ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി സമരത്തിന്റെ മറവിൽ ഡല്‍ഹിയില്‍ നടന്ന കലാപങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം വിവാദ മത പ്രാസംഗികൻ സക്കീര്‍ നായികിലേക്കും. ഡല്‍ഹിയില്‍ നടന്ന അക്രമ സംഭവങ്ങളുടെ മുഖ്യ സൂത്രധാരന്‍ ഖാലിദ് സയ്ഫി സക്കീര്‍ നായിക്കുമായി കൂടിക്കാഴ്ച നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തി. കലാപത്തിന് വിദേശത്തു നിന്നും സയ്ഫിക്ക് പണം ലഭിച്ചതിന്റെ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഡല്‍ഹി പോലീസ് പ്രത്യേക സെല്‍ അറിയിച്ചു.
മാര്‍ച്ച് മാസത്തിലാണ് ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് സെയ്ഫിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പാസ്‌പോര്‍ട്ടും പോലീസ് പിടിച്ചെടുത്തിരുന്നു. ഇയാളുടെ പാസ്‌പോര്‍ട്ട് പരിശോധിച്ചതില്‍ നിന്നാണ് മലേഷ്യ സന്ദര്‍ശനം സംബന്ധിച്ച വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. കലാപത്തിനായി പണം സമാഹരിക്കുന്നതിയി സയ്ഫി നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഇതിനിടെയാണ് സാകിര്‍ നായിക്കുമായും കൂടിക്കാഴ്ച നടത്തിയത്.
ഡൽഹി കലാപ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ ആം ആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനുമായും ജെഎന്‍യു നോതാവ് ഒമര്‍ ഖാലിദുമായി സയ്ഫി സംസാരിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സക്കീര്‍ നായിക്കുമായി കൂടിക്കാഴ്ച നടത്തിയതിന്റെ വിവരങ്ങള്‍ അന്വേഷണ സംഘം പുറത്തുവിട്ടിരിക്കുന്നത്. കലാപത്തിന് വിദേശത്തു നിന്നും പണം സമാഹരിച്ച സംഭവത്തില്‍ താഹിര്‍ ഹുസൈനും ഒമര്‍ ഖാലിദും അന്വേഷണം നേരിടുന്നുണ്ട്.
ഖാലിദ് സയ്ഫി സിംഗപ്പൂരിലെ എന്‍ആര്‍ഐയുടെ അക്കൗണ്ട് വഴിയാണ് വിദേശത്തു നിന്നും കലാപത്തിനായി രാജ്യത്തേക്ക് പണം അയച്ചിരിക്കുന്നത്. ഗാസിയാബാദിലുള്ള സയ്ഫിയുടെ ചില ബന്ധുക്കളാണ് ഫണ്ട് സ്വീകരിച്ചിരുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ ഇവരെ നിലവില്‍ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ പ്രകോപനകരമായ പ്രസംഗം നടത്തിയ കോണ്‍ഗ്രസ് മുനിസിപ്പല്‍ കൗണ്‍സിലര്‍ ഇസ്രത്ത് ജഹാനും കലാപത്തിന് വിദേശത്തു നിന്നും ഫണ്ട് ശേഖരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇസ്രത്ത് ജഹാനെതിരെയും അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments