എക്കലാത്തേയും മലയാള ക്ലാസ്സ് സിനിമകളിൽ മുന്നിൽ നിൽക്കുന്നതാണ് താരരാജാവ് മോഹൻലാലും സൂപ്പർതാരം സുരേഷ്‌ഗോപിയും ശോഭനയും പ്രധാന വേഷത്തിലെത്തിയ മണിച്ചിത്രത്താഴ് എന്ന ഫാസിൽ സിനിമ.ഇനി മലയാളത്തിൽ മണിച്ചിത്രത്താഴ്’പോലെ ഒരു സിനിമ ഇനി അസാധ്യവുമാണ്.
ലോക സിനിമയിൽ തന്നെ മണിച്ചിത്രത്താഴിന്റെ തിരക്കഥ പ്രഥമ നിരയിൽ തന്നെ നിർത്താവുന്ന ഒന്നാണ്. ആ സിനിമ ഉടലെടുക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചും മണിച്ചിത്രത്താഴ് എന്ന സിനിമയ്ക്ക് സംഗീതം ചെയ്യണമെന്ന് പറഞ്ഞപ്പോൾ എംജി രാധാകൃഷ്ണൻ എന്ന സംഗീത പ്രതിഭ അതിൽ നിന്നും പിന്മാറാൻ തീരുമാനിച്ച നിമിഷത്തെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ് സംവിധായകൻ ഫാസിൽ ഇപ്പോൾ.ഒരു സ്വകാര്യ മാഗസിന് ഫാസിൽ നൽകിയ അഭിമുഖത്തിൽ ആണ് ഫാസിൽ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഫാസിലിന്റെ വാക്കുകൾ ഇങ്ങനെ
ഒരിക്കൽ മധു മുട്ടം എന്നോട് ചോദിച്ചു മാഷേ നമുക്ക് ചാത്തനേറിനെക്കുറിച്ചു ഒരു സിനിമ ചെയ്താലോ. കേട്ടയുടൻ തന്നെ ആ വിഷയത്തോട് ഒരു കൗതുകം തോന്നി. പലതവണ ആ വിഷയത്തിലൂടെ ഞങ്ങൾ സഞ്ചരിച്ചു. അതിലേയ്ക്ക് ഇറങ്ങിച്ചെന്നപ്പോൾ കൂടുതൽ സങ്കീർണ്ണതകൾ തോന്നി.
പലവട്ടം ചെയ്യുന്നില്ല എന്ന് കരുതി മാറ്റിവച്ചു. ദിവസങ്ങളും മാസങ്ങളും കഴിഞ്ഞതിനു ശേഷം വീണ്ടുമെടുത്തു തലോടാൻ തോന്നുന്ന ഒരിഷ്ടം ആ വിഷയത്തോട് തോന്നി. വല്ലാത്ത ഒരു കുഴപ്പത്തിലാണ് ഞങ്ങൾ ഇറങ്ങിച്ചെന്നിരിക്കുന്നതെന്നു മനസിലായത് വളരെ വൈകിയായിരുന്നു. മൂന്നു വർഷം നീണ്ട ചർച്ചകൾക്കും അന്വേഷണങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിലാണ് ഞങ്ങൾ മണിച്ചിത്രത്താഴിന്റെ തിരക്കഥ പൂർത്തിയാക്കിയത്.
മധു മുട്ടത്തിനു അന്ന് സിനിമയുമായി അധിക ബന്ധങ്ങളൊന്നുമില്ലാത്ത കാലമായിരുന്നു. ബന്ധമുണ്ടായിരുന്നങ്കിൽ ചിലപ്പോൾ ഇത്രയും പ്രശ്‌നമുള്ള ഒരു വിഷയത്തെ മധു സമീപിക്കുമായിരുന്നില്ല. മധു പറഞ്ഞ വിഷയത്തിൽ എവിടെയാണ് കുഴപ്പം ഉള്ളതെന്ന് എന്നിലെ സിനിമാക്കാരനു മനസ്സിലാക്കാൻ കഴിയുമായിരുന്നു.
ആ കുഴപ്പത്തെ എങ്ങനെ സോൾവ് ചെയ്യണമെന്നുള്ള ചർച്ചയാണ് മൂന്നു വർഷം നീണ്ടുപോയത്. ഒരേ പോലെ ചിന്തിക്കുന്ന രണ്ടുപേർ തമ്മിലുള്ള കൃത്യമായ കെമിസ്ട്രിയാണ് ഞാനും മധു മുട്ടവും തമ്മിലുണ്ടായിരുന്നത്. സാക്ഷാൽ എംജി രാധാകൃഷ്ണൻ കഥ കേട്ടയുടൻ പറഞ്ഞത് ഞാൻ ഈ സിനിമ ചെയ്യുന്നില്ല എന്നായിരുന്നു.
കേൾക്കുമ്പോൾ തന്നെ തലപെരുക്കുന്ന വട്ടടിപ്പിക്കുന്ന ഈ കഥ നീ എങ്ങനെ സിനിമയായി എടുത്തു ഫലിപ്പിക്കുമെന്നാണ് ചേട്ടൻ എന്നോട് ചോദിച്ചത്. ജനത്തിന്റെ തലമണ്ടയ്ക്ക് താങ്ങാൻ കഴിയാത്ത ഈ സിനിമ എടുത്താൽ ഉറപ്പായും പരാജയപ്പെടും അതുകൊണ്ടു തന്നെ ഞാൻ ഈ സിനിമയിൽ സംഗീതം ചെയ്യില്ലെന്നും ചേട്ടൻ പറഞ്ഞു.
ആ കാലത്ത് അങ്ങനെയൊരു കഥ കേൾക്കുന്നവരെ സംബന്ധിച്ച് അങ്ങനെ തോന്നിയില്ലെങ്കിലെ അത്ഭുതമുള്ളൂ. വളരെ പണിപ്പെട്ടാണ് ഞങ്ങൾ വീണ്ടും ചേട്ടനെ അനുനയിപ്പിച്ചു കൊണ്ടു പാട്ടുകൾ ചിട്ടപ്പെടുത്തിയതെന്നും ഫാസിൽ വ്യക്തമാക്കി.
Post Your Comments