തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന്റെ നിയമനം വിഷന്‍ ടെക്നോളജി വഴിയാണെന്ന വിശദീകരണവുമായി പിഡബ്ല്യൂസി. വിഷന്‍ ടെക്നോളജിയാണ് സ്വപ്നയെ പിഡബ്ല്യുസിക്ക് കൈമാറിയതെന്നും സ്വപ്നയുടെ പശ്ചാത്തലം പരിശോധിച്ചതും വിഷന്‍ ടെക്നോളജിയാണ് എന്നും പിഡബ്ല്യൂസി വിശദീകരിച്ചു.
സ്വപ്നയുടെ പശ്ചാത്തലം പരിശോധിച്ചതും വിഷന്‍ ടെക്നോളജിയാണ്. ഇതിനായി എച്ച് ആര് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന മറ്റൊരു കമ്പനിയുടെ സഹായം തേടിയെന്നും പിഡബ്ല്യുസി വിശദീകരിച്ചു. വിഷന്‍ ടെക്നോളജിയുമായി 2014 മുതല്‍ ബന്ധമുണ്ടെന്നും മുമ്പ് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും വിഷന്‍ ടെക്നോളജിക്ക് എതിരെ നടപടി തുടങ്ങിയെന്നും പിഡബ്ല്യുസി വ്യക്തമാക്കി.
അതേസമയം തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) എഫ്ഐആര്‍ തയാറാക്കി. മുന്‍ കോണ്‍സുലേറ്റ് ജീവനക്കാരായിരുന്ന സരിത്ത് കുമാറും സ്വപ്ന സുരേഷും ഒന്നും രണ്ടും പ്രതികള്‍. കൊച്ചി സ്വദേശിയായ ഇപ്പോള്‍ വിദേശത്തുള്ള ഫൈസല്‍ ഫരീദാണു മൂന്നാം പ്രതി. ഇയാള്‍ക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്ന് എഫ്ഐആര്‍ പറയുന്നു. സ്വപ്ന സുരേഷിന്റെ ബിനാമിയായി സംശയിക്കപ്പെടുന്ന തിരുവനന്തപുരം സ്വദേശി സന്ദീപ് നായര്‍ നാലാംപ്രതി.
മൂന്നാം പ്രതിയായി ചേര്‍ത്തിട്ടുള്ള കൊച്ചി സ്വദേശി ഫൈസല്‍ ഫരീദിനെ ആദ്യം പ്രതി ചേര്‍ത്തിരുന്നില്ല. എന്നാല്‍ ഇയാള്‍ക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്ന് സരിത് എന്‍ഐഎയ്ക്ക് നല്‍കിയിരിക്കുന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഫെസല്‍ ഫരീദിനെ കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ഇയാളാണ് സ്വര്‍ണം കോണ്‍സുലേറ്റിന്റെ വിലാസത്തില്‍ കാര്‍ഗോയായി അയച്ചതെന്നും സരിത് മൊഴി നല്‍കിയിട്ടുണ്ട്.
യുഎപിഎ നിയമത്തിലെ 16, 17, 18 വകുപ്പുകള്‍ ചുമത്തിയാണ് എന്‍ഐഎ കേസ് റജിസ്റ്റര്‍ ചെയ്തത്. ഭീകരപ്രവര്‍ത്തനത്തിനായി ആളുകളെ ചേര്‍ക്കുക, ഇതിനായി ഫണ്ട് ചിലവഴിക്കുക എന്നീ ഗുരുതരകുറ്റങ്ങള്‍ക്ക് ചുമത്തുന്ന വകുപ്പുകളാണിത്. സ്വര്‍ണക്കടത്തില്‍നിന്നു ലഭിച്ച പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചോ എന്നാണ് എന്‍ഐഎ പരിശോധിക്കുന്നത്.
Post Your Comments