ന്യൂഡല്‍ഹി : ചൈനയെ ഒതുക്കാന്‍ അണിയറയില്‍ തന്ത്രമൊരുക്കി ഇന്ത്യ . അതിര്‍ത്തിയില്‍ മന:പൂര്‍വ്വം പ്രകോപനം സൃഷ്ടിക്കുന്ന ചൈനയെ പുതിയ സാഹചര്യങ്ങള്‍ മുതലെടുത്തു ഒതുക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യ. വമ്പന്‍ ടെക്നോളജി കമ്പനികളടക്കമുള്ള നിക്ഷേപകരെ ചൈനയില്‍നിന്ന് ഇന്ത്യയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കാനാണു രാജ്യം ഒരുങ്ങുന്നത്. ഇന്ത്യയുടെ എഫ്ഡിഐ നിയമങ്ങളില്‍ വീണ്ടും ഇളവു നല്കി വിദേശ കമ്പനികളെ സ്വീകരിക്കാനാണു നീക്കം. ഖനനം, ബാങ്കിങ്, ക്യാപിറ്റല്‍ മാര്‍ക്കറ്റ് എന്നിവയ്ക്കു പുറമെയായിരിക്കും കൂടുതല്‍ ഇളവുകളെന്നു വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.
ആഗോള തലത്തില്‍ പല കമ്പനികളും ചൈനാ ബന്ധം വിച്ഛേദിച്ച് ഇന്ത്യയിലേയ്ക്ക് വരാനിരിക്കുന്ന സമയമായതിനാല്‍ ഇന്ത്യ അതിനുള്ള അവസരം കാത്തിരിക്കുകയാണ്. അമേരിക്കന്‍ കമ്പനികളടക്കം ചൈനയിലെ ഉത്പാദന കേന്ദ്രങ്ങള്‍ മാറ്റി സ്ഥാപിക്കാനോ അവയ്ക്കു ബ്രാഞ്ചുകള്‍ സ്ഥാപിക്കാനോ ശ്രമിക്കുന്ന അവസരമാണിത്. കോവിഡും യുഎസ്-ചൈന വാണിജ്യ യുദ്ധവും ഉണ്ടാക്കിയ സവിശേഷ സാഹചര്യം അനുകൂലമാക്കാമെന്നാണ് ഇന്ത്യന്‍ ബുദ്ധികേന്ദ്രങ്ങളുടെ കണക്കുകൂട്ടല്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിത്തര്‍ക്കമാണ് ഇപ്പോള്‍ ഇന്ത്യയെ പ്രകോപിപ്പിച്ചിരിക്കുന്നത്.
സ്വദേശ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമം. പുതിയ എഫ്ഡിഐ നിയമങ്ങള്‍ വരുന്ന ആഴ്ചകളില്‍ പ്രഖ്യാപിച്ചേക്കും.
Post Your Comments