Latest NewsCricketNewsSports

ഷോയിബ് പന്തെറിയാന്‍ വരുമ്പോള്‍ സച്ചിന്റെ കാലുകള്‍ വിറയ്ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്, സച്ചിന് ഷോയിബിനെ നേരിടാന്‍ ഭയം ; വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തി അഫ്രീദി

വിവാദങ്ങളുമായി വീണ്ടും എത്തിയിരിക്കുകയാണ് മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. നിരവധി തവണ പാകിസ്താനോട് പരാജയപ്പെട്ട ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ മാപ്പ് ചോദിക്കുമായിരുന്നുവെന്ന് രണ്ട് ദിവസം മുമ്പ് പറഞ്ഞത് വലിയ വിവാദങ്ങള്‍ക്കായിരുന്നു വഴിവച്ചത്. ഇപ്പോള്‍ ഇതാ അഫ്രീദി വീണ്ടും എത്തിയിരിക്കുകയാണ്. ഇതിഹാസ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് ഷോയിബ് അക്തറിനെ നേരിടാന്‍ ഭയമാണെന്ന് താന്‍ 9 വര്‍ഷം മുമ്പ് പറഞ്ഞ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നു എന്ന് പറഞ്ഞാണ് താരം വീണ്ടും വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്.

ഷോയ്ബ് അക്തറിനെ നേരിടാന്‍ താന്‍ ഭയപ്പെടുന്നുവെന്ന് സച്ചിന്‍ സമ്മതിക്കില്ല, എന്നാല്‍ കവറുകളില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടയിലും മിഡ് ഓഫില്‍ ഫീല്‍ഡ് ചെയ്യുമ്പോളും താന്‍ ഇത് കണ്ടതായി അഫ്രീദി അവകാശപ്പെട്ടു.

‘നിങ്ങള്‍ മിഡ്-ഓഫ് അല്ലെങ്കില്‍ കവറുകളില്‍ ഫീല്‍ഡിംഗ് ചെയ്യുമ്പോള്‍, നിങ്ങള്‍ക്ക് അത് കാണാന്‍ കഴിയും. ഒരു കളിക്കാരന്റെ ശരീരഭാഷ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. ഒരു ബാറ്റ്‌സ്മാന്‍ സമ്മര്‍ദ്ദത്തിലാണെന്ന് നിങ്ങള്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയും, ഷോയിബ് എല്ലായ്‌പ്പോഴും സച്ചിനെ ഭയപ്പെട്ടിരുന്നുവെന്ന് ഞാന്‍ പറയുന്നില്ല, പക്ഷേ ഷോയിബില്‍ നിന്നുള്ള ചില സ്‌പെല്ലുകള്‍ സച്ചിന്‍ ഉള്‍പ്പെടെയുള്ള ലോകത്തെ മികച്ച താരങ്ങളെ പിന്നാമ്പുറത്തേക്ക് തള്ളിവിട്ടു, ”അഫ്രീദി സൈനബ് അബ്ബാസിനോട് പറഞ്ഞു.

2011 ല്‍ ഷോയിബ് അക്തര്‍ തന്റെ ‘കോണ്ട്രവെര്‍ഷ്വലി യുവര്‍സ്’ എന്ന പുസ്തകത്തില്‍ സച്ചിന്‍ തന്നെ നേരിടാന്‍ ഭയപ്പെടുന്നുവെന്ന് താരം അവകാശപ്പെട്ടിരുന്നു. തന്റെ ടീമംഗത്തെ പിന്തുണച്ച് അഫ്രീദിയും അന്ന് രംഗത്തെത്തിയിരുന്നു. സച്ചിന്‍ ഷോയിബിനെ ഭയപ്പെട്ടിരുന്നു. ഞാന്‍ തന്നെ കണ്ടിട്ടുണ്ട്. ഞാന്‍ സ്‌ക്വയര്‍ ലെഗില്‍ ഫീല്‍ഡിംഗ് നടത്തുകയായിരുന്നു, ഷോയിബ് പന്തെറിയാന്‍ വരുമ്പോള്‍ അവന്റെ കാലുകള്‍ വിറയ്ക്കുന്നത് ഞാന്‍ കണ്ടു. ‘ എന്നായിരുന്നു അന്ന് അഫ്രീദി പറഞ്ഞത്. എന്നാല്‍ ഇത് ഏത് മത്സരമാമെന്ന് പറയാന്‍ ഇരുവരും തയ്യാറായിട്ടില്ല. അതേസമയം ലോകകപ്പ് വേളയില്‍ യുവ സ്പിന്നര്‍ സയീദ് അജ്മലിനെയും സച്ചിന്‍ ഭയപ്പെട്ടിരുന്നുവെന്നും അഫ്രീദി പറഞ്ഞു.

എന്നാല്‍ കണക്കുകള്‍ വച്ച് നോക്കുമ്പോള്‍ അക്തര്‍ ഉണ്ടായിരുന്ന പാക്കിസ്ഥാന്‍ ടീമിനോട് ഭേദപ്പെട്ട പ്രകടനം തന്നെയാണ് സച്ചിന്‍ കാഴ്ചവച്ചിട്ടുള്ളത്. ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങളില്‍ എല്ലാവരും കൊതിച്ച പോരാട്ടമായിരുന്നു. സച്ചിന്‍ vs ഷോയിബ് അക്തര്‍ പോരാട്ടം. സച്ചിന്‍ നിരവധി തവണ അക്തറിനെ അടിച്ചകറ്റിയിട്ടുണ്ട്. കണക്കുകള്‍ പറയുന്നത് ഇപ്രകാരമാണ്

അക്തര്‍ കളിക്കാനിറങ്ങിയ പാക്കിസ്ഥാനെതിരെ 9 ടെസ്റ്റ് മത്സരങ്ങളാണ് സച്ചിന്‍ കളിച്ചിരിക്കുന്നത്. ഇതില്‍ 41.60 ശരാശരിയില്‍ 416 റണ്‍സ് നേടിയിട്ടുണ്ട്. മൂന്ന് തവണ അക്തറിന്റെ പന്തില്‍ പുറത്തായി. അതേസമയം ഏകദിനത്തിലോട്ട് വന്നാല്‍ അക്തര്‍ കളിക്കാനിറങ്ങിയ പാകിസ്ഥാനെതിരെ 19 ഏകദിനങ്ങളില്‍ സച്ചിന്‍ കളിച്ചിട്ടുണ്ട്. ഇതില്‍ 45.47 ശരാശരിയില്‍ 864 റണ്‍സും 90.18 സ്‌ട്രൈക്ക് റേറ്റും നേടിയിട്ടുണ്ട്. അഞ്ച് തവണ അക്തറിന്റെ പന്തില്‍ പുറത്തായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button