ന്യൂഡല്‍ഹി: അസമിലെ ഗൊഹ്പുര്‍ നുമലിഗഡ് പട്ടണങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാനായി ബ്രഹ്‌മപുത്ര നദിക്കടിയിലൂടെ ടണല്‍ റോഡ് നിര്‍മിക്കാന്‍ അനുമതി നൽകി കേന്ദ്രസർക്കാർ. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന് തൊട്ടുപിന്നാലെയാണ് ഇത്തരമൊരു സുപ്രധാന തീരുമാനം കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ആദ്യമായാണ് ഇന്ത്യ ഒരു നദിക്കടിയിലൂടെ തുരങ്കം നിര്‍മിക്കുന്നത്. അസം-അരുണാചല്‍ പ്രദേശ് എന്നിവയെ തമ്മില്‍ ബന്ധിപ്പിക്കാന്‍ ഈ തുരങ്കത്തിന് കഴിയും.
14.85 കിലോമീറ്റര്‍ നീളമുളള തുരങ്ക നിര്‍മാണം ഡിസംബറില്‍ ആരംഭിക്കുമെന്ന് നാഷണല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. മൂന്നുഘട്ടങ്ങളായിട്ടായിരിക്കും തുരങ്കത്തിന്റെ നിര്‍മാണം നടക്കുക. ശത്രുസൈന്യം പാലങ്ങള്‍ ലക്ഷ്യമിട്ടേക്കാമെന്ന കാരണം ചൂണ്ടിക്കാട്ടി ഇംഗ്ലീഷ് ചാനലിലേതിന് സമാനമായി ബ്രഹ്മപുത്ര നദിക്കടിയിലൂടെ ഒരു തുരങ്കം നിര്‍മിക്കണമെന്ന് സൈന്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സൈനിക സാമഗ്രികള്‍, യുദ്ധോപകരണങ്ങള്‍ മുതലയാലവ എത്തിക്കുന്നതിന് ടണല്‍ റോഡ് വളരെയധികം പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്.
Post Your Comments