കൊച്ചി: കൊട്ടിയൂര്‍ പീഡനക്കേസിലെ പെണ്‍കുട്ടിയെ വിവാഹം കഴിക്കാനും സംരക്ഷിക്കാനും തയ്യാറാണെന്ന് കാണിച്ച് കേസില്‍ ശിക്ഷിക്കപ്പെട്ട മാനന്തവാടി രൂപതാ വൈദികനായിരുന്ന റോബിന്‍ വടക്കുംചേരി ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് റോബിന്‍ വടക്കുംചേരി. വിവാഹ ആവശ്യത്തിനായി രണ്ട് മാസത്തേക്ക് ശിക്ഷയില്‍ ഇളവിനും അനുമതി തേടിയിട്ടുണ്ട്. റോബിനൊപ്പം ജീവിക്കണമെന്ന ആഗ്രഹം പെണ്‍കുട്ടിയും പ്രകടിപ്പിച്ചിരുന്നു.
വിവാഹത്തെ എതിര്‍ക്കുന്നില്ലെന്നും എന്നാല്‍ മുന്‍ വൈദികന്റെ ഉദ്ദേശശുദ്ധിയില്‍ സംശയമുണ്ടെന്നുമാണ് പ്രോസിക്യൂഷന്‍ നിലപാടെടുത്തത്. വൈദികന് വേണമെങ്കില്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമായിരുന്നു. പെണ്‍കുട്ടിയേയോ കുഞ്ഞിനേയോ സംരക്ഷിക്കാന്‍ തയ്യാറായിട്ടില്ലെന്നിരിക്കെ കോടതിയുടെ അനുമതിയോടെ വിവാഹം കഴിക്കുന്നതിന് പിന്നില്‍ ശിക്ഷാ ഇളവ് നേടാനുള്ള നീക്കമടക്കം സംശയിക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ നിലപാടെടുത്തു. റോബിനൊപ്പം ജീവിക്കണമെന്ന ആഗ്രഹം പെണ്‍കുട്ടിയും പ്രകടിപ്പിച്ചിരുന്നു. പൊലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട കോടതി ഈ മാസം 24 ന് കേസ് വീണ്ടും പരിഗണിക്കും. നിലവില്‍ റോബിന് 50 വയസ്സിനു മുകളില്‍ പ്രായമുണ്ട്. പെണ്‍കുട്ടിക്ക് 20 വയസ് എത്തിയെന്നാണ് സൂചന.
2016ലാണ് പതിനാറുകാരിയെ റോബിന്‍ പീഡിപ്പിച്ചത്. മാനന്തവാടി രൂപത വൈദികനായിരുന്ന റോബിന്‍, കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റിയന്‍ പള്ളിയില്‍ വികാരിയായിരിക്കെ കമ്പ്യൂട്ടര്‍ പഠിക്കാന്‍ എത്തിയ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പള്ളിമുറിയില്‍ എത്തിച്ച് നിരന്തരം പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി പ്രസവിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇതോടെ പെണ്‍കുട്ടിയുടെ പിതാവിന്റെ തലയില്‍ ഗര്‍ഭം കെട്ടിവയ്ക്കാനും ശ്രമം നടത്തി. പ്രായം തിരുത്താനും ശ്രമം നടത്തിയിരുന്നു. തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോക്സോ കുറ്റം ചുമത്തിയാണ് കോടതി റോബിനെ ശിക്ഷിച്ചത്.
2019 ഫെബ്രുവരിയിലാണ് തലശേരി പോക്‌സോ കോടതി റോബിനെ 20 വര്‍ഷം കഠിന തടവിനും മൂന്നു ലക്ഷം രൂപയും ശിക്ഷിച്ചത്. മൂന്നു വകുപ്പുകളിലായി 20 വര്‍ഷം വീതം 60 വര്‍ഷം തടവുശിക്ഷ വിധിച്ചെങ്കിലും ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
Post Your Comments