തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെതിരെ വെളിപ്പെടുത്തലുമായി അമേരിക്കയിലുള്ള മൂത്ത സഹോദരന്. തന്റെ അറിവില്‍ സ്വപ്ന പത്താം ക്ലാസ് പാസായതായിട്ടില്ലെന്നും താൻ നാട്ടിലേക്ക് വരാത്തത് കള്ളക്കേസില്‍ കുടുക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തിയിട്ടാണെന്നും സഹോദരൻ ബ്രൈറ്റ് സുരേഷ് വ്യക്തമാക്കി. ഉന്നത സ്വാധീനം കൊണ്ടാകാം സ്വപ്നയ്ക്ക് കോണ്‍സുലേറ്റില്‍ ജോലി കിട്ടിയത്. ഇന്ത്യയിലേക്ക് വരാത്തത് അവള് ഉപദ്രവിക്കുമെന്ന ഭയത്തിലാണെന്നും ഒരു മാധ്യമത്തോടാണ് സഹോദരൻ വെളിപ്പെടുത്തിയിരിക്കുന്നത്.
അതേസമയം ഒളിവില്‍ പോയ സ്വപ്നയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം ഇപ്പോൾ. ഇവർ തിരുവനന്തപുരത്ത് തന്നെയുണ്ടെന്ന് സൂചന. ഇതിന്റെ ഭാഗമായാണ് തിരുവനന്തപുരം നഗരത്തിലെ മുന്തിയ ഹോട്ടലുകളിൽ കസ്റ്റംസ് പരിശോധന നടത്തിയത്. പാപ്പനംകോട്ടെ സ്വകാര്യ ഹോട്ടലിലും പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലും പരിശോധന നടത്തിയിരുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒളിവില്‍ പോയ വര്‍ക്ക്ഷോപ്പ് ഉടമ സന്ദീപ് നായരുടെ ഭാര്യയെയാണ് കസ്റ്റഡിയിലെടുത്തത്. വര്‍ക്ക് ഷോപ്പില്‍ സ്വപ്നയ്ക്കും സരിത്തിനും പങ്കാളിത്തമുണ്ടോയെന്നും അന്വേഷണ സംഘത്തിന് സംശയമുണ്ട്.
Post Your Comments