കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ഡിപ്ലോമാറ്റിക് സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിന്റെ നിര്‍ദ്ദേശപ്രകാരമാണ് സ്പേസ് പാര്‍ക്കില്‍ നിയമിച്ചതെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍. നയതന്ത്ര പരിരക്ഷയോടെ നടത്തിയ സ്വര്‍ണക്കള്ളക്കടത്ത് രാജ്യ സുരക്ഷയുടെ പ്രശ്നമാണെന്നും അതിനെ നിസാരവല്‍ക്കരിച്ച് രക്ഷപെടാന്‍ മുഖ്യമന്ത്രിയെ അനുവദിക്കില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എം പി. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന ശിവശങ്കരനെ മാറ്റിയാല്‍ ഈ രാജ്യദ്രോഹ ഇടപാടിന്റെ കണ്ണികള്‍ മുറിയില്ല.പ്രകാശ് കാരാട്ട്, എ ബി ബര്‍ദാന്‍ തുടങ്ങിയ ഇന്ത്യയിലെ ഇടതു നേതാക്കള്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനോട് കത്തെഴുതി ആവശ്യപ്പെട്ടതാണ് പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിനെ കരിമ്പട്ടികയില്‍ പെടുത്തണമെന്നത്.പ്രശാന്ത് ഭൂഷണ്‍, അരുണ്‍ റോയ് തുടങ്ങിയ ഇന്ത്യയിലെ നിയമ വിദഗ്ധര്‍ അംഗങ്ങളായിട്ടുള്ള ജസ്റ്റിസ് ഷാ യുടെ അധ്യക്ഷതയിലുള്ള സിറ്റിസണ്‍ ഫോറവും ഇതേ കാര്യം ആവശ്യപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ മുഖ്യന്ത്രിയുടെ മകള്‍ വീണയുടെ ഇടനിലയില്‍ ഈ വിവാദ കമ്ബനി കേരളം ഭരിക്കുകയാണെന്നും ബെന്നി ബഹനാന്‍ എംപി പറഞ്ഞു.അവരുടെ ആവശ്യപ്രകാരമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന സ്വപ്ന സുരേഷിനെ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് തൊട്ടുമുമ്പ് സ്പേസ് പാര്‍ക്കില്‍ നിയമിച്ചത്.
മുഖ്യമന്ത്രി അറിയാതെയാണ് ഈ നിയമനം നടന്നത് എന്ന് പറഞ്ഞത് എങ്ങനെ വിശ്വസിക്കാനാവും. മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള ഐ ടി കമ്ബനിയിലെ ജയ്ക് ബാലകുമാര്‍ തന്നെയാണ് പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിസിന്റെ ഡയറക്ടര്‍മാരില്‍ ഒരാള്‍. വിക്രം സാരാഭായ് സ്പേസ് സെന്ററുമായി ബന്ധമുള്ള ഐ ടി വകുപ്പിന്റെ സ്പേസ് പാര്‍ക്കിലെസ്വപ്ന സുരേഷിന്റെ നിയമനം കരാര്‍ അടിസ്ഥാനത്തിലുള്ള താല്‍ക്കാലിക നിയമനം ആയിരുന്നു എന്ന് പറഞ്ഞ് വിഷയത്തെ ലഘൂകരിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണ്. എന്നാല്‍ ഇന്‍ഫോപാര്‍ക്ക്, ടെക്നോപാര്‍ക്ക് ഉള്‍പ്പെടെയുള്ള ഐ ടി വകുപ്പിന് കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങളിലും സി ഇ ഒ മുതല്‍ അറ്റന്‍ഡര്‍ വരെയുള്ളവരെ കരാറടിസ്ഥാനത്തിലാണ് നിയമിക്കുന്നതെന്നിരിക്കേ മുഖ്യമന്ത്രി ആരെയാണ് കബളിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
Post Your Comments