ന്യൂഡല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്ര കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ക്ഷേത്ര ഭരണത്തിനായി പ്രത്യേക സമിതി രൂപീകരിക്കണമെന്ന ശുപാര്‍ശ രാജകുടുംബവും സര്‍ക്കാരും കോടതിയില്‍ നല്‍കിയിട്ടുണ്ട്. ബി നിലവറ തുറക്കുന്ന കാര്യത്തിലും കോടതി തീരുമാനം എടുത്തേക്കും. ശ്രീപത്മനാഭസ്വാമി ക്ഷേത്രം രാജാവിന്‍റെ അനന്തരാവകാശിക്ക് കൈമാറാന്‍ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് 2011ല്‍ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതിനെതിരെ രാജകുടുംബം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഇന്ന് വിധി പറയുക.
ക്ഷേത്ര സ്വത്തിലല്ല, ഭരണപരമായ അവകാശം മാത്രമാണ് ഉന്നയിക്കുന്നതെന്ന് രാജകുടുംബം വാദിച്ചു. ഗുരുവായൂര്‍ മാതൃകയില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിനായി ബോര്‍ഡ് രൂപീകരിക്കാന്‍ തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ക്ഷേത്ര ഭരണത്തിനായി അഞ്ചംഗ സമിതി രൂപീകരിക്കണമെന്ന അഭിപ്രായം രാജകുടുംബം മുന്നോട്ടുവെച്ചിരുന്നു. സമിതിയുടെ അദ്ധ്യക്ഷനെ തീരുമാനിക്കാനുള്ള അവകാശം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനായിരിക്കണം.
അതേസമയം എട്ടംഗ ഭരണസമിതി രൂപീകരിക്കണമെന്ന ആവശ്യമാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്.തിരുവിതാംകൂര്‍ രാജകുടുംബത്തിന് ക്ഷേത്രത്തിലുള്ള അവകാശം, ദേവസ്വം ബോര്‍ഡ് രൂപവത്കരിക്കല്‍, സ്വര്‍ണശേഖരമുള്ള ബി നിലവറ തുറക്കല്‍ എന്നീ കാര്യങ്ങളിലും സുപ്രീംകോടതി വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവര്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അന്തിമ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയിരുന്നു.
മുന്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന് ക്ഷേത്ര ഭരണ കാര്യത്തില്‍ അവകാശം ഇല്ലെന്നും ഇതിനായി സര്‍ക്കാര്‍ മുന്‍കൈ എടുത്ത് ട്രസ്റ്റ് രൂപീകരിക്കണമെന്നും 2011ല്‍ കേരള ഹൈക്കോടതി വിധി പറഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്ത് മുന്‍ രാജ കുടുംബാംഗം ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ, ചില ക്ഷേത്ര വിശ്വാസികള്‍ എന്നിവര്‍ നല്‍കിയ അപ്പീലിലാണ് വിധി ഉണ്ടാവുക.
Post Your Comments