
കൊറോണ വൈറസ് വായുവിലൂടെ പകരുമെന്നതിനു പുതിയ തെളിവുകള്‍ കഴിഞ്ഞ ദിവസങ്ങളിൽ ഉയര്‍ന്നു വന്നിരുന്നു. 32 രാജ്യങ്ങളില്‍നിന്നുള്ള 230 ഓളം ശാസ്ത്രകാരന്മരാണ് ഈ കാര്യം പറഞ്ഞത്. ഇതിനുള്ള തെളിവുകള്‍ തങ്ങളുടെ ഭാഗത്ത് ഉണ്ടെന്നും അവര്‍ അവകാശപ്പെട്ടിരുന്നു. തുടർന്ന് ലോകാരോഗ്യ സംഘടന പൊതുസമൂഹത്തോടുള്ള നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തണമെന്നും ശാസ്ത്രകാരന്മാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വായുവിലൂടെ എങ്ങനെയാണ് കൊറോണ വൈറസ് പടരുന്നതെന്നതെന്ന വിശദീകരണവുമായി ലോകാരോഗ്യ സംഘടനുയുടെ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍ എത്തിയിരിക്കുന്നത്. ഇന്ത്യ ടുഡേ കണ്‍സല്‍ട്ടിംങ് എഡിറ്റര്‍ രാജ്ദീപ് സര്‍ദേശായിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍ വിശദീകരിച്ചത്.
വൈറസിന് വായുവില്‍ അല്‍പസമയം നിലനില്‍ക്കാന്‍ സാധിക്കുമെന്നാണ് ഡോ. സൗമ്യ സ്വാമിനാഥന്‍ പറയുന്നത്. നമ്മള്‍ സംസാരിക്കുമ്പോഴോ , പാടുമ്പോഴോ , ശബ്ദമുയര്‍ത്തുമ്പോഴോ എന്തിന് ചിലപ്പോള്‍ ശ്വസിക്കുമ്പോൾ പോലും നിരവധി ജലകണങ്ങള്‍ പുറത്തേക്ക് വരുന്നുണ്ട്. ഈ ജലകണങ്ങളില്‍ ഏറ്റവും വലിയവ 1-2 മീറ്റര്‍വരെ ദൂരേക്ക് തെറിച്ചേക്കാം. ഇതുകൊണ്ടാണ് ശാരീരിക അകലം പാലിക്കുന്നതിനെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നത്. അങ്ങനെ ശാരീരിക അകലം പാലിക്കപ്പെടുമ്പോൾ വൈറസുകള്‍ക്ക് പകരാന്‍ കഴിയില്ലെന്നതുകൊണ്ടാണ് അങ്ങനെ പറയുന്നത് ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.
എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി ചിലത് സംഭവിക്കുന്നുവെന്ന് അവര്‍ വിശദീകരിക്കുന്നു ‘ ചില ജലകണങ്ങള്‍ക്ക് അഞ്ച് മൈക്രോണുകളുടെ വലിപ്പം മാത്രമേ കാണൂ. അവയ്ക്ക് ഭൂമിയില്‍ പതിക്കുന്നതിന് മുൻപ് കൂടുതല്‍ സമയം വായുവില്‍ നില്‍ക്കാന്‍ സാധിക്കും. ഇവ കാറ്റിലുടെയും മറ്റും സഞ്ചരിക്കാനും സാധ്യതയുണ്ട്. അങ്ങനെ മറ്റുള്ളവരുടെ ശ്വാസത്തിലേക്ക് ഇവ എത്തിപ്പെടാം. ഇങ്ങനെയാണ് വൈറസുകള്‍ വായുവിലൂടെ പടരുന്നത്. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് ഇത് സംഭവിക്കുക’ ഡോ. സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കി.
കോവിഡ് 19 വൈറസുകള്‍ വായുവിലൂടെ പടരുന്നതും അഞ്ചാംപനി പോലുള്ള രോഗത്തിന്റെ വൈറസുകള്‍ പടരുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. അഞ്ചാംപനിയുടെ വൈറസുകള്‍ പ്രധാനമായും വായുവിലൂടെയാണ് പടരുന്നത്. രോഗിയില്‍നിന്നും വരുന്ന വൈറസുകള്‍ 10-15 മിനിറ്റുവരെ വായുവില്‍ തങ്ങിനില്‍ക്കാമെന്നും, എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് കോവിഡ് 19 വൈറസുകള്‍ വായുവിലൂ ടെ പടരുന്നതെന്നും അവര്‍ പറഞ്ഞു. ‘
അഞ്ചാംപനിയുടെ വൈറസ് പടരുന്നത് പോലെ കൊറോണ വൈറസ് പടരുന്നെങ്കില്‍ ഇതിനകം നമ്മളെല്ലാവര്‍ക്കും രോഗം ബാധിച്ചെനെയെന്നും അവര്‍ പറഞ്ഞു. വായില്‍നിന്നുവരുന്ന ജലകണങ്ങളില്‍നിന്നാണ് കോവിഡ് 19 രോഗത്തിന്റെ വൈറസ് പടരുന്നത്. സാമൂഹ്യ അകലം പാലിക്കുന്നതിലൂടെ ഇത് വലിയ തോതില്‍ തടയാന്‍ കഴിയുമെന്നും ഡോ. സൗമ്യ സ്വാമിനാഥന്‍ കൂട്ടിച്ചേർത്തു.
Post Your Comments