്തത്തിന്റെ വീട്ടിലാ കണ്ടത്.അവിടുന്നെടുത്താ കുറെ വായിച്ചത്.
ആ വായനയിലൂടെ നമുക്ക് ലോകസാഹിത്യത്തിന്റെ പലഭാഗവും പരിചയപ്പെടാനിടയായി.അതിൽനിന്നൊക്കെയുള്ളആവേശം.അതുപോലെ എഴുതാൻ ശ്രമിച്ചാൽ നമുക്കും
പറ്റും എന്ന തോന്നൽ.നമ്മൾഎഴുതുന്നു.നമ്മൾ കളയുന്നു.ശരിയായിട്ടില്ല.ഉപേക്ഷിക്കുന്നു.വീണ്ടും ശ്രമിക്കുന്നു. അങ്ങനങ്ങനെ ചിലകഥകൾ എഴുതി.കുറച്ച് പുസ്തകങ്ങളും.അത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി..എംടി ക്ക് കഴിഞ്ഞവർഷാവസാനം ജന്മനാട്ടിൽ നൽകിയ വരവേൽപ്പിൽ നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങളാണിത്.നല്ല നല്ല കഥകൾ,നോവലുകൾ,ലേഖനങ്ങൾ,തിരക്കഥകൾ,സിനിമകൾ നൽകിക്കൊണ്ടിരിക്കുന്ന മലയാളിയുടെ സ്വകാര്യ അഹങ്കാരമായ സാഹിത്യ മുത്തച്ഛന് ഇനിയും ഒരുപാട് ജന്മദിനങ്ങൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.
Post Your Comments