തിരുവനന്തപുരം : യുഎഇ കോൺസുലേറ്റിലേക്കുള്ള ബാഗില്‍ സ്വര്‍ണം കടത്തിയ കേസിലെ ആസൂത്രക സ്വപ്‌ന സുരേഷ് ഉന്നതരുമായുള്ള ബന്ധം ദുരുപയോഗം ചെയ്തു വിലസുകയായിരുന്നു. മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഓഫീസുകളില്‍ നിത്യസന്ദര്‍ശകയായിരുന്നു സ്വപ്‌ന. കോണ്‍സലാര്‍ ജനറലിന്റെ എക്സിക്യുട്ടീവ് സെക്രട്ടറി എന്ന നിലയില്‍ യു.എ.ഇ കോണ്‍സലേറ്റിലെ അധികാരകേന്ദ്രം സ്വപ്നയായിരുന്നു. മുഖ്യമന്ത്രി വിളിക്കുന്ന ഔദ്യോഗിക യോഗത്തില്‍പോലും കോണ്‍സലേറ്റ് പ്രതിനിധിയെപ്പോലെ ഇവർ പങ്കെടുക്കുകയും നയതന്ത്റ അഭിപ്രായങ്ങള്‍ പറയുകയും ചെയ്തിരുന്നു.
ഒരിക്കൽ മണക്കാട്ടെ കോൺസലേറ്റിലേക്ക് ഡ്യൂട്ടിക്കെത്തുമ്പോൾ ഗേറ്റിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന മൂന്ന് പൊലീസുകാർ സല്യൂട്ട് ചെയ്തില്ല. ഉടൻ തന്നെ കോൺസലേറ്റ് ഉദ്യോഗസ്ഥയെ അപമാനിച്ചെന്ന പേരിൽ അവരെ സസ്പെൻഡ് ചെയ്യണമെന്ന് ആവിശ്യപ്പെട്ട് കോൺസലേറ്റിൽ നിന്ന് സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലേക്ക് ശുപാർശയെത്തി.
ഇതേത്തുടർന്ന് പൊലീസുകാരെ മാറ്റി.
പിന്നീട് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡനപരാതി നല്‍കിയ കേസില്‍ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് വിളിപ്പിച്ചപ്പോള്‍ അവരും അറിഞ്ഞു സ്വപ്നയുടെ പവര്‍. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ട് വൈകിപ്പിക്കുന്നതെന്തെന്ന് ചോദിച്ച് കയര്‍ത്തു. പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ എസ്. എം.എസ് സന്ദേശം ഐ.ജിക്ക് എത്തി. ഐ.ജി സന്ദേശം ചോദ്യംചെയ്യുന്ന ഉദ്യോഗസ്ഥന് കൈമാറി. ഉടനടി സ്വപ്നയെ വിട്ടയക്കുകയും ചെയ്തു. ഇതോടെ തട്ടിപ്പുകേസില്‍ വിശദമായ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സ്വപ്നയെ പ്രതിയാക്കാന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. എന്നാൽ ഇത് തടയാന്‍ ഉന്നതന് കഴിഞ്ഞില്ല.
Post Your Comments