കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാൽസംഗ കേസ് ഇന്ന് പരിഗണിക്കും. കേസ് കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് പരിഗണിക്കുന്നത്. ജലന്ധറിലെ ബിഷപ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന പ്രദേശം തീവ്ര മേഖലയിൽ ആയതിനാൽ യാത്ര ചെയ്യാനാകില്ലെന്നായിരുന്നു കോടതിയിൽ ഹാജരാകാതിരിക്കാനുള്ള കാരണമായി ഫ്രാങ്കോ മുളയ്ക്കൽ കഴിഞ്ഞ തവണ ബോധിപ്പിച്ചത്.
അതേസമയം, ബിഷപ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന പ്രദേശം കോവിഡ് തീവ്ര മേഖലയായിരുന്നില്ലെന്ന രേഖകൾ പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ ഹാജരാക്കും. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളക്കൽ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളക്കൽ നൽകിയ റിവിഷൻ ഹര്‍ജി അടുത്തിടെയാണ് ഹൈക്കോടതി തള്ളിയത്. സമാന ആവശ്യമുന്നയിച്ച് നൽകിയ ഹര്‍ജി മാർച്ച് 16 ന് കോട്ടയം അഡീഷനൽ ജില്ല സെഷൻസ് കോടതി തള്ളിയിരുന്നു. ഇതേ തുടർന്നാണ് പുനപരിശോധന ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. സാക്ഷിമൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും കേസിൽ നടപടി തുടരാനുള്ള വസ്തുതകളില്ലെന്നുമായിരുന്നു ഹര്‍ജിക്കാരന്‍റെ വാദം.
പ്രഥമദൃഷ്ട്യാ പീഡന കേസ് നിലനിൽക്കുന്നുണ്ടെന്നും നടപടികൾ വൈകിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നുമായിരുന്നു പ്രോസിക്യുഷൻ വാദം ഉന്നയിച്ചത്. അതേസമയം, ബലാത്സംഗം ഉള്‍പ്പെടെ ആറ് വകുപ്പുകള്‍ ചേർത്താണ് കേസിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 74 പേജുള്ള കുറ്റപത്രത്തില്‍ പത്തുപേരുടെ രഹസ്യമൊഴിയുണ്ട്. 83 പേരുടെ സാക്ഷിമൊഴികളും കുറ്റപത്രത്തിൽ ഉൾപ്പെടുന്നു.
ബലാത്സംഗം കൂടാതെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, അന്യായമായി തടഞ്ഞുവെച്ചു, അധികാര ദുര്‍വിനിയോഗം നടത്തി, ലൈംഗികമായി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തല്‍, മേലധികാരം ഉപയോഗിച്ച് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്തു, ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ച് തുടര്‍ച്ചയായി ബലാത്സംഗം ചെയ്തു എന്നീ വകുപ്പുകളാണ് ചുമത്തിയത്.
2014 മെയ് 5 മുതല്‍ 2016 സെപ്തംബര്‍ 23 വരെയുള്ള കാലയളവാണ് കുറ്റംചെയ്തതായി കുറ്റപത്രത്തില്‍ രേഖപ്പെടടുത്തിയിരിക്കുന്നത്. പതിമൂന്ന് തവണ ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചതായി കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. പീഡന വിവരം പുറത്തുപറഞ്ഞാല്‍ അപായപ്പെടുത്തുമെന്നും ബിഷപ്പ് ഭീഷണിപ്പെടുത്തിയിരുന്നു. ശാസ്ത്രീയ തെളിവും വൈദ്യപരിശോധനയും ബിഷപ്പിന് എതിരാണ്.
വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി തെളിഞ്ഞു. ഫ്രാങ്കോ മുളയ്ക്കല്‍ മാത്രം പ്രതിയായ കേസില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരി ഉള്‍പ്പടെ 83 സാക്ഷികളുടെ മൊഴികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 11 പേര്‍ വൈദികരാണ്. 3 ബിഷപ്പുമാര്‍ 25 കന്യാസ്ത്രീകള്‍ എന്നിവരും സാക്ഷി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രഹസ്യമൊഴിയെടുത്ത മജിസ്‌ട്രേറ്റുമാരും സാക്ഷികളാണ്.
Post Your Comments