Latest NewsNewsInternational

ഛബഹർ റെയിൽപ്പാത നിർമാണത്തിൽ നിന്നും ഇന്ത്യയെ ഒഴിവാക്കി ഇറാൻ

ടെഹ്റാൻ : നാലു വർഷം മുൻപ് കരാർ ഒപ്പിട്ടെങ്കിലും പണം അനുവദിക്കുന്നത്തിൽ കാലതാമസം ഉണ്ടായതിനാൽ ഛബഹർ തുറമുഖത്തുനിന്ന് സാഹെഡാനിലേക്കുള്ള റെയിൽപ്പാതയുടെ നിർമാണത്തിൽ ഇന്ത്യയെ ഒഴിവാക്കി ഇറാൻ. 2022 മാർച്ചിൽ പദ്ധതി പൂർത്തിയാകും. ഇന്ത്യയുടെ സഹായമില്ലാതെ പദ്ധതി പൂർത്തീകരിക്കാൻ ഇറാനിയൻ നാഷനൽ ഡെവലപ്‌മെന്റ് ഫണ്ടിൽനിന്ന് 400 മില്യൺ യുഎസ് ഡോളർ ഉപയോഗിക്കുമെന്നും ഇറാൻ ഭരണകൂടത്തെ ഉദ്ധരിച്ച് ദേശീയമാധ്യമമായ ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.

അതേസമയം, ഇന്ത്യയെ പിന്തള്ളി ചൈനയുടെ കൈപിടിക്കാനുള്ള ഇറാന്റെ ശ്രമമായിട്ടാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. 25 വർഷത്തെ സാമ്പത്തിക, സുരക്ഷാ പങ്കാളിത്തമാണ് ചൈന ഇറാന് വാഗ്ദാനം ചെയ്തത്. 400 ബില്യൺ യുഎസ് ഡോളർ വരുന്ന ഈ വാഗ്ദാനത്തോട് കണ്ണടയ്ക്കാൻ ഇറാൻ നേതൃത്വത്തിനു കഴിയില്ല. ഈ കരാർ യാഥാർഥ്യത്തിലെത്തുന്നതിനു മുന്നോടിയായാണ് ഇന്ത്യയെ ഒഴിവാക്കാൻ ഇറാൻ നീക്കം നടത്തുന്നത്. കരാറിലൂടെ ബാങ്കിങ്, ടെലികമ്യൂണിക്കേഷൻസ്, തുറമുഖങ്ങൾ, റെയിൽവേ തുടങ്ങി നിരവധി പദ്ധതികളിലും ചൈനീസ് സാന്നിധ്യമുണ്ടാകും.

പകരമായി ചൈനയ്ക്കു ലഭിക്കുക ഇറാനിൽനിന്നുള്ള എണ്ണയാണ്. അടുത്ത 25 വർഷത്തേക്ക് ചൈനയ്ക്ക് എണ്ണയുടെ കാര്യത്തിൽ ആരെയും ഭയപ്പെടേണ്ടി വരില്ല. മാത്രമല്ല, മേഖലയിൽ കാലുറപ്പിച്ചു നിൽക്കാൻ ചൈനയ്ക്ക് ആവശ്യമായ സൈനിക സഹകരണം ഉൾപ്പെടെയുള്ള ധാരണകളാണ് 18 പേജ് കരാറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. യുഎസിന്റെ ഉപരോധം നിൽക്കുന്നതിനാൽ ഇറാന്റെ എണ്ണവിൽപ്പനയിൽ വലിയ ഇടിവു സംഭവിച്ചിരുന്നു. ഇതു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും താളംതെറ്റിച്ചു. ഈ അവസ്ഥയിലാണ് രക്ഷകരായി ചൈന ഇറാനു മുന്നിൽ അവതരിച്ചത്.

അതേസമയം, ചൈനയുമായുള്ള ഇറാന്റെ ഈ കരാർ മേഖലയിലെ ഇന്ത്യയുടെ നീക്കങ്ങൾക്കു തിരിച്ചടിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ടെഹ്റാൻ സന്ദർശിച്ച് റെയിൽപ്പാതയുടെ കരാർ യാഥാർഥ്യമാക്കിയത് 2016ലാണ്. ഇതിനു പിന്നാലെ ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയും അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഘാനിയുമായി ചേർന്ന് ഛബഹാർ തുറമുഖ കരാറും അന്ന് ഒപ്പിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button