ബ്രസൽസ് : യൂറോപ്പും അമേരിക്കയും തമ്മിൽ ഏഴു പതിറ്റാണ്ട് നീണ്ട സൗഹൃദത്തിൽ വിള്ളൽ വീഴുന്നതായി സൂചന. ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡൻറ് സ്ഥാനം ഏറ്റെടുത്തത് മുതൽ 27 രാജ്യങ്ങളുൾക്കൊള്ളുന്ന യൂറോപ്യൻ യൂനിയനുമായി നല്ല ബന്ധമായിരുന്നില്ല. സൈനിക- സാമ്പത്തിക- നയതന്ത്ര വിഷയങ്ങളിലെ സഹകരണം കുറയുകയും ചെയ്തിരുന്നു. എന്നാൽ കോവിഡ് വന്നതോടെ ഈ അകൽച്ച വർധിച്ചതായിട്ടാണ് സൂചന. യൂറോപ്പിലേക്ക് യാത്ര അനുവദിക്കാവുന്ന രാജ്യങ്ങളുടെ പട്ടികയിൽനിന്ന് അമേരിക്കയെ ഒഴിവാക്കിയതിനൊപ്പം കോവിഡ് ആദ്യമായി കണ്ടെത്തിയ ചൈനയെ ‘സുരക്ഷിത രാജ്യ’ പട്ടികയിൽ ഉൾക്കൊള്ളിച്ച് യാത്ര അനുവദിച്ചത് ട്രംപിനെ ഉൾപ്പെടെ ഞെട്ടിക്കുകയും ചെയ്തു.
അമേരിക്കൻ നിയന്ത്രണത്തിൽനിന്ന് മാറി സ്വതന്ത്രമായി നിൽക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് യൂറോപ്യൻ യൂനിയന്റെ ഈ തീരുമാനമെന്നും ഒരു നയതന്ത്ര ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായി ‘സി.എൻ.എൻ’ റിപ്പോർട്ട് ചെയ്തു. പുതിയ ലോകക്രമത്തിൽ എല്ലാവരോടും തുറന്ന നിലപാട് സ്വീകരിക്കുകയാണ് ലക്ഷ്യം. അതേസമയം, അമേരിക്കയെ ഒഴിവാക്കിയതും ചൈനയെ ഉൾപ്പെടുത്തിയതും പൂർണമായും ആരോഗ്യസുരക്ഷ നടപടിയുടെ ഭാഗം മാത്രമാണെന്നും രാഷ്ട്രീയം ഘടകമായിട്ടില്ലെന്നുമാണ് യൂറോപ്യൻ യൂനിയൻ നിലപാട്.
അമേരിക്കയെ സന്തോഷിപ്പിക്കാൻ ചൈനയെ സുരക്ഷിത രാജ്യ പട്ടികയിൽ നിന്ന് ഒഴിവാക്കേണ്ട ആവശ്യമില്ലെന്ന് യൂറോപ്യൻ യൂനിയൻ നയതന്ത്ര പ്രതിനിധികളിൽ ഒരാൾ പറഞ്ഞു. പ്രസിഡൻറ് സ്ഥാനമേറ്റ ശേഷം നിരവധി പ്രാവശ്യം ട്രംപ്, യൂറോപ്യൻ യൂനിയനെതിരെ കടുത്ത നടപടികൾ സ്വീകരിച്ചിരുന്നു. ഒടുവിലായി ജർമനിയിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിച്ചു. പാരീസ് പരിസ്ഥിതി ഉടമ്പടി, ഇറാൻ ആണവ കരാർ, 5 ജി തുടങ്ങിയ വിഷയങ്ങളിലെല്ലാം രണ്ടു വിഭാഗവും വ്യത്യസ്ത നിലപാടാണ് എടുത്തത്. നാലു മാസത്തിനു ശേഷം നടക്കുന്ന അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ അകൽച്ച കൂടുതൽ വർധിക്കുമെന്നും നാറ്റോയെ വരെ ബാധിക്കുമെന്നും ഇവർ കണക്കുകൂട്ടുന്നു.
Post Your Comments