വാഷിങ്ടൺ : കൊവിഡ് 19 വൈറസ് വായുവിലൂടെ പകരുമെന്ന് ശാസ്ത്രജ്ഞര്‍. ഇതിന് തങ്ങളുടെ പക്കല്‍ തെളിവുകള്‍ ഉണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ലോകാരോഗ്യ സംഘടന കൊവിഡ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കണമെന്നും ശാസ്ത്രസംഘം ആവശ്യപ്പെട്ടു. ന്യൂയോര്‍ക്ക് ടൈംസ് ആണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
32 രാജ്യങ്ങളിൽ നിന്നുള്ള 239 ശാസ്ത്രജ്ഞരടങ്ങുന്ന സംഘമാണ് വായുവിലൂടെ വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുമെന്നതിനുള്ള തെളിവുകൾ ലോകാരോഗ്യ സംഘടനയെ കത്തിലൂടെ അറിയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച ഒരു ശാസ്ത്ര ജേണല്‍ അടുത്ത ആഴ്ചയോടെ പ്രസിദ്ധീകരിക്കാനും ഗവേഷക സംഘം ലക്ഷ്യമിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നിലവിൽ കോവിഡ് ബാധിവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും സംസാരിക്കുമ്പോഴും മൂക്കിലൂടെയും വായിലൂടെയും പുറത്തുവരുന്ന സ്രവത്തിലൂടെ രോഗം മറ്റുള്ളവർക്ക് പകരുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം വൈറസ് വായുവിലൂടെ പകരുമെന്നതിനുള്ള തെളിവുകൾ ബോധ്യപ്പെടുന്നില്ലെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി വായുവിലൂടെയുള്ള രോഗവ്യാപന സാധ്യത ഞങ്ങൾ പരിശോധിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന പലതവണ പറഞ്ഞിരുന്നു. എന്നാൽ ഇത്തരമൊരു സാധ്യതയ്ക്ക് വ്യക്തമായ യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് ഡബ്ല്യുഎച്ച്ഒ അണുബാധ നിയന്ത്രണ തലവൻ ഡോ. ബെനെഡെറ്റ അലെഗ്രാൻസി പറഞ്ഞു.
Post Your Comments