അഞ്ജു പാര്‍വതി പ്രഭീഷ്
Freedom is not a license to malign the nation . രാഷ്ട്രത്തെ വിഷലിപ്തമാക്കുന്നതിനുള്ള ലൈസൻസല്ല സ്വാതന്ത്ര്യം. ജനാധിപത്യരാജ്യമായ ഇന്ത്യയിൽ പൗരന്മാർക്ക് ലഭിക്കുന്ന നിസ്സീമമായ സ്വാതന്ത്ര്യം ചിലപ്പോഴെങ്കിലും ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നതിന്റെ നേർസാക്ഷ്യമാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി, അതിർത്തിയിൽ പരിക്ക് പറ്റിയ സൈനികരെ സന്ദർശിച്ചു എന്നത് വ്യക്തമാക്കാൻ, സൈന്യത്തിന് വിശദീകരണം കൊടുക്കേണ്ടി വന്ന പരസ്യപ്രസ്താവന. ശരിക്കും നമ്മുടെ ശത്രു അതിർത്തിക്കപ്പുറമുള്ള ചൈനയാണോ അതിർത്തിക്കുള്ളിലെ ഇന്ത്യക്കാരെന്നവകാശപ്പെടുന്ന നമ്മളോ? അതിർത്തിക്കുള്ളിൽ സൈന്യത്തിന്റെ സുരക്ഷിതത്വത്തിനുള്ളിൽ ഇരുന്നുകൊണ്ട് നമ്മൾ സൈനികരെ സന്ദർശിച്ച പ്രധാനമന്ത്രിയുടെ സന്ദർശനം വ്യാജമെന്ന് ആരോപണമുന്നയിക്കുസോൾ , അത് വ്യാജമല്ലാ സത്യമാണെന്ന് സൈന്യത്തെക്കൊണ്ട് പ്രസ്താവനയിറക്കിക്കുമ്പോൾ ലജ്ജകൊണ്ട് തല കുനിക്കണം ഓരോ ഇന്ത്യക്കാരനും.
സ്വന്തം രാജ്യം കാക്കുന്ന സൈനികരെ സന്ദർശിക്കുന്ന പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു തെളിവ് ചോദിക്കുന്ന നെറികെട്ട ജനതയായി നമ്മൾ മാറിയെങ്കിൽ നമ്മൾ സ്വാതന്ത്ര്യമെന്ന വാക്കിനെ വ്യഭിചരിച്ചുതുടങ്ങിയെന്നല്ലേ അർത്ഥം? ഈ ദുരുപയോഗം തുടങ്ങിയിട്ട് നാളുകൾ കുറച്ചധികമായി. പൗരസ്വാതന്ത്ര്യമെന്ന വാക്കിന്റെ മറവിൽ തീവ്രവാദികളെ കൊന്ന് തള്ളുമ്പോൾ അനുശോചനം രേഖപ്പെടുത്തുന്നവരുണ്ട്. നൂറുകണക്കിന് നിരപരാധികളായ ഇന്ത്യക്കാരെ സ്ഫോടനം നടത്തി കൊന്ന തീവ്രവാദിയെ തൂക്കികൊല്ലാൻ പരമോന്നത കോടതി വിധിക്കുമ്പോൾ അതിനെതിരെ തെരുവിൽ ഇറങ്ങുവാൻ തോന്നുന്നത് ഈ സ്വാതന്ത്ര്യബോധം വിഷമയമായി മാറുമ്പോഴാണ്. ശത്രുക്കൾക്ക് തിരിച്ചടി നൽകിയെന്ന് ഇന്ത്യൻ സൈന്യം പറയുമ്പോൾ , ലോകം മുഴുവൻ അത് അംഗീകരിച്ചാലും അതിന് തെളിവ് ചോദിക്കുന്നതും ഈ സ്വാതന്ത്ര്യബോധം എല്ലിന്റെയിടയിൽ കുത്തുമ്പോഴാണ്. ജനാധിപത്യം നൽകുന്ന എല്ലാ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും അനുഭവിച്ച്, സൈന്യം ഒരുക്കുന്ന സകല സുരക്ഷിതത്വവും അനുഭവിച്ച് ,സ്വന്തം രാജ്യത്തിനെ പിന്നിൽ നിന്ന് കുത്തുന്നവരുടെ മനോനിലയാണ് നമ്മുടെ രാജ്യത്തിന്റെ പ്രധാനശത്രു.
