
കന്യാകുമാരി : കേരളത്തില്‍ ആശങ്ക ഉയര്‍ത്തി തമിഴ്‌നാടിന്റെ അതിര്‍ത്തി ജില്ലകളില്‍ രോഗവ്യാപനം . ഒന്‍പത് അതിര്‍ത്തി ജില്ലകളില്‍ മാത്രം 5700 ലേറെപ്പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്.
കന്യാകുമാരി, തിരുനെല്‍വേലി, തെങ്കാശി, വിരുതനഗര്‍, തേനി, ദിണ്ടിഗല്‍, തിരുപ്പൂര്‍, കോയമ്പത്തൂര്‍, നീലഗിരി എന്നീ ജില്ലകളുമായാണ് കേരളം അതിര്‍ത്തി പങ്കിടുന്നത്. ചൊവ്വാഴ്ച രാവിലെ വരെയുള്ള ഏകദേശ കണക്കുകള്‍ പ്രകാരം ഈ ജില്ലകളില്‍ മാത്രം ഇതിനകം 72 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. (വിശദമായ കണക്ക് ഇതോടൊപ്പമുള്ള പട്ടികയില്‍). ഈ ഒന്‍പതു ജില്ലകളിലെ കോവിഡ് രോഗബാധിതരുടെ എണ്ണം നിലവില്‍ 5,714 ആണ്.
കേരളത്തിന്റെ അതിര്‍ത്തി ജില്ലയല്ലെങ്കിലും തൊട്ടുതൊട്ടില്ലെന്ന നിലയില്‍ നിലകൊള്ളുന്ന മധുര ജില്ലയിലെ കണക്കുകള്‍ അല്‍പം കൂടി ഉയര്‍ന്നതാണ്. മധുര ജില്ലയില്‍ മാത്രം കോവിഡ് രോഗബാധിതരായ 116 പേരുടെ മരണമാണ് ഇതിനകം രേഖപ്പെടുത്തിയത്. മധുരയില്‍ 3372 കോവിഡ് രോഗികളാണുള്ളത്. ഇവിടെ ഇതുവരെ 6978 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇവരില്‍ 2,590 പേര്‍ക്ക് രോഗം ഭേദമായെന്നതാണ് ആശ്വാസവാര്‍ത്ത.
കേരളത്തിനു ചുറ്റുമുള്ള തമിഴ്‌നാട് ജില്ലകളില്‍ അല്‍പമെങ്കിലും മെച്ചപ്പെട്ട സ്ഥിതിയുള്ളത് നീലഗിരിയില്‍ മാത്രമാണ്. എന്നാല്‍ അവിടെയും നിലവില്‍ 89 രോഗബാധിതരുണ്ട്. കേരളത്തിലെ കോവിഡ് കണക്കുകള്‍ക്കൊപ്പം അതിര്‍ത്തികളില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ട ആവശ്യകത കൂടിയാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.
Post Your Comments