KeralaLatest NewsIndia

ഇൻഫർമേഷൻ ടെക്നോളജിയിൽ സ്വപ്നത്തിന്റെ പൊൻവഴികൾ കണ്ടെത്തിയ ആഭാസനായകന്റെ ലീലാവിലാസങ്ങളുടെ നയതന്ത്രം ഇനി കേരളത്തിന് സ്വന്തം : അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

മന്ത്രിസഭയറിയാതെ, ബന്ധപ്പെട്ട വകുപ്പ്മന്ത്രിമാരറിയാതെ കോൺസുലേറ്റിൽ നിന്നും പിരിച്ചുവിടപ്പെട്ട ഒരുവൾക്ക് എങ്ങനെ സംസ്ഥാന ഐ.ടി. വകുപ്പിന് കീഴിലെ കെ.എസ്.ഐ.ടിയിൽ നിയമനം ലഭിച്ചു? അതും ഓപ്പറേഷണൽ മാനേജർ എന്ന പദവിയിൽ.

സ്വർണ്ണച്ചാമരം വീശിയെത്തുന്ന 
സ്വപ്നമായിരുന്നെങ്കിൽ ഞാൻ
സ്വർഗ്ഗ സീമകളുമ്മവെയ്ക്കുന്ന 
സ്വപ്നമായിരുന്നെങ്കിൽ ഞാൻ

യക്ഷിയെന്ന ചിത്രത്തിനു വേണ്ടി വയലാർ-ദേവരാജൻ ടീം ഒരുക്കിയ അനശ്വരമായ ഈ പ്രണയഗാനത്തിനു ഇന്നിന്റെ കേരളരാഷ്ട്രീയചരിത്രത്തിൽ പ്രസക്തി ഏറെയാണ്. ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിലെ മുഖ്യ ആസൂത്രക യു.എ.ഇ. കോൺസുലേറ്റിലെ മുൻ ജീവനക്കാരി സ്വപ്ന സുരേഷെന്ന സ്വപ്നസുന്ദരിക്ക് കേരളസംസ്ഥാനത്തിലെ ഐ. ടി സെക്രട്ടറി ശിവശങ്കരനുമായിട്ടുണ്ടായിരുന്ന ബന്ധത്തിന്റെ തെളിവുകൾ ഒന്നൊന്നായി പുറത്തുവരുമ്പോൾ കേരളസംസ്ഥാനം മൊത്തം ഈ പാട്ട് ഇങ്ങനെ മാറ്റിപ്പാടുന്നു-

സ്വർണ്ണച്ചാമരം വീശിയെത്തുന്ന 
സ്വപ്നയായിരുന്നെങ്കിൽ ഞാൻ; സ്വർഗ്ഗസീമകളുമ്മവെയ്ക്കുന്ന 
സ്വപ്നയായിരുന്നെങ്കിൽ ഞാൻ.

അതെ, ആകാശസീമകളുമ്മ വയ്ക്കുന്ന വിമാനത്തിലേറി കിലോകണക്കിനു സ്വർണ്ണചാമരം കടത്താൻ കഴിയുന്ന സ്വപ്നയാവണമെങ്കിൽ വേണം ഉന്നതങ്ങളിൽ സ്വാധീനവും പാവാടചരടിലൊരു ഐ. ടി സെക്രട്ടറിയും .

കാലത്തിനൊരു കാവ്യനീതിയുണ്ട്. കാലം ചേർത്തുവയ്ക്കുന്ന ചില കണക്കുകളുമുണ്ട്.
സോളാറിന്റെ മറപ്പറ്റി , സരിതയുടെ നിഴൽപ്പറ്റി ഭരണത്തിൽ വന്നൊരു പാർട്ടിയുടെ പങ്ക് വെളിപ്പെടുത്തിയ പല അഴിമതികഥകളും ഇതിനോടകം പുറത്ത് വന്നുകഴിഞ്ഞു. ഇപ്പോഴിതാ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിലെ മുഖ്യ ആസൂത്രക യു.എ.ഇ. കോൺസുലേറ്റിലെ മുൻ ജീവനക്കാരി സ്വപ്ന സുരേഷിനു സംസ്ഥാന ഐ.ടി സെക്രട്ടറിയുമായും മുഖ്യമന്ത്രിയുടെ ഓഫീസുമായും ബന്ധമുള്ളതിന്റെ തെളിവുകൾ ഒന്നൊന്നായി പുറത്തുവരുന്നു. കേരളസംസ്ഥാനചരിത്രത്തിൽ ആദ്യമായാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പദവിയിലിരിക്കുന്ന ഒരാളുടെ ഇടപെടലുകളോടെ രാജ്യദ്രോഹകുറ്റസമാനമായ ഒരു സ്വർണ്ണക്കടത്ത് നടക്കുന്നത്.