രാഷ്ട്രമാണോ രാഷ്ട്രീയമാണോ നിങ്ങൾക്ക് വലുതെന്ന ചോദ്യത്തിന് ഒട്ടും ആലോചിക്കാതെ, അമാന്തിക്കാതെ ,കണ്ണടച്ചുതുറക്കുന്ന വേഗത്തിൽ രാഷ്ട്രമാണ് എനിക്ക് വലുതെന്ന് പറയാൻ കഴിയുന്നവരാണ് യഥാർത്ഥ ഇന്ത്യക്കാർ. അങ്ങനെ രാഷ്ട്രം രാഷ്ട്രീയത്തേക്കാൾ അതീതമായി തോന്നുന്ന ഏതൊരാൾക്കും രാജ്യം അടിയന്തിരസാഹചര്യങ്ങളെ നേരിടുമ്പോൾ രാഷ്ട്രത്തെ നയിക്കുന്നവർക്കൊപ്പം നില്ക്കാനേ തോന്നൂ. അല്ലാതെ രാഷ്ട്രനായകന്റെ രാഷ്ട്രീയം വിഷയമായി തോന്നില്ല. അങ്ങനെ വിഷയമായി തോന്നിയവർക്കു മാത്രമാണ് ആ ലഡാക്ക് സന്ദർശനം വിറളിപ്പിടിപ്പിച്ചത്.
നരേന്ദ്രമോദിയെന്ന ഇന്ത്യയുടെ പ്രധാനമന്ത്രിയോട് എനിക്ക് ആദരവും ബഹുമാനവും തോന്നുന്നത് അദ്ദേഹത്തിന്റെ സംഘപരിവാർ രാഷ്ട്രീയം നോക്കിയല്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിലെ പ്രധാനമന്ത്രിയായി അദ്ദേഹത്തെ തെരഞ്ഞെടുത്തത് ഇവിടുത്തെ ജനങ്ങളാണ്. രണ്ടു വട്ടവും അദ്ദേഹം ആ പദവിയിലെത്തിയത് ഗിമ്മിക്കുകളിലൂടെയോ ഊടുവഴികളിലൂടെയോ അല്ല. വായിൽ കുടുംബവാഴ്ചയുടെ വെള്ളിക്കരണ്ടിയുമായി ജനിച്ച ഒരാളല്ലായിരുന്നു നരേന്ദ്രമോദി. അധികാരത്തിന്റെ ചെങ്കോലും നിശ്ചയിക്കപ്പെട്ട സ്ഥാനാരോഹണത്തിന്റെ വാഴ്ത്തുപ്പാട്ടുകളും അന്യമായിരുന്ന ഒരു സാധാരണക്കാരനിൽ നിന്നും പടിപടിയായി ഉയർന്നു വന്ന്, പതിറ്റാണ്ടുകൾ ഒരു സംസ്ഥാനത്തെ നയിച്ച്, പിന്നീട് രാജ്യത്തെ നയിക്കാൻ പ്രാപ്തി നേടിയ ഒരു ജനനായകനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോടുള്ള വിയോജിപ്പ് ചേർത്തുവച്ചുക്കൊണ്ടുതന്നെ പറയുന്നു നിലവിൽ നരേന്ദ്രമോദിക്ക് തുല്യനായ പ്രാപ്തിയുള്ള ഒരു ജനനേതാവ് ഇന്ത്യയിലില്ല തന്നെ.
നരേന്ദ്രമോദിയെന്ന സംഘപരിവാറുകാരനോട് പോരാടുകയോ കലഹിക്കുകയോ ചെയ്തോളു. പക്ഷേ അത് നേർക്കു നേർ നിന്നാവണം. രാജ്യതാല്പര്യത്തെ മറയാക്കി പിന്നിൽ നിന്നുകുത്തുന്ന മനോനില ഉപയോഗിക്കാതെ ക്രിയാത്മകമായി ജനാധിപത്യരീതിയിൽ പോരാടുകയെന്നതാണ് യുദ്ധനീതി.അല്ലാതെ ഈ രീതിയിലെ കുതന്ത്രങ്ങളാണ് നിങ്ങൾ ആയുധമാക്കുന്നതെങ്കിൽ ജനാധിപത്യ ഇന്ത്യയിലെ അമരത്ത് മോദിക്ക് ഒരു പകരക്കാരനെ കണ്ടെത്താൻ ഇനിയും പതിറ്റാണ്ടുകൾ കാത്തിരിക്കേണ്ടി വരും.
Post Your Comments