
തൃശൂര്‍: തൃശൂര്‍ അരിമ്പൂരില്‍ കുഴഞ്ഞ് വീണ് മരിച്ച വീട്ടമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ നിരവധി പേര്‍ ക്വാറന്റൈനിലേക്ക്. കുന്നത്തങ്ങാടി സ്വദേശനി വത്സലയാണ് (63) ഈ മാസം 5ന് കുഴഞ്ഞ് വീണ് മരിച്ചത്. ഇവരുടെ ട്രൂനാറ്റ് പരിശോധനാഫലം നേരത്തെ നെഗറ്റീവായിരുന്നെങ്കിലും പോസ്റ്റുമോര്‍ട്ടം നടപടികളുടെ ഭാഗമായി ശേഖരിച്ച സ്രവ സാംപിള്‍ പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇവരെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മുഴുവന്‍ ഡോക്ടര്‍മാരും നിരീക്ഷണത്തില്‍ പോകണമെന്ന് മെഡിക്കല്‍ ബോര്‍ഡ് നിര്‍േശിച്ചു.
ഡോക്ടര്‍മാരടക്കം 10 പേരോട് ജൂലൈ 21 വരെ ക്വാറന്റൈനില്‍ തുടരാനാണ് നിര്‍ദ്ദേശം. അതേസമയം, പോസ്റ്റ്‌മോര്‍ട്ടത്തിന് മുമ്പെടുത്ത സാമ്പിളിന്റെ ഫലം വരും മുമ്പ് സംസ്‌കാര ചടങ്ങുകള്‍ നടന്നതുകൊണ്ട് തന്നെ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെയായിരുന്നു വീട്ടമ്മയുടെ മൃതദേഹം സംസ്‌കരിച്ചത്. അതിനാല്‍ തന്നെ ജൂലൈ 7ന് നടന്ന സംസ്‌കാരം ചടങ്ങില്‍ പങ്കെടുത്തവരും ക്വാറന്റൈനില്‍ പോകണം.
നേരത്തെ വത്സലയുടെ മകള്‍ കോവിഡ് സ്ഥിരീകരിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ഉണ്ടായിരുന്ന ബസ്സില്‍ യാത്ര ചെയ്തിരുന്നു. മകളുടെ നിരീക്ഷണ കാലാവധി ഇന്നാണ് അവസാനിച്ചത്. ഇവര്‍ക്ക് രോഗ ലക്ഷണങ്ങളൊന്നും തന്നെ പ്രകടമായിരുന്നില്ല. എന്നാല്‍ ഇവരില്‍ നിന്നാകാം വത്സലക്ക് രോഗം പിടിപെട്ടതെന്നാണ് നിഗമനം.
Post Your Comments