KeralaCinemaMusic AlbumsMollywoodLatest NewsIndiaMusicMovie SongsNewsEntertainmentMovie GossipsMovie ReviewsNews Story

ചെമ്പൈയില്‍ നാദം നിലയ്ക്കുന്നില്ല… നിര്‍ധനരായവര്‍ക്ക് സൗജന്യമായും സംഗീതം അഭ്യസിപ്പിക്കുന്നു…

ചെമ്പൈയ്ക്കു ഒരിക്കല്‍ നാദം നിലച്ചപ്പോള്‍ ശംഖം കൊടുത്തവനാണ് ഭഗവാന്‍ എന്നാണ് ഗാന ഗന്ധര്‍വന്‍ പാടിയത്. നേരായിരിക്കണം.. കാരണം ആ ദേവസംഗീതം ഇന്നും കേള്‍ക്കാം, പാലക്കാട് ജില്ലയില്‍ ചെമ്പൈ അഗ്രഹാരത്തില്‍. ചെമ്പൈ നിര്‍ത്തിവെച്ചു പോയ ആ ഗാന തപസ്യ ഇന്നും ഇവിടെ തുടരുന്നു. കണ്ഠങ്ങളില്‍ നിന്നു സ്വരം തെറ്റാതെ കീര്‍ത്തനങ്ങള്‍ അഗ്രഹാരത്തിന്‍റെ അന്തരീക്ഷത്തില്‍ ഉയരുമ്പോള്‍ ചെമ്പൈയും മറ്റൊരു ലോകത്തിരുന്നു താളം പിടിക്കുന്നുണ്ടാകണം.

1930 -ലാണ് ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന്‍റെ ഭവനത്തില്‍ വെച്ച് സംഗീത പഠനം ആരംഭിക്കുന്നത്. ഗുരുകുല സമ്പ്രദായത്തില്‍ നടത്തി വന്നിരുന്ന സംഗീത പഠനത്തില്‍ ചേരാന്‍ ദക്ഷിണേന്ത്യയുടെ പല ഭാഗത്ത് നിന്നും ആളുകള്‍ എത്തിയിരുന്നു. എട്ട് വര്‍ഷങ്ങള്‍ വരെ ഇവിടെ താമസിച്ച് പഠിച്ച ശിഷ്യന്മാരുണ്ടായിരുന്നു ചെമ്പൈക്ക്. 1942-ല്‍ മദിരാശിയിലേക്ക് അദ്ദേഹം താമസം മാറിയതോടെ അനുജന്‍ സുബ്രഹ്മണ്യ ഭാഗവതരുടെ നേതൃത്വത്തില്‍ ആയിരുന്നു അദ്ധ്യയനം നടന്നു വന്നിരുന്നത്.

1998-ല്‍ ചെമ്പൈയുടെ വീട്ടില്‍ തന്നെ ഒരു സംഗീത പരിശീലന കേന്ദ്രം യേശുദാസ് ഉല്‍ഘാടനം ചെയ്തു. പിന്നീട് 2014-ല്‍ ഒരു സംഗീത ഹാളും ഉല്‍ഘാടനം ചെയ്യപ്പെട്ടു. ഇന്ന് ചെമ്പൈ വിദ്യാപീഠത്തിന്‍റെ കീഴില്‍ സംഗീത ഹാളിലും ചെമ്പൈയുടെ ഭവനത്തിലും ആയി 160-ഓളം കുട്ടികള്‍ സംഗീതത്തിന്‍റെ ആഴം അറിയുന്നു. 4 അദ്ധ്യാപകര്‍ അവര്‍ക്ക് വഴിതെളിച്ചു കൊടുക്കുന്നു. പൊതുഅവധി ദിനങ്ങളിലും ശനി, ഞായര്‍ ദിവസങ്ങളിലുമാണ് ഇന്നിവിടെ അധ്യയനം നടക്കുന്നത്.

ലോകമെമ്പാടും കല ഒരു ലാഭം കൊയ്യാനുള്ള വ്യാപാരമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇവിടെ തുച്ഛമായ ഒരു പ്രതിഫലം മാത്രം വാങ്ങി കൊണ്ടാണ് ആളുകളെ പ്രായഭേദമന്യേ പഠിപ്പിക്കുന്നത്. നിര്‍ധനരായവര്‍ക്ക് സൌജന്യമായും സംഗീതം അഭ്യസിപ്പിക്കുന്നുണ്ട് ഇവിടെ. കാരണം ഈ സംഗീത കളരി ഈ ഗ്രാമത്തിന് ചെമ്പൈ എന്ന, ലോകമെമ്പാടും അറിയപ്പെടുന്ന, പ്രശസ്തരായ ഒരുപാട് ശിഷ്യഗണങ്ങള്‍ ഉള്ള ഒരു വലിയ മനുഷ്യനോടുള്ള ആദരവ് കൂടി ആണ്.

1974 ഒക്ടോബര്‍ പതിനാറാം തീയതി ഒറ്റപ്പാലത്ത് പൂഴിക്കുന്ന് ക്ഷേത്രത്തില്‍ ആയിരുന്നു ചെമ്പൈയുടെ അവസാന കച്ചേരി. അന്ന് ആ കച്ചേരിയില്‍ അദ്ദേഹം “കരുണ ചെയ് വാന്‍ എന്തു താമസം കൃഷണ” എന്നു പാടിയത് യാദൃച്ഛികം ആയാണോ എന്നറിയില്ല. തന്‍റെ 80-ആം വയസ്സില്‍ ആ സംഗീതം അവസാനിച്ചു.

ചെമ്പൈയുടെ ഭവനത്തിന് അടുത്തു സപ്തസ്വര മണ്ഡപത്തില്‍ ചെമ്പൈയുടെ പുഞ്ചിരിക്കുന്ന ശില്പം. കച്ചേരി നടത്തുന്ന ഭാവത്തില്‍ ഉള്ള ആ ശില്പം കാണുമ്പോള്‍, തൊട്ടപ്പുറത്ത് 160 കണ്ഠങ്ങളില്‍ നിന്നു സ്വരങ്ങള്‍ തെറ്റാതെ കീര്‍ത്തനങ്ങള്‍ ഒഴുകി വരുമ്പോള്‍ നമ്മളും അറിയാതെ വിചാരിച്ചു പോകുന്നു, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ എന്ന ആ വലിയ മനുഷ്യന്‍ എങ്ങും പോയിട്ടില്ല എന്ന്. നമ്മളും പ്രതീക്ഷിച്ചു പോകുന്നു ഒരു കച്ചേരിക്ക് ശേഷം അദ്ദേഹം ഇങ്ങ് എത്തുമെന്ന്. സംഗീതത്തിന് മരണം ഇല്ലല്ലോ!

shortlink

Post Your Comments


Back to top button