സരിതാകേസിൽ ക്ലിഫ്ഹൗസിന്റെ അടുക്കളവരെ കയറിയിറങ്ങിയ പാപ്പരാസികൾ നേരായവണ്ണം രംഗത്തിറങ്ങിയാൽ അഴിമതികളിൽ പലതിന്റെയും അരമനരഹസ്യങ്ങളുടെ താക്കോൽ ക്ലിഫ്ഹൗസിന്റെ ഇടനാഴികളിൽ കണ്ടെത്താൻ കഴിഞ്ഞേക്കും. കേരളത്തിലെ രാഷ്ട്രീയ – മാധ്യമമേഖലയിലെ പലർക്കും കേരളത്തെ നാണംകെടുത്തുന്ന ഈ നെറികെട്ട അടുക്കള-അഴിമതി രാഷ്ട്രീയത്തിന്റെ ഉള്ളുകളികൾ നന്നായിട്ടറിയാമെങ്കിലും ആരും ഒന്നും പറഞ്ഞുവയ്ക്കില്ല. കാരണം ഭരണം കയ്യാളുന്നത് കുഞ്ഞൂഞ്ഞ് എന്ന പാവം പുതുപ്പള്ളിക്കാരനല്ലല്ലോ.അങ്ങനെയായിരുന്നെങ്കിൽ ഉമ്മൻചാണ്ടിയുടെ കുടുംബത്തേക്ക്, അവരുടെ സ്വകാര്യതയിലേക്ക് യാതൊരു ഉളുപ്പുമില്ലാതെ ഓരോ കുപ്രചരണങ്ങൾ പടച്ചുവിടുമായിരുന്നു. ഈ ഭരണത്തിൻ കീഴിൽ ഉണ്ടാവുന്ന അഴിമതി ആരോപണങ്ങളിൽ പഴുതടച്ച് സത്യങ്ങൾ ഉണ്ടായാൽപ്പോലും അതൊക്കെയും രാഷ്ട്രീയമാന്യതയുടെയും മാധ്യമധർമ്മത്തിന്റെയും വരമ്പിൽ തട്ടി തച്ചുടയ്ക്കപ്പെടുന്നത് മാഷാ അള്ളാ സ്റ്റിക്കറുകളെയും ഇന്നോവയെയും പേടിച്ചുതന്നെയാണ്.

സ്വപ്നാ സുരേഷെന്ന ഇന്നിന്റെ വിവാദറാണിയുടെ ഡയറിക്കുറിപ്പിലെ പേരുകളിൽ പലതും ഐ. ടി വകുപ്പിലെ ഉന്നതരിലും മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖരിലേയ്ക്കും വിരൽചൂണ്ടുമ്പോൾ പഴയ സംഭവവികാസങ്ങൾ ഓർമ്മയിലേയ്‌ക്കെത്തുന്നു. അന്നത്തെ മുഖ്യമന്ത്രിയുടെ വെറും ഗൺമാനായ ജോപ്പനുമായിട്ടുളള സരിതയുടെ ബന്ധത്തെ ഇഴകീറി വിശകലനം നടത്തി വയോധികനായ ഒരു മനുഷ്യനെ പരമാവധി പൊതുസമൂഹത്തിൽ താറടിച്ചുകാട്ടാൻ എന്തുത്സാഹമായിരുന്നു ഇവിടുത്തെ മാമാ മാധ്യമങ്ങൾക്ക്. ഇന്നിതാ സോളാറിനേക്കാൾ വളരെ വലിയൊരു ക്രൈം റിക്കാർഡുമായി ഒരു സുരസുന്ദരി ഭരണകൂടത്തിന്റെ ഉന്നതസ്ഥാനം കയ്യാളുന്ന പ്രമുഖനുമായി അടുത്ത ബന്ധം പുലർത്തുന്ന ഒരുവൾ അരങ്ങുനിറഞ്ഞു നില്ക്കുമ്പോൾ ആർക്കും മുഖ്യന്റെ അടുക്കള പൊളിറ്റിക്സും നോക്കേണ്ട, സ്വകാര്യതയും ചികയേണ്ട.

