തിരുവനന്തപുരം: സര്‍ക്കാരിനെ പിടിച്ചുലച്ച നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്തില്‍ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനുവേണ്ടി രണ്ടു മന്ത്രിമാരുടെ പേഴ്ണല്‍ സ്റ്റാഫ് അംഗങ്ങളും സെക്രട്ടേറിയറ്റിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 12 പേര്‍ ഇടപെട്ടതായി കസ്റ്റംസിന് വിവരം ലഭിച്ചു. യു.എ.ഇ കോണ്‍സുലേറ്റിന്റെ പേരില്‍ വിമാനത്തിലെത്തിച്ച 30 കിലോ സ്വര്‍ണം അടങ്ങിയ കാര്‍ഗോ വിട്ടുനല്‍കാന്‍ ഇവര്‍ കസ്റ്റംസില്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. സ്വര്‍ണം വിട്ടുനല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തിയ മുഴുവന്‍ പേരെയും വിളിച്ചുവരുത്തുമെന്ന് കസ്റ്റംസ് പറഞ്ഞു.
സ്വപ്നയ്‌ക്കായി ശുപാര്‍ശ ചെയ്തവരുടെ ഫോണ്‍ നമ്ബരുകളും റെക്കാഡ് ചെയ്ത സംഭാഷണവുമടക്കം അന്വേഷണ സംഘം കസ്റ്റംസ് കമ്മിഷണര്‍ സുമിത്കുമാറിന് സമര്‍പ്പിച്ചു. ശുപാര്‍ശക്കാരെയെല്ലാം നോട്ടീസ് നല്‍കി വിളിച്ചുവരുത്തും. അതേസമയം, മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് ആവര്‍ത്തിക്കുന്നു. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിന്റെ പേരു പറഞ്ഞ് തിരുവനന്തപുരത്തെ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് ലാന്‍ഡ് ഫോണില്‍ നിന്ന് വിളിയെത്തിയിരുന്നു.
വിളിച്ച നമ്പര്‍ പരിശോധിച്ചപ്പോള്‍, ആള്‍ത്താമസമില്ലാത്ത ഡോക്ടറുടെ വീട്ടിലേതാണെന്ന് വ്യക്തമായെന്ന് കസ്റ്റംസ് പറയുന്നു.മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ വിളിച്ചതായി കസ്റ്റംസ് സ്ഥിരീകരിക്കുന്നില്ല. എന്നാല്‍, ഒരു അണ്ടര്‍സെക്രട്ടറിയടക്കം സെക്രട്ടേറിയറ്റിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ വിളിച്ചതായി പറയുന്നു. ഇതിലൊരാള്‍ മുഖ്യമന്ത്രിയുടെ വകുപ്പിലുള്ളയാളാണ്.രണ്ട് മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങള്‍, സെക്രട്ടേറിയറ്റിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍, ഡല്‍ഹിയിലെ ഉന്നതപദവിയുള്ള നേതാവ്, ഡല്‍ഹി, മുംബയിലെ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍, മൂന്ന് കസ്റ്റംസ് ക്ലിയറിംഗ് ഏജന്റുമാര്‍, മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിന്റെ പേരില്‍ ഇങ്ങനെയാണ് വിളിച്ചവരുടെ ലിസ്റ്റ്.
സ്വർണക്കടത്ത് കേസ്: സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
ഡല്‍ഹി, മുംബയ് എന്നിവിടങ്ങളില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരും വിവരം തിരക്കി വിളിച്ചു. ഇവരെ നയതന്ത്ര ബാഗേജെന്ന് തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാവാമെന്നാണ് കരുതുന്നത്. തിരുവനന്തപുരത്തെ പ്രധാന കസ്റ്റംസ് ക്ലിയറിംഗ് ഏജന്റടക്കം മൂന്ന് ഏജന്റുമാര്‍ ബാഗ് വിട്ടുനല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തി. തിരുവനന്തപുരത്തെ മുതിര്‍ന്ന ഏജന്റ് നേരിട്ടെത്തിയെന്നും സൂചനയുണ്ട്. ഡല്‍ഹിയില്‍ ഉന്നതപദവിയുള്ള സംസ്ഥാനത്തെ നേതാവും കസ്റ്റംസിനെ വിളിച്ചതായി അറിയുന്നു.യു.എ.ഇ കോണ്‍സലേറ്റിലെ അറ്റാഷെ റാഷിദ് കമീസ് അല്‍-മുഷാഖരി അല്‍ഷിമേലിയെ ചോദ്യംചെയ്യാന്‍ ഒരുങ്ങുകയാണ് കസ്റ്റംസ്.
ഇദ്ദേഹത്തിന്റെ പേരിലാണ് സ്വര്‍ണമടങ്ങിയ ബാഗെത്തിയത്. ബാഗ് തടഞ്ഞതറിഞ്ഞ് ഇദ്ദേഹം വിമാനത്താവളത്തിലെത്തിയിരുന്നു. നയതന്ത്രപരിരക്ഷയുള്ള ഇദ്ദേഹത്തെ ചോദ്യംചെയ്യാന്‍ യു.എ.ഇയുടെ അനുമതി തേടിയിരിക്കുകയാണ്. ഡിപ്ലോമാറ്റിക് ബാഗുകള്‍ വിമാനത്താവളത്തില്‍ നിന്ന് ശേഖരിക്കാന്‍ സരിത്തിന് അനുമതി നല്‍കിയതും ഇദ്ദേഹമാണെന്ന് സംശയിക്കുന്നു.
Post Your Comments