KeralaLatest NewsNews

മുഖ്യമന്ത്രി കെ.ടി ജലീലിനെ സംരക്ഷിക്കുന്നു: ജലീലിൻ്റെ വിശദീകരണം വിശ്വാസയോഗ്യമല്ലെന്ന് കെ.സുരേന്ദ്രൻ

കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി മന്ത്രി കെ.ടി ജലീലിനെ സംരക്ഷിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വപ്നയുമായുള്ള ബന്ധത്തെക്കുറിച്ച് കെ.ടി ജലീൽ നൽകുന്ന വിശദീകരണം വസ്തുതാപരമല്ലെന്നും കോഴിക്കോട്ട് നടന്ന വാർത്താസമ്മേളനത്തിൽ കെ.സുരേന്ദ്രൻ ആരോപിച്ചു. ജലീൽ സ്വപ്നയ്ക്ക് ഭക്ഷ്യധാന്യ കിറ്റാണോ സ്വർണക്കിറ്റാണോ കൈമാറിയത് എന്നതിൽ സംശയമുണ്ട്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സരിത്തിനെ എന്തിന് വിളിക്കണം? പ്രൈവറ്റ് സെക്രട്ടറിയുടെ ഫോണി മന്ത്രി സംസാരിക്കുന്നില്ല എന്നതിന് എന്താണുറപ്പ്? ഇതിനു മുൻപും ജലീൽ സ്വപ്നയെ വിളിച്ചതിന് തെളിവ് വരുന്നുണ്ട്. ആരെയാണ് ജലീൽ കബളിപ്പിക്കുന്നത്? ലോക്ക് ഡൗൺ കാലത്താണ് ഏറ്റവുമധികം കിറ്റുകൾ കൊടുത്തതെന്നിരിക്കെ ഈ വർഷം റംസാൻ കിറ്റുകൾ വിതരണം ചെയ്യാനായില്ലെന്നാണ് ജലീൽ പറയുന്നത്. റംസാൻ മാസത്തെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്ന ജലീൽ ശരിയായ വിശ്വാസിയാണോയെന്ന കാര്യത്തിൽ സംശയമുണ്ട്. ജലീലിൻ്റെ വാർത്ത സമ്മേളനത്തിൽ ആകെമൊത്തം നാടകീയതയും ആശയക്കുഴപ്പവുമാണുള്ളത്. മന്ത്രിയുടെ ഓഫീസിൽ സ്വർണക്കടത്തുകാർ എങ്ങനെ എത്തി എന്നത് അന്വേഷിക്കണം. മുൻപ് തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചയാളാണ് ജലീലെന്നും സുരേന്ദ്രൻ പറഞ്ഞു. എൻ.ഐ.എ പറഞ്ഞത് കൂടി കൂട്ടി വായിക്കുമ്പോൾ മുഖ്യമന്ത്രി മൗനം പാലിക്കുന്നതെന്തിനാണെന്ന് വ്യക്തമാകുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

Read also: ആഗസ്റ്റ്‌ മാസം അവസാനത്തോടെ സംസ്ഥാനത്തെ ഓരോ ജില്ലയിലും 5000 ലേറെ കോവിഡ് രോഗികള്‍; സ്ഥിതി സങ്കീര്‍ണമാകും – മന്ത്രിസഭാ യോഗ വിലയിരുത്തല്‍

കഴിഞ്ഞ 2 മാസത്തെ ഫോൺ കോൾ റെക്കോഡ് പുറത്ത് വിടാൻ ജലീലിന് ധൈര്യമുണ്ടോ? ഐ.എ.എസ് ഉദ്യോഗസ്ഥനെ 9 മണിക്കൂറിലധികം ചോദ്യം ചെയ്യുന്നത് കേരള ചരിത്രത്തിലാദ്യമായാണ്. സ്വർണക്കടത്ത് സംഘത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിളിച്ച് ഫ്ലാറ്റ് ബുക്ക് ചെയ്ത് കൊടുക്കുന്നതിൽ വരെ കാര്യങ്ങളെത്തി. ഇതെല്ലാം അസാധ്യമായ സാഹചര്യമാണ്. എല്ലാ പ്രതികളുമായി ശിവശങ്കറിന് ബന്ധമുണ്ട്. സാധാരണ സൗഹൃദമല്ല ഇത്. മുഖ്യമന്ത്രി പ്രഖ്യാപിച്ച ചീഫ് സെക്രട്ടറി തലത്തിലെ അന്വേഷണം പ്രഹസനമാണ്. മുഖ്യമന്ത്രി രാജിവച്ച് അന്വേഷണത്തെ നേരിടണം. സ്വർണക്കടത്തുമായി ബന്ധപ്പെട്ടവരിൽ ഒന്നിലധികം മന്ത്രിമാരും നേതാക്കളും ഉൾപ്പെടും. സ്വപ്നയുമായി ബന്ധമുള്ള മന്ത്രിമാരും നേതാക്കളും വേറെയുമുണ്ടെന്നും സുരേന്ദ്രൻ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി പി.രഘുനാഥ്, ടി.ബാലസോമൻ എന്നിവർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button