കൊച്ചി: തലസ്ഥാന നഗരിയിലെ സ്വർണ്ണക്കടത്തിൽ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന് ഭീകര പ്രവർത്തനത്തിൽ പങ്കുണ്ടോയെന്ന് എൻഐഎ അന്വേഷിക്കും. യുഎപിഎ ചുമത്തിയാകും ദേശീയ അന്വേഷണ ഏജൻസി കേസ് രജിസ്റ്റർ ചെയ്യുന്നത്. ഭീകരർക്ക് സഹായം നൽകിയോയെന്നും അന്വേഷിക്കും. ഒളിവിൽ കഴിയുന്ന സ്വപ്ന സുരേഷിനെ കണ്ടെത്താനും എൻഐഎ കസ്റ്റംസിനെ സഹായിക്കും.
എൻഐഎ അന്വേഷണം ഉടൻ ആരംഭിക്കും. കേസിൽ വമ്പൻ സ്രാവുകൾക്ക് പങ്കെന്ന കസ്റ്റംസ് വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് വിട്ടത്. സ്വർണ്ണം ആർക്കുവേണ്ടിയാണ് കൊണ്ടുവന്നത്, ആരാണ് കൊടുത്തു വിട്ടത് എന്നതടക്കമുള്ള കാര്യങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലും എൻഐഎ അന്വേഷിക്കും.
അതേസമയം സ്വപ്ന സുരേഷിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കസ്റ്റംസിന് വേണ്ടി അഡ്വ. കെ. രാംകുമാർ കോടതിയിൽ ഹാജരാകും. ജസ്റ്റിസ് അശോക് മേനോന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുക. കേസിൽ താൻ നിരപരാധിയാണെന്നും കസ്റ്റംസിനോട് ഒന്നും വെളിപ്പെടുത്താനില്ലെന്നുമാണ് സ്വപ്‌നാ സുരേഷ് ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരിക്കുന്നത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്നും സ്വപ്നയെ ചോദ്യം ചെയ്യാതെ കേസ് മുന്നോട്ട് പോകില്ലെന്നും വാദമുയർത്താനാണ് കസ്റ്റംസിന്റെ തീരുമാനം.
Post Your Comments