ലാലൂജോസഫ്
ഇരുന്നൂറ്റി നാൽപത്തി നാലു വർഷം മുൻപ് 1776 ജൂലൈ നാലിന് പതിമൂന്ന് അമേരിക്കൻ സംസ്ഥാനങ്ങൾ ചേർന്ന് ബ്രിട്ടൻറെ നിയന്ത്രണ – ഉടമസ്ഥാവകാശത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. അന്ന്, അമേരിക്ക ബ്രിട്ടീഷ് രാജഭരണത്തിൽ നിന്ന് മോചനം നേടുകയും ബ്രിട്ടൻറെ രാഷ്ട്രീയാധികാരം അവസാനിപ്പിക്കുകയും ചെയ്തു. പതിമൂന്ന് സംസ്ഥാനങ്ങൾ ചേർന്ന് സ്വാതന്ത്ര്യം നേടിയതിൻറെ ഓർമ്മക്കായി ജൂലൈ നാലിന് രാവിലെയും വൈകുന്നേരവും 13 ആചാരവെടികൾ മുഴക്കിയാണ്, അമേരിക്ക സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. കൂടാതെ സല്യൂട്ട് ഓഫ് ദി യൂണിയൻ എന്ന പേരിൽ ഓരോ സംസ്ഥാനത്തെയും തിരഞ്ഞെടുക്കപ്പെട്ട സൈനിക താവളത്തിൽ ഉച്ചയ്ക്ക് ഓരോ ആചാരവെടിയും മുഴക്കും. സേനയും സേനാംഗങ്ങളും ആദരിക്കപ്പെടുക നവംബർ പതിനൊന്നിന് വെറ്ററൻസ് ദിനത്തിലാണ്.
സ്വാതന്ത്ര്യാനന്തരം, ബ്രിട്ടൻ രണ്ട് തവണ അമേരിക്കയുടെ തലസ്ഥാനം ആക്രമിച്ചു. 1800 കളുടെ തുടക്കത്തിലായിരുന്നു അത്. ഇരുവട്ടവും അമേരിക്ക തലസ്ഥാനം പുതുക്കിപ്പണിതു. പിന്നീടിങ്ങോട്ട് മറ്റു രാജ്യങ്ങളെ ആക്രമിച്ച ചരിത്രമേ അമേരിക്കക്കുള്ളൂ.
തോമസ് ജെഫേഴ്സൺ അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് സ്വാതന്ത്ര്യ പ്രഖ്യാപന ബിൽ തയ്യാറാക്കി അവതരിപ്പിച്ചത്. അദ്ദേഹത്തെക്കൂടാതെ ജോൺ ആഡംസ്, ബെഞ്ചമിൻ ഫ്രാങ്ക്ലിൻ, റോജർ ഷെർമാൻ, റോബർട്ട് ലിവിങ്സ്റ്റൺ എന്നിവരും സമിതിയിലുണ്ടായിരുന്നു. ജെഫേഴ്സണും ആഡംസും പിൽക്കാലത്ത് അമേരിക്കൻ പ്രസിഡണ്ടുമാരായി. യാദൃശ്ചികമായിട്ടാണെങ്കിലും ഇവർ രണ്ടുപേരും മരിച്ചത് ജൂലൈ നാലിനാണ് 1826 ൽ.
അമേരിക്കയുടെ സ്ഥാപകരും ഭരണഘടനാ നിർമാതാക്കളും തങ്ങളുടേത് ജനാധിപത്യമല്ലെന്ന ചിന്താഗതിക്കാരായിരുന്നു. അമേരിക്കൻ ഭരണഘടനയിലെ നാലാം അനുഛേദത്തിൻറെ നാലാം വകുപ്പ് പ്രകാരം കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും റിപ്പബ്ലിക് ഭരണസംവിധാനം വ്യവസ്ഥ ചെയ്തിരിക്കുന്നു. റിപ്പബ്ലിക്കിനോടും അമേരിക്കൻ കൊടിയോടും വിധേയത്വം പ്രഖ്യാപിക്കുന്ന പ്രതിജ്ഞയാണ് അമേരിക്കക്കാർ എടുക്കാറുള്ളത്.
