ന്യൂഡല്‍ഹി: ആശുപത്രി അധികൃതരുടെ വീഴ്ച മൂലം രാജ്യതലസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ച മുസ്ലീം സ്ത്രീയുടെ മൃതദേഹം ആളുമാറി ദഹിപ്പിച്ചു. എയിംസ് ട്രോമ കെയര്‍ സെന്‍ററില്‍ നിന്നാണ് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.ഇക്കഴിഞ്ഞ ജൂണ്‍ ഏഴിനാണ് സംഭവം. കോവിഡ് ബാധിച്ച് മരിച്ച മുസ്ലീം സ്ത്രീയുടെ മൃതദേഹം ആളുമാറി ഹൈന്ദവ കുടുംബത്തിനാണ് വിട്ടു നല്‍കിയത്. കോവിഡ് ചികിത്സയിലിരുന്ന സ്ത്രീ മരണപ്പെട്ടുവെന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ വിളിച്ചറിയിച്ചു.
വിവരമറിഞ്ഞ് ബന്ധുക്കള്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തുകയും ചെയ്തു, കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹം പ്രത്യേകം പൊതിഞ്ഞാണ് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുക. ഇതിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്ന് അധികൃതര്‍ അറിയിച്ചു.മൃതദേഹം അവസാനമായി ഒന്നു കാണണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടുവെങ്കിലും സംസ്കാര സ്ഥലത്തെത്തിയിട്ട് മാത്രമെ ഇനി കാണാനാകു എന്ന മറുപടിയാണ് ലഭിച്ചത്. ഇതിനെ തുടര്‍ന്ന് കുറച്ച് ബന്ധുക്കള്‍ മാത്രം മൃതദേഹം ഏറ്റുവാങ്ങുന്നതിനായി ആശുപത്രിയില്‍ നില്‍ക്കുകയും ബാക്കിയുള്ളവര്‍ ഡല്‍ഹി ഗേറ്റിന് സമീപമുള്ള ഖബര്‍ സ്ഥാനത്തേക്ക് പോവുകയും ചെയ്തു.
ഉച്ചയോടെ പ്ലാസ്കിക് കവറുകളിലടക്കം പൊതിഞ്ഞ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഖബറടക്ക ചടങ്ങുകള്‍ക്കായെത്തിച്ചപ്പോള്‍ ഇവരെ അവസാനമായി ഒന്നു കാണണമെന്ന ആവശ്യം ഉന്നയിച്ച് മക്കളെത്തി. ഇത്തരത്തില്‍ മൃതദേഹം കാണിക്കുന്നതിനായി 500 രൂപ നല്‍കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അതനുസരിച്ച് പണം നല്‍കിയാണ് ഇവരുടെ മുഖം അവസാനമായി ഒന്നു കണ്ടതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. അവസാനമായി മുഖം കണ്ടപ്പോഴാണ് അത് തങ്ങളുടെ മാതാവല്ലെന്ന് മക്കള്‍ തിരിച്ചറിഞ്ഞത്. ആശുപത്രിയില്‍ മരണപ്പെട്ട ഹൈന്ദവ വിശ്വാസിയായ ഒരു സ്ത്രീയുടെ മൃതദേഹമായിരുന്നു ആളുമാറി ഖബറടക്കത്തിനായി എത്തിച്ചത്.
ഉടന്‍ തന്നെ ആശുപത്രി അധികൃതരെ വിവരമറിയിച്ചു. ചെറിയൊരു പിഴവ് സംഭവിച്ചുവെന്നും ഒരു മണിക്കൂറിനുള്ളില്‍ മൃതദേഹം വിട്ടുനല്‍കാമെന്നുമായിരുന്നു മറുപടി. മണിക്കൂറുകളോളം ഖബര്‍സ്ഥാനത്ത് തന്നെ കാത്തുനിന്നെങ്കിലും പിന്നീട് ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ലെന്നും ഇവര്‍ പറയുന്നു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ട്രോമ സെന്‍ററില്‍ നേരിട്ടെത്തി.അവിടെ വച്ചാണ് സ്ത്രീയുടെ മൃതദേഹം മറ്റൊരു കുടുംബത്തിന് വിട്ട് നല്‍കിയെന്നും ആളറിയാതെ അവര്‍ ഹൈന്ദവ ആചാരപ്രകാരം ദഹിപ്പിച്ചുവെന്നുമുള്ള വിവരം തിരിച്ചറിഞ്ഞത്.
ഇതിന് പിന്നാലെയാണ് സ്വന്തം മകളുടെതെന്ന് കരുതി ദഹിപ്പിച്ച മൃതദേഹം ഒരു മുസ്ലീം സ്ത്രീയുടെതാണെന്ന് ഹിന്ദു കുടുംബവും തിരിച്ചറിഞ്ഞത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നാണ് എയിംസ് ട്രോമ സെന്‍റര്‍ അധികൃതര്‍ പറയുന്നത്. സംഭവത്തിന് ഉത്തരവാദികളെന്ന് സംശയിക്കുന്ന മോര്‍ച്ചറി ജീവനക്കാരിലൊരാളെ പുറത്താക്കിയതായും മറ്റൊരാളെ സസ്പെന്‍ഡ് ചെയ്തതായും അധികൃതര്‍ വ്യക്തമാക്കി.കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കര്‍ശനമായി പ്രതിരോധ-സുരക്ഷ നിയന്ത്രണങ്ങള്‍ പാലിച്ചാണ് മൃതദേഹങ്ങള്‍ വിട്ടു നല്‍കുന്നത്.
PPE കിറ്റുകളും പ്ലാസ്റ്റിക് കവറുകളും ഉപയോഗിച്ച് പൊതിഞ്ഞ് ആരോഗ്യപ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് സംസ്കാര ചടങ്ങുകള്‍ക്കായെത്തിക്കുന്നത്. ബന്ധുക്കളെ മൃതദേഹം കാണിക്കുന്നത് പോലും അപൂര്‍വമാണ്. അതുകൊണ്ട് തന്നെയാണ് കുടുംബാംഗങ്ങള്‍ പോലും തിരിച്ചറിയാതെ പോയതും.
Post Your Comments