അബുദാബി: അബുദാബി ഡ്യൂട്ടിഫ്രീ ബിഗ് ടിക്കറ്റ് ബമ്പര്‍ സമ്മാനം മലയാളികൾ ഉൾപ്പെടെയുള്ള 20 അംഗ സംഘമെടുത്ത ടിക്കറ്റിന്. 15 ദശലക്ഷം ദിര്‍ഹം (ഏകദേശം 30.5 കോടി രൂപ) ആണ് സമ്മാനത്തുക. കണ്ണൂര്‍ കൂത്തുപറമ്പ് മൂരിയാട് സ്വദേശി നൗഫല്‍ മായന്‍ കളത്തിലിനും കൂട്ടുകാര്‍ക്കുമാണ് ബമ്പറടിച്ചത്. ദുബായിൽ ഭാര്യക്കും രണ്ടുമക്കൾക്കുമൊപ്പം കഴിയുന്ന ഇദ്ദേഹം ജൂൺ 25-ന് എടുത്ത 101341 നമ്പർ ടിക്കറ്റിലൂടെയാണ് ഭാഗ്യം തേടിവന്നത്.
2005 മുതല്‍ യു.എ.ഇ.യില്‍ പെട്രോളിയം ഡ്രില്ലിങ് കമ്പനിയില്‍ ജോലിചെയ്യുകയാണ് നൗഫല്‍. ബിഗ് ടിക്കറ്റിന്റെ നറുക്കെടുപ്പ് ഓണ്‍ലൈനായി നൗഫലും കാണുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഫോൺ ലഭിച്ചപ്പോൾ സംശയമേതും ഇല്ലായിരുന്നെന്ന് നൗഫൽ പറഞ്ഞു. ഭര്യയാണ് ടിക്കറ്റ് നമ്പര്‍ തിരഞ്ഞെടുത്തത്.
ഒരുവർഷം ആറു ടിക്കറ്റ് ഇവരെടുക്കാറുണ്ട്. എന്നാൽ ആ സമയം ടിക്കറ്റ് നമ്പറിനെക്കുറിച്ച് ഭാര്യയുമായി വഴക്കിട്ടിരുന്നു. എന്നാൽ ഇപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു- നൗഫൽ പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭാവി സുരക്ഷിതമാക്കുന്നതിനുംവേണ്ടി തുക ഉപയോഗിക്കാനാണ് നൗഫലിന്റെ തീരുമാനം.
ഭാഗ്യവാന്മാരായ മറ്റ് ഇരുപതുപേരിൽ ജോലി അനിശ്ചിതത്വത്തിലായവരും സന്ദർശക വിസയിലെത്തിയവരും ഉണ്ടെന്ന് ഇവരിലൊരാളായ കണ്ണൂർ സ്വദേശി ജലീൽ പറഞ്ഞു. മലയാളികള്‍ക്ക് പുറമെ ഒരു യു.പി. സ്വദേശിയും ചെന്നൈ സ്വദേശിയുമുണ്ട് സംഘത്തില്‍. അതേസമയം എല്ലാവരെയും ഒരുമിച്ച് കാണാന്‍ ഇതുവരെയായിട്ടില്ല. എങ്കിലും ഇതിലൂടെ ഇരുപത് വീടുകളിലാണ് സന്തോഷം നിറയുന്നത് ജലീൽ പറഞ്ഞു. കോവിഡിൽ ബുദ്ധിമുട്ടുന്നവർക്ക് സഹായം നൽകുന്നതടക്കമുള്ള ക്ഷേമപ്രവർത്തനവും എല്ലാവരും ചേർന്ന് തീരുമാനിക്കുമെന്ന് ജലീൽ വ്യക്തമാക്കി.
ബമ്പറിന് പുറമെ ഇത്തവണ ബിഗ്ടിക്കറ്റ് 15 നറുക്കുകളാണ് എടുത്തത്. ഇതിൽ രണ്ടും നാലും പതിനഞ്ചും സ്ഥാനത്തിന് യഥാക്രമം പാകിസ്താൻ, ഫിലിപ്പീൻസ്, ബംഗ്ലാദേശ് സ്വദേശികൾ അർഹരായി. ബാക്കി 12 നറുക്കും ഇന്ത്യക്കാർക്കാണ് ലഭിച്ചത്. ബിഗ്ടിക്കറ്റ് ആഡംബര കാർ നറുക്കും ഇന്ത്യക്കാരനാണ് ലഭിച്ചത്.
Post Your Comments