എല്ലാ റിപ്പബ്ലിക്കുകളും ജനാധിപത്യ രാജ്യങ്ങളാണെങ്കിലും ജനാധിപത്യങ്ങളൊക്കെ റിപ്പബ്ലിക് ആവണമെന്നില്ല. രാഷ്ട്രത്തലവന്മാരെ തെരഞ്ഞെടുക്കുന്ന രാജ്യങ്ങളാണ് റിപ്പബ്ലിക്കുകൾ. തെരഞ്ഞെടുക്കപ്പെടുന്ന ഭരണസംവിധാനമുള്ളവയെ ജനാധിപത്യം എന്നും പറയുന്നു.
പ്രസിഡൻറിനേയും സംസ്ഥാന ഗവർണർമാരെയും കേന്ദ്ര സംസ്ഥാനങ്ങളിൽ ജനപ്രതിനിധി സഭകളേയും തിരഞ്ഞെടുക്കുന്ന അമേരിക്ക, ഇന്ത്യ- റഷ്യ- ചൈന എന്നിവയെപ്പോലെ ഒരേസമയം ജനാധിപത്യവും റിപ്പബ്ലിക്കുമാണ്. ജനാധിപത്യ റിപ്പബ്ലിക് എന്ന് പറയുന്നതാവും ഉചിതം. ജനങ്ങൾ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധിസഭയുണ്ടെങ്കിലും ഭരണത്തലവൻ രാജ്ഞിയായതിനാൽ. ബ്രിട്ടനിലേത് ഭരണഘടനാപരമായ രാജവാഴ്ചയാണ്.
കറുപ്പിനെന്ത് ജൂലൈ നാല് – കരിനിഴലിലായ സ്വാതന്ത്ര്യദിനം
മേരിലാൻഡിലെ അടിമതാവളത്തിൽ നിന്നും രക്ഷപ്പെട്ട് സമൂഹ പരിഷ്കർത്താവും എഴുത്തുകാരനുമായിത്തീർന്ന ഫ്രെഡറിക് ഡഗ്ലസിൻറെ 1852 ലെ കറുപ്പിനെന്ത് ജൂലൈ നാല് എന്ന വിഖ്യാത പ്രസംഗം അമേരിക്കയിലാകെ വീണ്ടും തരംഗമാവുകയാണ്. രാജൃത്ത് വംശീയ ആക്രമണങ്ങൾക്കെതിരെ പ്രതിഷേധ മാർച്ചുകളുടെ കുത്തൊഴുക്കാണ്. ഭരണ സംവിധാനത്തിൻറെ ആണികല്ലുകളായ സ്വാതന്ത്ര്യം സമത്വം സമൃദ്ധി എന്നിവയ്ക് ഇളക്കം തട്ടിയിരിക്കുന്നു.
മിനിയാപൊലീസിൽ വെളുത്ത പോലീസുകാരൻറെ കാൽമുട്ടിനടിയിൽ കറുത്ത വർഗക്കാരൻ ജോർജ് ഫ്ലോയ്ഡ് ശ്വാസംമുട്ടി മരിച്ചത് പ്രതിഷേധങ്ങൾക്കു വഴി വെച്ചു. കറുപ്പിന് ശ്വാസം മുട്ടുന്നു എന്ന പേരിൽ ആഞ്ഞടിച്ച പ്രതിഷേധ കൊടുങ്കാറ്റ് പലയിടങ്ങളിലും സ്മാരക പ്രതിമകൾ തകർക്കപ്പെടുന്ന സ്ഥിതിവരെയെത്തി. 1991ൽ സോവിയറ്റ് യൂണിയൻ വിഭജന കാലത്ത് റഷൃയിൽ പലയിടത്തും ലെനിൻറെയും സ്റ്റാലിൻറെയും പ്രതിമകൾ തകർത്തപ്പോൾ ആഘോഷമാക്കിയ നാറ്റോ സഖ്യരാജൃങ്ങളിൽ പലതിലും വംശീയവിരുദ്ധ പ്രതിഷേധത്തിൻറെ ഭാഗമായി പ്രതിമകൾ തകർക്കപ്പെട്ടു. അമേരിക്കയിൽ സ്മാരക സംരക്ഷണത്തിനായി ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിറക്കി. ജൂൺ 26ന് പ്രസിഡണ്ട് ഒപ്പുവെച്ച ഉത്തരവുപ്രകാരം സ്മാരകങ്ങൾ തകർക്കുന്നത് 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.
