ദുബായ് : സ്വര്‍ണക്കടത്തു കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെതിരെ യുഎഇയിലും നിയമ നടപടികള്‍ക്കു സാധ്യത. ഞായറാഴ്ച ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് ‘അതു ഞാനല്ല’ എന്നു പറഞ്ഞ ഇയാള്‍ തുടര്‍ന്നുള്ള 2 ദിവസവും മാധ്യമങ്ങളില്‍ നിന്ന് ഒഴിഞ്ഞുനിന്നു. എന്നാല്‍, അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയതായി അറിയുന്നു.
അധികൃതരെ കബളിപ്പിച്ചു നയതന്ത്ര ബാഗേജില്‍ സ്വര്‍ണം ഒളിപ്പിക്കുന്നത് ഗുരുതരമായ 3 വകുപ്പുകള്‍ ചുമത്താവുന്ന കുറ്റമാണ്. രാജ്യസുരക്ഷ അപകടത്തിലാക്കല്‍, രാജ്യാന്തര ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കല്‍ എന്നിവ യുഎഇയിലെ പരമോന്നത കോടതി (അബുദാബി ഫെഡറല്‍ കോര്‍ട്) ആണു പരിഗണിക്കുക. തെറ്റായ വിവരം നല്‍കുന്നത് കസ്റ്റംസ് നിയമമനുസരിച്ച് 5 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ്.
ഫൈസല്‍ ഫരീദിന് പങ്കാളിത്തമുള്ള ദുബായ് ഖിസൈസിലെ ഗോ ജിം ഇന്നലെയും പ്രവര്‍ത്തിച്ചെങ്കിലും ഇന്നു മുതല്‍ തുറക്കില്ലെന്ന് ഇടപാടുകാരെ അറിയിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണിക്ക് അടച്ചിടുമെന്നാണ് അറിയിപ്പ്. ഇയാളുടെ ഉടമസ്ഥതയിലുള്ള ‘ഫൈവ് സി’ എന്ന കാര്‍ വര്‍ക് ഷോപ്പ് അടഞ്ഞു കിടക്കുകയാണ്.
വാടക കുടിശിക സംബന്ധിച്ച തര്‍ക്കത്തില്‍ ഫൈസലും കെട്ടിട ഉടമയും തമ്മില്‍ കേസ് നടക്കുന്നുണ്ട്. ജിമ്മുകളിലേക്ക് ഉപകരണങ്ങള്‍ ലഭ്യമാക്കുന്ന ബിസിനസും ഫൈസലിനുണ്ട്. അതേസമയം, ഫൈസിലിനെ കണ്ടെത്തുന്നതു സംബന്ധിച്ച് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന് ഇന്നലെ വൈകിട്ടു വരെ എന്‍ഐഎയില്‍ നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.
Post Your Comments