ന്യൂഡൽഹി: ബൈക്കഭ്യാസപ്രകടനം നടത്തരുതെന്ന് താക്കീത് നൽകിയ യുവാവിനെ കൗമാരക്കാർ ചേർന്ന് കുത്തിക്കൊലപ്പെടുത്തി. രഘുബീർ നഗർ സ്വദേശിയായ മനീഷാണ് (25) കൊല്ലപ്പെട്ടത്. ഇയാൾ കാര്‍ ഡ്രൈവറാണ്. സംഭവത്തിൽ പ്രതികളായ മൂന്നു പേര്‍ക്കും പതിനേഴ് വയസാണ് പ്രായം.
സ്ഥിരമായി അമിതവേഗതയിലും ശബ്ദത്തിലും ബൈക്കോടിച്ചിരുന്ന പ്രതിയ്ക്ക് മനീഷ് പലതവണ താക്കീത് നൽകിയതാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവദിവസം താക്കീത് ആവർത്തിച്ചതിനെ തുടർന്ന് പ്രതി മനീഷിനെ ആക്രമിക്കാൻ തീരുമാനിക്കുകയായിരുന്നു. മനീഷ് ഒറ്റയ്ക്കായ സമയം നോക്കി സുഹൃത്തുക്കൾക്കൊപ്പമെത്തിയ പ്രതി മനീഷിനെ പലതവണ കുത്തി. 28 ഓളം കുത്തുകളേറ്റ മനീഷിനെ എത്തിച്ച ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് എത്തിയത്. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ ഇയാൾ മരിച്ചിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചതായി പോലീസ് വ്യക്തമാക്കി.
സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കൊലപാതകത്തെ കുറിച്ച് വിവരം ശേഖരിച്ചതായി പോലീസ് അറിയിച്ചു. മുഖ്യപ്രതി സുഹൃത്തുക്കൾക്കൊപ്പം മനീഷിനെ പലതവണ കുത്തുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. സുഹൃത്തുക്കൾ പ്രതിയെ പിടിച്ചുമാറ്റി കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ഇയാൾ തിരികെയെത്തി വീണ്ടും കുത്തുന്ന ദൃശ്യങ്ങളും ലഭിച്ചതായി പോലീസ് പറഞ്ഞു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പോലീസ് പിടികൂടി. ഖ്യാല പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായി ഡെപ്യൂട്ടി കമ്മിഷണർ അറിയിച്ചു.
Post Your Comments