തിരുവനന്തപുരം : സ്വര്‍ണക്കടത്തിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിന്റെ ബന്ധങ്ങളെ ചൊല്ലി രാഷ്ട്രീയ വിവാദം മുറുകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന് തലവേദനയായി ആരാണ് സ്വപ്നയെന്ന ചോദ്യം, സ്വപ്നയെ സംസ്ഥാന ഐടി വകുപ്പിലെ കരാര്‍ ജീവനക്കാരിയാക്കിയത് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് മുഖേനയാണ്. ആരോപണം ഉയര്‍ന്നതോടെ സ്വപ്നയെ പിരിച്ചുവിട്ടതായി ഐടി വകുപ്പ് അറിയിച്ചു. നയതന്ത്ര അധികാരം മറയാക്കിയുള്ള സ്വര്‍ണക്കടത്ത്, ഒരു കേസ് എന്നതിനപ്പുറം രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തുകയാണ്. മുഖ്യ പ്രതിയെന്ന് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്ന സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ളവരുടെ ഉന്നത ബന്ധമാണു വിവാദത്തിന് അടിസ്ഥാനം. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായിരുന്നു സ്വപ്ന.
read also : സ്വപ്‌ന സുരേഷിന്റെ ഫ്‌ളാറ്റില്‍ കസ്റ്റംസ് റെയ്ഡ്
ആറ് മാസം മുന്‍പ് കോണ്‍സുലേറ്റിലെ ജോലി നഷ്ടപ്പെട്ട സ്വപ്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാന ഐടി വകുപ്പിലെ സ്‌പെയ്‌സ് പാര്‍ക്കില്‍ പ്രോജക്ട് കണ്‍സള്‍ട്ടന്റായി കരാര്‍ നിയമനം നേടി. ഇ മൊബിലിറ്റി പദ്ധതിയില്‍ ആരോപണം നേരിടുന്ന പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന്റെ ശുപാര്‍ശയിലായിരുന്നു നിയമനം.
സ്വപ്നയെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്നും ആക്ഷേപമുണ്ട്. ഇതിനിടെ, യുഎഇ കോണ്‍സുലേറ്റിലേക്കുള്ള ബാഗേജില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്തിയ കേസില്‍ മുന്‍ പിആര്‍ഒ സരിത് അറസ്റ്റിലാകുകയും ചെയ്തു. കോണ്‍സുലേറ്റിലെ മുന്‍ ഐടി വിഭാഗം ജോലിക്കാരി സ്വപ്ന സുരേഷിനും ഇടപാടില്‍ പങ്കുണ്ടെന്ന് സരിത് വെളിപ്പെടുത്തി. സരിത് ഉള്‍പ്പെട്ട എട്ട് ഇടപാടുകളെക്കുറിച്ച് കസ്റ്റംസിന് വിവരം ലഭിച്ചു. ഇതില്‍ മൂന്നിടപാടുകള്‍ നടന്നത് കോവിഡ് ലോക്ഡൗണ്‍ കാലത്താണ് എന്നതും ശ്രദ്ധേയമാണ്. സ്വര്‍ണം കടത്തിയ വകയില്‍ പതിനഞ്ച് ലക്ഷത്തോളം രൂപ കമ്മിഷന്‍ ലഭിച്ചതായും സരിത് പറഞ്ഞതായി റിപ്പോര്‍ട്ട് ഉണ്ട്.
Post Your Comments