തിരുവനന്തപുരം • സർക്കാരിന്‍റെ ചിഹ്നവും സീലും ഉപയോഗിച്ച് വ്യാജ ഐഡന്‍റിറ്റി കാർഡും വിസിറ്റിംഗ് കാർഡും ഉണ്ടാക്കിയ സ്വപ്നാ സുരേഷിനും സഹായിച്ച എം ശിവശങ്കരനുമെതിരെ ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാചസ്പതി ഡി.ജി.പിക്ക് പരാതി നൽകി. സ്വപ്നയെ ഒന്നാം പ്രതിയും ശിവശങ്കറിനെ രണ്ടാം പ്രതിയുമാക്കിയാണ് പരാതി.
പ്രശസ്തിയ്ക്കും സാമ്പത്തിക ലാഭത്തിനും വേണ്ടി മനപൂര്‍വം സര്‍ക്കാരിന്റെ ചിഹ്നവും സീലും ഉപയോഗിച്ച് വ്യാജ ഐഡന്റിറ്റി കാര്‍ഡ് ഉണ്ടാക്കുകയും ഈ വ്യാജരേഖകള്‍ വ്യക്തി താല്പര്യത്തിനും സാമ്പത്തിക നേട്ടത്തിന് വേണ്ടി ഉപയോഗിക്കുകയും ചെയ്തതായി സന്ദീപ് പരാതിയില്‍ ആരോപിച്ചു. സ്വപ്ന സുരേഷ് ശിവശങ്കറിന്റെ കീഴില്‍ ജോലിയിലിരിക്കെ തന്നെ യു.എ.ഇ കോണ്‍സുലേറ്റ് ജനറലിന്റെ പെഴ്സണല്‍ സെക്രട്ടറി എന്ന പേരില്‍ തെറ്റിദ്ധരിപ്പിച്ചും പല നിയമപരമല്ലാത്ത കാര്യങ്ങളും നേടിയെടുത്തിട്ടുണ്ട്.
ശിവശങ്കറിന്റെ അറിവോടെയാണ് സ്വപ്ന സുരേഷ് ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തിയതെന്നും സര്‍ക്കാരിന്റെ മുദ്രയും സീലും ഒന്നാം പ്രതിയ്ക്ക് ലഭ്യമാക്കുന്നതിനുള്ള ഒത്താശ ചെയ്തുകൊടുത്തത് ശിവശങ്കര്‍ ആണെന്നും സന്ദീപ് ആരോപിച്ചു.
നഗരത്തിലെ ഒരു പ്രിന്റിംഗ് സ്ഥാപനവും വ്യാജരേഖ നിര്‍മ്മാണത്തില്‍ പങ്കാളിയായിട്ടുണ്ട്. പ്രസ്തുത സ്ഥാപനത്തെക്കൂടി പ്രതി ചേര്‍ക്കണം. പ്രസ്തുത കുറ്റകൃത്യത്തില്‍ ഗൂഢാലോചന നടന്നിട്ടോ എന്ന് അന്വേഷിക്കണമെന്നും രണ്ടാംപ്രതി മുഖ്യമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായതിനാല്‍ പ്രസ്തുത ഓഫീസും ഓഫീസ് സാമഗ്രികളും ഗൂഢാലോചന നടത്താനും വ്യാജരേഖ നിര്‍മ്മിക്കാനും ഉപയോഗിച്ചിട്ടുണ്ടോ എന്ന് കൂടി അന്വേഷണ വിധേയമാക്കണമെന്നും സന്ദീപ് പരാതിയില്‍ അഭ്യര്‍ഥിച്ചു.
Post Your Comments