മന്ത്രിസഭയറിയാതെ, ബന്ധപ്പെട്ട വകുപ്പ്മന്ത്രിമാരറിയാതെ കോൺസുലേറ്റിൽ നിന്നും പിരിച്ചുവിടപ്പെട്ട ഒരുവൾക്ക് എങ്ങനെ സംസ്ഥാന ഐ.ടി. വകുപ്പിന് കീഴിലെ കെ.എസ്.ഐ.ടിയിൽ നിയമനം ലഭിച്ചു? അതും ഓപ്പറേഷണൽ മാനേജർ എന്ന പദവിയിൽ. ഏതൊരു വകുപ്പിനു കീഴിലുള്ള ചെറിയ തസ്തികയിലേയ്ക്കുള്ള നിയമനങ്ങൾക്ക് പോലും പോലീസ് ക്ലിയറൻസ് വേണമെന്നിരിക്കെ രണ്ട് പോലീസ് കേസുകൾ നിലവിലുള്ള ഒരുവൾക്ക് എങ്ങനെ ഐ.ടി വകുപ്പിൽ നിയമനം കിട്ടി? പോലീസ് വെറും നോക്കുകുത്തിയാകുന്ന ഭരണവ്യവസ്ഥിതിയല്ലേ ഫാസിസം?
ആരാധകർ ഇരട്ടച്ചങ്കൻ എന്നു വാഴ്ത്തിപ്പാടിയ ചങ്കിനുള്ളിൽ അഴിമതിയുടെ കറപുരണ്ട രഹസ്യങ്ങളുണ്ടോ?

കഴിഞ്ഞ നാല് വർഷങ്ങളായി സർക്കാരുമായി ബന്ധപ്പെടുന്ന പല അനധികൃത ഇടപാടുകളും, പദ്ധതികളും, കച്ചവടങ്ങളുമെല്ലാമായി ഇടനിലക്കാരായി നിന്ന് സ്വയം വളർന്ന വമ്പൻ സ്രാവുകളിവിടെയുണ്ട്. സർക്കാരിൽ പിടിപ്പാടുള്ള ഉന്നതരുടെ മറവിൽ സ്വർണ്ണക്കടത്ത് പോലുള്ള അനധികൃത ഇടപാടുകൾ സുഗമമായി നടത്തുന്നവരുണ്ട്.പക്ഷേ ഭരണമികവിന്റെ ഗ്രാഫ്ചാർട്ട് പപ്പടം പോലെ പൊള്ളിച്ച് ഉയർത്തിക്കാട്ടുന്നതിന്റെ തിരക്കിൽ അണികളും ഭക്തരും പി.ആർ.വർക്കർമാരും അഴിമതികളെ കണ്ടില്ലെന്നു നടിക്കുന്നു. മാത്രമോ ചാനലുകളിൽ വന്നിരുന്ന് ന്യായീകരണത്തിന്റെ മൂന്നാംകിട വരട്ടുവാദം നുണപ്രചാരണങ്ങളും അഴിച്ചുവിടുന്നു.

പാർട്ടിക്ക് കുരുക്ക് മുറുകുന്ന നാറിയ കേസുകളിലെ ചാനൽ ചർച്ചയ്ക്കുള്ള നേർച്ചക്കോഴികളാണ് ജെയ്ക്കും റഹീമും. ഇവറ്റകൾ ചാനലുകളിൽ ഇറങ്ങുമ്പോൾ പൊതുസമൂഹം മനസ്സിലാക്കുന്നു ചർച്ചിക്കാൻ പോകുന്നത് കൈവിട്ടുപ്പോയ നാറ്റക്കേസാണെന്ന്. ജെയ്ക്ക് പിന്നെ വായ തുറക്കുന്നത് നുണ പറയാനും സിന്ദാബാദ് വിളിക്കാനും മാത്രമാണ്. സ്വപ്നയെ കോൺസുലേറ്റിൽ നിയമിച്ചത് ഉമ്മൻചാണ്ടിയാണെന്ന് യാതൊരു ഉളുപ്പും ഇല്ലാതെ തട്ടിവിട്ട ജെയ്ക്കിനെ ഭിത്തിയിലൊട്ടിച്ചു വടിച്ചെടുത്തു ശബരിനാഥൻ. 2016 ഒക്ടോബറിൽ തിരുവനന്തപുരത്തെ മണക്കാട് തുടങ്ങിയ കോൺസുലേറ്റിൽ നിയമനം സ്വപ്നയ്ക്ക് ഉമ്മൻചാണ്ടി നല്കണമെങ്കിൽ പിണറായി വിജയനെന്ന ജെയ്ക്കിന്റെ ഇരട്ടച്ചങ്കൻ മുഖ്യമന്ത്രി സ്വപ്നലോകത്തിലായിരുന്നിരിക്കണം ഭരിച്ചത്.

