KeralaLatest NewsNews

സ്വര്‍ണ്ണക്കളക്കടത്ത്: കൂടുതല്‍ മന്ത്രിമാരും ഉന്നതരും കുടുങ്ങും-കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ പിണറായി സര്‍ക്കാര്‍ കൂടുതല്‍ കുരുക്കിലാകുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേസില്‍ ഇപ്പോള്‍ പിടിയിലായ സ്വപ്‌നസുരേഷും സരിത്തും മന്ത്രി കെ.ടി.ജലീല്‍ ഉള്‍പ്പടെയുള്ളവരെ വിളിച്ചതിന്റെ ഫോണ്‍ രേഖകള്‍ പുറത്തുവന്നതോടെ സ്വര്‍ണ്ണക്കള്ളക്കടത്ത് സംബന്ധിച്ച് താന്‍ ഉന്നയിച്ച വിവരങ്ങളെല്ലാം ശരിയായെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഭരണതലത്തില്‍ സ്വാധീനമുള്ള പലര്‍ക്കും ഈ കേസുമായി അടുത്ത ബന്ധമുണ്ട്.

സ്വര്‍ണ്ണക്കടത്തുകാരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തപ്പോള്‍ ആദ്യം വിളിയെത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്നതും ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ മുഖ്യസൂത്രധാര സ്വപ്‌നസുരേഷിന്റെ പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണെന്നതും ഫോണ്‍ വിളികളുടെ വിവരങ്ങള്‍ പുറത്തുവന്നതോടെ വ്യക്തമായിരിക്കുന്നു. സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവരുടെ സ്വകാര്യ ഫോണില്‍നിന്നു വിളിച്ചതിന്റെ വിവരങ്ങളാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മന്ത്രി ജലീല്‍, മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കര്‍, ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി തുടങ്ങിയവരെ ഏപ്രില്‍ മുതല്‍ ജൂലൈ വരെ വിളിച്ചതിന്റെ വിവരങ്ങളാണ് പുറത്തു വന്നത്. ഇവര്‍ക്ക് കേസിലുള്ള പങ്ക് ഇപ്പോള്‍ കൂടുതല്‍ വ്യക്തമായി.

ജൂണില്‍ മാത്രം 10 തവണയാണ് മന്ത്രി ജലീല്‍ സ്വപ്‌നയുമായി ഫോണില്‍ സംസാരിച്ചത്. കൂടാതെ എസ്എംഎസ്സുകളുമുണ്ട്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ കേസിലെ പ്രധാന പ്രതി സരിത്തിനെ പലതവണ വിളിച്ചു. സരിത്തിനും സ്വപ്നയ്ക്കുമെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള അടുത്ത ബന്ധം എന്താണെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. കള്ളക്കടത്തിന് എല്ലാ സഹായങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇവര്‍ക്ക് ലഭിച്ചിരുന്നു എന്നു വേണം മനസ്സിലാക്കാന്‍.

കാര്യങ്ങള്‍ ഇത്രത്തോളം വ്യക്തമായിട്ടും തന്റെ ഓഫീസിനെ കുറിച്ച് യാതൊരു അന്വേഷണവും വേണ്ടെന്ന് പറയുന്ന മുഖ്യമന്ത്രി അന്വേഷണത്തെ ഭയക്കുകയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഇനിയെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറി നിന്ന് അന്വേഷണത്തെ നേരിടാന്‍ പിണറായി തയ്യാറാകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button