കൊറോണ വൈറസ് ഭീഷണിയും കറുത്തവർഗക്കാർക്കു നേരെയുള്ള അതിക്രമങ്ങൾ ഉയർത്തിവിട്ട പ്രതിഷേധങ്ങളും ഇത്തവണ സ്വാതന്ത്ര്യ ദിനാഘോഷത്തിനുമേൽ കരിനിഴലിൽ വീഴ്തിയിരിക്കുന്നു. കോവിഡ് രോഗം പടർന്നു പിടിക്കുന്നതു തടയുന്നതിൽ ട്രംപ് ഭരണകൂടം പരാജയപ്പെട്ടു എന്ന വിലയിരുത്തലും വരുന്നുണ്ട്.
സ്വാതന്ത്ര്യ ദിനത്തിൽ ഔദ്യോഗിക ആഘോഷ പരിപാടികളിൽ പ്രസിഡണ്ട് പങ്കെടുക്കുന്ന ആഘോഷ വേദിയാണ് ശ്രദ്ധാകേന്ദ്രം. ഇക്കുറി അതും വിവാദത്തിലാണ്. സൗത്ത് ഡക്കോട്ടയിൽ മൗണ്ട് റഷ്മോറിലെ കരിമരുന്ന് പ്രയോഗം കാണാനെത്തുമെന്നാണ് ട്രംപ് അറിയിച്ചത്. വെള്ളക്കാരുടെ വംശീയാധിപതൃത്തിന് കുപ്രസിദ്ധമാണത്രേ റഷ്മോർ. തൻറെ സ്വാതന്ത്ര്യ ദിനാഘോഷം റഷ്മോറിലാക്കുക വഴി വെള്ളക്കാരിൽ ദേശീയ വികാരമുണർത്തി താൻ അവരോടൊപ്പമാണെന്ന സന്ദേശം നൽകാനാണ് ട്രംപ് ഉദ്ദേശിക്കുന്നതെന്ന് വിമർശക പക്ഷം. വെള്ളക്കാരുടെ വോട്ട് ലക്ഷൃമിട്ടുള്ള രാഷ്ട്രീയ ജിമ്മിക്ക് എന്ന പരിഹാസവും ഉണ്ട്.
നാലുമാസ്സങ്ങൾക്കപ്പുറം നവംബർ മൂന്നിന് നടക്കുന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ രണ്ടാംതവണയും വിജയമാഗ്രഹിക്കുന്ന ട്രംപ്, തന്നെ ആദൃ തവണ (2016ൽ) തുണച്ച ദേശീയ വികാരം വീണ്ടും പുറത്തെടുക്കുന്നതിൻറെ ഭാഗമായി ചൈനാ വിരുദ്ധ നിലപാടുകൾ പരസൃമായി സ്വീകരിക്കുകയാണ്. കൊറോണ വൈറസ് വ്യാപന വിവരങ്ങൾ സമയോചിതമായി നൽകിയില്ല എന്നതും ഹോംങ്കോങിനുമേൽ ചൈന തങ്ങളുടെ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നു എന്നുള്ളതുമാണ് ചൈനാ വിരോധത്തിനു കാരണമായി ട്രംപ് ഉയർത്തിക്കാട്ടുന്നത്. ഒപ്പം അമേരിക്കയിലെ ജോലി അമേരിക്കക്കാർക്ക് എന്ന മണ്ണിൻറെ മക്കൾ വാദവും അദ്ദേഹമിപ്പോൾ. അവതരിപ്പിക്കുന്നു. വിദേശികൾക്ക് ഈ വർഷാവസാനംവരെ ഏർപ്പെടുത്തിയ തൊഴിൽ വിസാ വിലക്കിന് കൈയ്യടിയും കല്ലേറും കിട്ടുന്നുണ്ട്. ഈ തീരുമാനം അമേരിക്കയോട് അടുപ്പം പുലർത്തുന്ന രാജൃങ്ങൾക്ക് പ്രത്യേകിച്ച് ഇന്തൃക്ക് തിരിച്ചടിയാണ്. ആയിരക്കണക്കിന് ഇന്തൃക്കാർക്ക് തൊഴിലവസ്സരം നഷ്ടമാകും. പലർക്കും ഇനിയൊരവസ്സരം കിട്ടുമെന്നുറപ്പില്ല.
ചുരുക്കത്തിൽ ഈ വർഷത്തെ അമേരിക്കൻ സ്വാതന്ത്ര്യ ദിനം ട്രംപിനും അമേരിക്കക്കും ശുഭസൂചകമല്ലതന്നെ.
Post Your Comments