ചെന്നൈ : തമിഴ്‌നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം അതിവേഗം വർധിക്കുകയാണ്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരിൽ രണ്ടാം സ്ഥാനത്തതാണ് തമിഴ്‌നാട്. തലസ്ഥാന നഗരമായ ചെന്നൈയിലാണ് ഇതിൽ കൂടുതൽ രോഗബാധിതർ ഉള്ളത്. അതുകൊണ്ട് തന്നെ കടുത്ത ആശങ്കയും ഇവിടെ നിലനിൽക്കുന്നു. ഈ സാഹചര്യത്തിലാണ് ചെന്നൈയിൽ 227 കൊവിഡ് രോഗികളെ കാണാനില്ല എന്നുള്ള വിവരം കോർപറേഷൻ കമ്മീഷണർ ജി. പ്രകാശ് സ്ഥിരീകരിക്കുന്നത്. രോഗികൾ പേരും മേൽവിലാസവും കൃത്യമായി നൽകാത്തതാണ് ഇതിന് കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജൂൺ പത്ത് വരെ 277 രോഗികളെയാണ് കാണാതായത്. ജൂൺ പത്ത് മുതൽ ജൂലൈ അഞ്ച് വരെ 196 പേരെയും കാണാതായി. ആകെ 473 പേരെ കാണാതായതിൽ പൊലീസ് ഇടപെട്ട് 246 പേരെ കണ്ടെത്തി. നിലവിൽ 227 പേരെയാണ് കാണാതായിട്ടുള്ളത്. മറ്റുള്ളവർക്ക് വേണ്ടി കോർപറേഷൻ അധികൃതർ അന്വേഷണം ആരംഭിച്ചു.
അതേസമയം തിങ്കളാഴ്ച തമിഴ്നാട്ടിൽ 3,827 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,14,978 ആയി ഉയര്‍ന്നു. 1,571 പേരാണ് ഇതുവരെ മരിച്ചത്. 62,778 പേര്‍ രോഗമുക്തി നേടി. തിങ്കളാഴ്ച 1747 പേര്‍ക്കാണ് ചെന്നൈയില്‍ മാത്രം കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചെന്നൈയില്‍ മാത്രം കോവിഡ് സ്ഥിരീകരിച്ച ആകെ കേസുകളുടെ എണ്ണം 46,833 ആയി.
എന്നാൽ ചെന്നൈ കോർപറേഷൻ പരിധിയിൽ രോഗബാധിതരുടെ എണ്ണത്തിൽ നേരിയ കുറവുണ്ടെന്നും കോർപറേഷൻ കമ്മീഷണർ പറഞ്ഞു. ചെന്നൈയിൽ മാത്രം 24,890 പേരാണ് ചികിത്സയിലുള്ളത്. പ്രതിദിനം ശരാശരി 11,000 സാമ്പിളുകളാണ് പരിശോധിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments