തൊടുപുഴ • ലോട്ടറിയടിക്കാന്‍ മാത്രമല്ല, അത് കൈയില്‍ കിട്ടണമെങ്കിലും ഭാഗ്യം വേണം. മുട്ടം അയ്യാനിക്കാട്ട് സുരേഷിനാണ് ലോട്ടറിയടിച്ചിട്ടും സമ്മാനത്തുക ലഭിക്കാത്തത്. കഴിഞ്ഞ രണ്ടിന് നറുക്കെടുപ്പ് നടന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒരു ലക്ഷം സമ്മാനമായി ലഭിച്ചത്. ഒരു ലക്ഷം രൂപ വരെ ജില്ലാ ലോട്ടറി ഓഫീസുകളില്‍ നിന്ന് നേരിട്ടാണ് വിതരണം ചെയ്യുന്നത്. എന്നാല്‍ സുരേഷ് സമ്മാനത്തുക കൈപ്പറ്റാന്‍ പലതവണ ലോട്ടറി ഓഫീസ് കയറിയിറങ്ങി ചെരുപ്പ് തേഞ്ഞത് മാത്രം മിച്ചം.
ലോട്ടറി സമ്മാനത്തുകയ്ക്കായി കോവിഡ് മൂലം ഒരു രൂപ പോലും എടുക്കാനില്ലെന്ന മറുപടി നല്‍കി ഉദ്യോഗസ്ഥര്‍ ടിക്കറ്റ് വാങ്ങി പണം നല്‍കിയില്ലെന്നാണ് പരാതി. ഏജന്റില്‍ നിന്നും വിവരമറിഞ്ഞാണ് സുരേഷ് കഴിഞ്ഞ ദിവസം തൊടുപുഴയിലെ ലോട്ടറി ഓഫീസിലെത്തിയത്. നിലവില്‍ സമ്മാനതുക നല്‍കാന്‍ പണമില്ലെന്നും പിന്നീട് വരാനുമായിരുന്നു മറുപടി.
ഇതിനിടെ സുരേഷ് ബാങ്കില്‍ ലോട്ടറി നല്‍കിയെങ്കിലും ഒരു ലക്ഷം വരെ ലോട്ടറി ഓഫീസില്‍ നിന്നാണ് നല്‍കുന്നതെന്ന് ബാങ്ക് അധികൃതര്‍ മറുപടി നല്‍കി. പിന്നീട് വീണ്ടും ലോട്ടറി ഓഫീസിലെത്തിയെങ്കിലും പാന്‍ കാര്‍ഡുമായി വരാന്‍ നിര്‍ദേശിച്ചു. സുരേഷിന് പാന്‍ കാര്‍ഡ് ഇല്ലാതിരുന്നതിനാല്‍ പാന്‍കാര്‍ഡുള്ള സഹോദരനുമായി ഇന്നലെ രാവിലെ എത്തിയെങ്കിലും പിന്നീട് വരാന്‍ അറിയിച്ചു.
അതേ സമയം പാന്‍ കാര്‍ഡുള്ള സഹോദരന്റെ അപേക്ഷയില്‍ ഇന്നലെ ലോട്ടറി കൈപ്പറ്റിയെന്നും കൊറോണ മൂലം സാമ്ബത്തിക പ്രതിസന്ധി നില നില്‍ക്കുന്നതിനാലാണ് തുക ലഭിക്കാന്‍ വൈകുന്നതെന്നുമാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.
ഒരു ലക്ഷം സമ്മാനം ലഭിച്ചാല്‍ 30% നികുതിയും കമ്മീഷന്‍ തുകയും കഴിച്ച് 63000 രൂപയാണ് ലഭിക്കുക.
Post Your Comments