ബിലാസ്പുർ : ഏക മകന്റെ മരണത്തോടെ ഒറ്റയ്ക്കായ മരുമകളെ വിവാഹം കഴിച്ച് ഭർതൃപിതാവ്. ഛത്തീസ്ഗഡിലെ ബിലാസ്പുരിലാണ് സംഭവം നടന്നത്. കൃഷ്ണസിംഗ് രാജ്പുത് എന്ന മധ്യവയസ്കനാണ് സമുദായ അംഗങ്ങളുടെ പിന്തുണയോടെ മകന്‍റെ വിധവയായ ആരതി എന്ന യുവതിയെ വിവാഹം ചെയ്തത്.
2016 ലായിരുന്നു 18 വയസുകാരിയായ ആരതിയും കൃഷ്ണസിംഗിന്‍റെ മകനായ ഗൗതം സിംഗും തമ്മിലുള്ള വിവാഹം നടന്നത്. എന്നാൽ വിവാഹം കഴിഞ്ഞ് രണ്ട് വർഷം (2018) കഴിഞ്ഞതോടെ ഗൗതം മരണമടഞ്ഞു. തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി ഭർതൃപിതാവിന്‍റെ സംരക്ഷണയിൽ കഴിഞ്ഞുവരികയായിരുന്നു യുവതി. എന്നാൽ ഇവരുൾപ്പെട്ട രാജ്പുത് ക്ഷത്രിയ മഹാസഭ അംഗങ്ങൾ യുവതിയുടെ ഭാവി ജീവിതത്തിൽ ആശങ്ക അറിയിച്ചതോടെയാണ് ഇരുവരുടെയും വിവാഹക്കാര്യത്തിൽ തീരുമാനമായത്.
വിധവയായ സ്ത്രീകൾക്ക് വിവാഹം ചെയ്യാമെന്ന ആചാരം പിന്തുടരുന്ന സമുദായം ഇതോടെ ആരതിയുടെ വിവാഹം നടത്താൻ ആലോചനകൾ ആരംഭിച്ചു. ഇതിനായി സംഘടന പ്രസിഡന്‍റ് ഹോരി സിംഗ് ദൗദിന്‍റെ നേതൃത്വത്തിൽ ഒരു ചർച്ചയും നടന്നു. ഈ ചർച്ചയ്ക്കിടെയാണ് ആരതിയെ വിവാഹം ചെയ്യാൻ തയ്യാറാണെന്ന് ഭർതൃപിതാവായ കൃഷ്ണ സിംഗ് അറിയിച്ചത്. യുവതിയും വിവാഹത്തിന് സമ്മതം അറിയിച്ചതോടെ സംഘടന അംഗങ്ങളുടെ നേതൃത്വത്തിൽ ആചാരപൂർവം വിവാഹച്ചടങ്ങുകൾ നടത്തുകയായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഉള്ളതിനാൽ സംഘടന അംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്.
Post Your Comments