KeralaLatest News

പ്രവാസിയായ സുഗതന്റെ മക്കള്‍ക്ക് ആശ്വാസം, വര്‍ക് ഷോപ്പ് പൊളിച്ച്‌ മാറ്റില്ലെന്ന് പഞ്ചായത്ത്

നിയമപരമായ നടപടി പൂര്‍ത്തിയാക്കി ലൈസന്‍സ് നല്‍കാനാണ് പഞ്ചായത്തിന്റെ തീരുമാനം.

പത്തനാപുരം: പ്രവാസിയായ സുഗതന്റെ മക്കള്‍ക്കെതിരെ പഞ്ചായത്ത് നോട്ടീസ് നല്‍കിയതായി വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും വര്‍ക് ഷോപ്പിന്റെ ലൈസന്‍സിനായി സുഗതന്റെ മക്കള്‍ അപേക്ഷ നല്‍കിയിട്ടില്ലന്നും പഞ്ചായത്ത് പ്രസിഡന്റ് അജിമോഹന്‍ പറഞ്ഞു. പ്രാദേശിക നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വര്‍ക് ഷോപ്പ് നില്‍ക്കുന്ന സ്ഥലം ഡാറ്റാ ബാങ്കില്‍ നിന്ന് ഒഴിവാക്കിയതാണ്. നിയമപരമായ നടപടി പൂര്‍ത്തിയാക്കി ലൈസന്‍സ് നല്‍കാനാണ് പഞ്ചായത്തിന്റെ തീരുമാനം.

ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറും അനുകൂല റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.മുഖ്യമന്ത്രി വരെ ഇടപെട്ടതിനെ തുടര്‍ന്നാണ് പാര്‍ട്ടിക്കുള്ളില്‍ ലൈസന്‍സിനായി തീരുമാനം ഉണ്ടായത്. അദ്ദേഹം നല്‍കിയ ഉറപ്പിലാണ് ഉപകരണങ്ങള്‍ക്കും മറ്റുമായി 8 ലക്ഷത്തിലധികം രൂപ ചെലവഴിച്ച്‌ മക്കളായ സുജിത്, സുനില്‍ എന്നിവര്‍ വര്‍ക് ഷോപ്പ് പ്രവര്‍ത്തനം തുടങ്ങിയത്.പ്രാദേശവാസിയായ വി.എം. കുര്യന്റെ പേരിലുള്ള 14.5 സെന്റ് ഭൂമി മൂന്നു വര്‍ഷത്തേക്ക് പാട്ടത്തിനെടുത്താണ് സുഗതന്‍ വര്‍ക് ഷോപ്പ് നിര്‍മ്മാണം തുടങ്ങിയത്.

പാര്‍ട്ടികളുടെ എതിര്‍പ്പ് രൂക്ഷമായതോടെ 2018 ഫെബ്രുവരി 23ന് സുഗതന്‍ നിര്‍മ്മാണത്തിലിരുന്ന വര്‍ക് ഷോപ്പില്‍ തന്നെ ആത്മഹത്യ ചെയ്യുകയായിരുന്നു.പ്രവാസിയായ സുഗതന്‍ ആത്മഹത്യ ചെയ്തത് സ്ഥലത്ത് എ.ഐ.വൈ.എഫ് കൊടി നാട്ടി പണി മുടക്കിയതിനാലാണെന്നും വര്‍ക് ഷോപ്പ് നിര്‍മിക്കാന്‍ കഴിയാത്ത സാഹചര്യത്തിലായിരുന്നു ആത്മഹത്യയെന്നും സംഭവം ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പ്രതികരിച്ചിരുന്നു.

സുഗതന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് എ.ഐ.വൈ.എഫ് നേതാക്കള്‍ പൊലീസില്‍ കീഴടങ്ങിയിരുന്നു. തങ്ങളല്ല സുഗതന്റെ മരണത്തിന് ഉത്തരവാദികളെന്നും നിയമലംഘനം നടത്താന്‍ കൂട്ടുനിന്ന സര്‍ക്കാര്‍ ജീവനക്കാരും പഞ്ചായത്ത് അധികാരികളുമായിരുന്നു എന്നായിരുന്നു എ.ഐ.വൈ.എഫിന്റെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button