പാലാ • കോവിഡ് രൂക്ഷമായ സമയത്ത് ഖത്തറിൽ നിന്നും അടിയന്തിര ശസ്ത്രക്രിയയ്ക്കായി ആദ്യ വിമാനത്തിൽ നാട്ടിലെത്തിച്ച ബിനോയി വിടവാങ്ങി. പനയ്ക്കപ്പാലം പുളിമൂട്ടിൽ ബിനോയി ജോസഫാ (42) ണ് ജീവിതത്തിലേക്ക് തിരിച്ചു വരാൻ ശ്രമിക്കുന്നതിനിടെ നിത്യതയിൽ മറഞ്ഞത്.
ദോഹയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരുന്നതിനിടെ 10 മാസം മുമ്പാണ് അസുഖം കണ്ടെത്തിയത്. തുടർന്നു ഡോക്ടർമാർ അടിയന്തിര മജ്ജ മാറ്റിവയ്ക്കൽ നിർദ്ദേശിച്ചു. മജ്ജ നൽകാനായി സഹോദരി വിമൽ ദോഹയിൽ എത്തുകയും ചെയ്തിരുന്നു. ബിനോയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ശസ്ത്രക്രിയയ്ക്കുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തീകരിച്ചു. ശസ്ത്രക്രിയയുടെ രണ്ടുനാൾ മുമ്പ് ലോക്ഡൗൺ വന്നതോടെ ദോഹയിലെ ഡോക്ടർമാർ കൈയ്യൊഴിഞ്ഞു. രക്തത്തിൻ്റെ ലഭ്യതക്കുറവും മരുന്നുകളുടെ ലഭ്യതക്കുറവും ഉണ്ടാവാൻ സാധ്യത ഉണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ദോഹയിലെ ഡോക്ടർമാർ ശസ്ത്രക്രിയ നടത്താതെ ഒഴിഞ്ഞത്.
തുടർന്നു ബന്ധുക്കൾ എറണാകുളത്തെ അമൃത ആശുപത്രിയിൽ ബന്ധപ്പെട്ടു ശസ്ത്രക്രിയയ്ക്കുള്ള ഏർപ്പാടു ചെയ്തു. നാട്ടിലേയ്ക്ക് വരാനുള്ള ശ്രമം പലതു നടത്തിയെങ്കിലും ഫലവത്തായില്ല. ഇതിനിടെ ബിനോയിയുടെ ബന്ധുവായ കട്ടയിൽ റെജീന സോജൻ അഡ്വ അജി ജോസ് മുഖേന മാണി സി കാപ്പൻ എം എൽ എ യെ വിവരം അറിയിച്ചു.
മാണി സി കാപ്പൻ എം എൽ എ മുൻകൈ എടുത്തതോടെ നാട്ടിലേയ്ക്കുള്ള ആദ്യ വിമാനത്തിൽ ടിക്കറ്റും ലഭിച്ചു.
നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങി അമൃതയിൽ എത്തിയെങ്കിലും ക്വാറൈറ്റ്വൻ നിർദ്ദേശം നിലനിൽക്കുന്നതിനാൽ പ്രവേശനം ലഭിച്ചില്ല. തുടർന്നു ബിനോയിയും ഭാര്യയും നാട്ടിലെത്തി ബന്ധുവിൻ്റെ വീട്ടിൽ ക്വാറൈറ്റ്വയിനിൽ പ്രവേശിച്ചു. ഏതാനും ദിവസം കഴിഞ്ഞപ്പോൾ നില വഷളായി. തുടർന്നു എം എൽ എ യുടെ നിർദ്ദേശപ്രകാരം പ്രസ് സെക്രട്ടറിയായ എബി ജെ ജോസ് അധികൃതരുമായി ബന്ധപ്പെടുകയും തുടർന്നു കോവിഡ് പരിശോധന നടത്തി സർട്ടിഫിക്കേറ്റ് ലഭ്യമാക്കുകയും ചെയ്തു. ഇതിൻ്റെ അടിസ്ഥാനത്തിൽ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ ചികിത്സയ്ക്കൊപ്പം ക്വാറൈറ്റ്വൻ കാലാവധി പൂർത്തിയാക്കിയപ്പോഴേയ്ക്കും ആരോഗ്യസ്ഥിതി കൂടുതൽ വഷളായി. ശസ്ത്രക്രിയയ്ക്കുള്ള സാധ്യത നഷ്ടപ്പെട്ടതോടെ കഴിഞ്ഞ ആഴ്ച ബിനോയി നാട്ടിലേയ്ക്ക് മടങ്ങി. നാട്ടിലെ സ്വകാര്യ ആശുപത്രിയിൽ തുടർ ചികിത്സ നടത്തി വരവെ ഇന്നലെ (04/07/2020) ഉച്ചയോടെ മരണത്തിന് കീഴടങ്ങി.
കളത്തൂർ തലച്ചിറക്കുഴിയിൽ ലീമയാണ് ഭാര്യ. ഏകമകൾ ലിയ. സംസ്കാരം ഇന്ന് (05/07/2020) രണ്ടരയ്ക്ക് പ്ലാശനാൽ സെൻ്റ് മേരീസ് പളളിയിൽ. ബിനോയി ജോസഫിൻ്റെ അകാലനിര്യാണ മാണി സി കാപ്പൻ എം എൽ എ അനുശോചിച്ചു.
Post Your Comments