കോഴിക്കോട്: പിണറായി വിജയന്റെ സാമ്പത്തിക സ്രോതസ്സ് സ്വര്‍ണക്കടത്തുകാരും ഹവാല ഇടപാടുകാരുമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ബക്കറ്റ് പിരിവ് നടത്തി പാര്‍ട്ടി വളര്‍ത്തുന്നതിന് പകരം ഹവാല, സ്വര്‍ണ ഇടപാടിലൂടെയാണ് ഇപ്പോള്‍ പാര്‍ട്ടി വളര്‍ത്തുന്നത്. കോഴിക്കോട്ടെ രണ്ട് എം.എല്‍.എമാര്‍ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നും പി.കെ ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കുന്ദമംഗലം, കൊടുവള്ളി സീറ്റുകള്‍ പണം കൊടുത്തു വാങ്ങിയതാണ്.
ഇതിന്റെ പ്രതിഫലമായാണ് സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്ത് കൊടുക്കുകയും അതിലൂടെ പാര്‍ട്ടി ഫണ്ടിലേക്ക് ബക്കറ്റ് പിരിവിന് പകരം പണം എത്തിക്കുകയും ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായത്താല്‍ സ്വര്‍ണം എത്തിച്ച് വിവിധ ഇടപാടിലൂടെ പണമാക്കി മാറ്റുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ അറിവോ സമ്മതമോ ഇല്ലാതെ ഇത്തരമൊരു കാര്യം നടക്കില്ലെന്ന് ഉറപ്പാണ്.
ഹോം സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടേയും അറിവോടെയാണ് സ്വപ്നയെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ തന്നെ വലിയ ശമ്പളത്തില്‍ നിയമിച്ചതെന്നും പി.കെ ഫിറോസ് പറഞ്ഞു. പാര്‍ട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ഒരു യാത്ര നടത്തിയപ്പോള്‍ ഉപയോഗിച്ച മിനി കൂപ്പര്‍ വാഹനം ആരുടേതായിരുന്നു? സ്വര്‍ണക്കടത്തുകാരന്റെ കാറിലായിരുന്നില്ലേ? കോഴിക്കോട്ടെ എം.എല്‍.എയുടെ മരുമകന്‍ ഹവാല കേസില്‍ സൗദി അറേബ്യയില്‍ ജയിലിലാണ്.
ഇതെല്ലാം വെച്ച് നോക്കുമ്പോള്‍ കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയും. അതുകൊണ്ട് അന്വേഷണം സ്വപ്‌നയില്‍ മാത്രം ഒതുങ്ങരുത്. ഈ ഇടപാടുകളെല്ലാം അന്വേഷിക്കണമന്നും ഫിറോസ് പറഞ്ഞു. ഒരു സ്ത്രീ മുമ്പിലൂടെ വന്നാല്‍ കുഴപ്പമില്ല. പിറകിലൂടെ വന്നാല്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് പറഞ്ഞ പിണറായി വിജയന്റെ ധാര്‍മികത എവിടെപ്പോയി.
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പണി സ്വര്‍ണവും ഹവാലയും സ്വപ്‌ന ഇടപാടിലൂടെ എത്തിക്കുകയും പണമാക്കി പാര്‍ട്ടിഫണ്ടിലേക്കു മറ്റും എത്തിക്കുകയുമാണ്. അതിനാണ് സ്വപ്‌നയെ പോലുള്ളവരെ പിന്‍വാതിലിലൂടെ നിയമിക്കുന്നതെന്നും പി.കെ ഫിറോസ് ആരോപിച്ചു.
Post Your Comments