ചർച്ചയ്ക്കിടെ എതിരാളികൾ നുണകൾ ഒന്നൊന്നായി പൊളിച്ചടുക്കുമ്പോൾ മുഖത്ത് വരുന്ന ഒരു വളിച്ച ചിരിയുണ്ട് ജെയ്ക്കിന് എന്നും സൈക്കിളോടിക്കാൻ നോക്കിയിട്ട് ബാലൻസ് കിട്ടാതെ താഴെവീഴുമ്പോൾ വരുന്ന വളിച്ച മമ്മുക്കോയ സ്റ്റൈൽ ചിരി ഇന്നലെ കണ്ടപ്പോൾ തന്നെ അണികൾ ഉറപ്പിച്ചു ശബരിനാഥനിൽ നിന്നും ഇഷ്ടംപോലെ വാങ്ങിച്ചുകൂട്ടിയെന്ന്! റഹീമാണെങ്കിൽ ന്യായീകരിക്കാൻ പരമാവധി നോക്കി അടപടലം ചീറ്റിയപ്പോൾ മസിലൊക്കെ പെരുപ്പിച്ച് ഭീമൻരഘുവിനെപ്പോലെ വിനുവിനെ നോക്കി കണ്ണുരുട്ടി ഇരുന്നു.

എത്രയൊക്കെ ന്യായീകരിച്ചു മരിച്ചിട്ടും കാര്യമില്ല സഖാക്കളേ.കാര്യങ്ങൾ എല്ലാം പൊതുസമൂഹത്തിനു മനസ്സിലായി കഴിഞ്ഞു. തിരുവനന്തപുരം നഗരത്തിലെ ട്രിപ്പിൾ ലോക്ക്ഡൗൺ പോലും ഈ വിവാദനാരീമണിയെ രക്ഷിക്കാനും അതുവഴി ഉന്നതബന്ധം പുറത്തെത്താതിരിക്കാനുള്ള രാഷ്ട്രീയവരട്ടുവാദത്തിന്റെ ഭാഗമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പക്ഷേ ഒരുകാര്യം ഉറപ്പാണ് സഖാക്കളേ, ശിവശങ്കരനെന്ന മദ്യപാനിയായ സിവിൽസർവ്വന്റ് ഇടനിലക്കാരനായി നിന്ന ഈ വ്യവഹാരത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാണെങ്കിൽ കൂടി അദ്ദേഹത്തിനെ കിടപ്പറയിലെ നീലവിരി തപ്പി പോകാനും സീഡി,പെൻഡ്രൈവ് ഇത്യാദിയുണ്ടെന്നു പറയാനും കുടുംബത്തിലുള്ളവരെ വലിച്ചിഴയ്ക്കാനും പ്രതിപക്ഷത്തുള്ളവർ പോകില്ല.

സ്മാർത്തവിചാരണയെന്ന നെറികെട്ട, തരംതാണ പ്രവൃത്തിയിലൂടെ ഡയറികുറിപ്പ് തപ്പാനും അതുവഴി ഇരയെ കരുവാക്കി അധികാരം നേടാനും പ്രതിപക്ഷം ശ്രമിക്കില്ല.അതിനുകാരണമായി ലൂസിഫറിലെ ആ ഒരൊറ്റ മാസ്സ് ഡയലോഗ് മാത്രമേ പറയാനുള്ളൂ!

അഞ്ജു പാർവ്വതി പ്രഭീഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button