ലോക്ക് ഡൗൺ കാലത്ത് ഏറ്റവും ചർച്ചയായ ഒരു സിനിമയാണ് സൂഫിയും സുജാതയും. ഒ.ടി.ടി പ്ലാറ്റ് ഫോമിൽ പ്രദർശനത്തിനെത്തിയ ആദ്യ മലയാള ചിത്രമാണിത് . ബോളിവുഡ് തെന്നിന്ത്യൻ താരം ആദിതി റാവൂ ജയസൂര്യ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ജയസൂര്യ- വിജയ് ബാബു ഹിറ്റ് കൂട്ട്കെട്ട് എന്നതിൽ ഉപരി ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റാണ് നടി അദിതി റാവൂ. അന്യ ഭാഷ ചിത്രങ്ങളിലൂടെ വളരെ നേരത്തെ തന്നെ അദിതി പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. സൂഫിയും സുജാതയും ചിത്രത്തിന്റെ ടീസറും ട്രെയിലറും ഗാനങ്ങളുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗാനങ്ങൾ പുറത്ത് വന്നപ്പോൾ തന്നെ മലയാളികളുടെ പ്രിയതാരം ശോഭനയുമായി അദിതിയെ പലരും താരതമ്യപ്പെടുത്തിയിരുന്നു. രൂപസാദൃശ്യം കൊണ്ട് മാത്രമായിരുന്നില്ല ഇത്. രണ്ട് പേരും മികച്ച നർത്തകിമാർ കൂടിയാണ്.
സൂഫിയും സുജാതയ്ക്കും മുൻപ് മമ്മൂട്ടി ചിത്രമായ പ്രജാപതിയിൽ ഒരു ഡാൻസറായി താരം എത്തിയിരുന്നു. അതൊരിക്കലും തന്റെ ആദ്യ മലയാള ചിത്രമായി കാണുന്നില്ലെന്നും അദിതി പറയുന്നു. ഒരു ഡാൻസർ മാത്രമായിട്ടായിരുന്നു ആ ചിത്രത്തിലേയ്ക്ക് എത്തിയത്. ഒരു നടിയായിട്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഞാൻ എന്റെ ആദ്യ ചിത്രമായി കാണുന്നില്ലന്നും അദിതി പറഞ്ഞു. ഞാനൊരു നടിയായതിന് ശേഷമാണ് സൂഫിയും സുജാതയ്ക്കും വേണ്ടി അണിയറ പ്രവർത്തകർ എന്നെ സമീപിച്ചത്. ഒരു നടി എന്ന നിലയിൽ ഞാൻ ചെയ്ത കഥാപാത്രങ്ങളെല്ലാം വളരെ ആസ്വദിച്ചാണ് ചെയ്യുന്നത്. 20 മിനിറ്റ് മാത്രം ലഭിച്ചാലും രണ്ട് മണിക്കൂർ ലഭിച്ചാലും, കാണികൾ ഞാൻ ചെയ്ത കഥാപാത്രത്തെ അവരുടെ ഹൃദയങ്ങളിൽ സ്വീകരിക്കുകയാണെങ്കിൽ അതിനാണ് ഞാൻ പ്രാധാന്യം നൽകുന്നത്.
ശോഭനയുമായി പ്രേക്ഷകർ താരതമ്യപ്പെടുത്തുമ്പോൾ ആദിതിയ്ക്ക് പറയാനുളളത് ഇതാണ്.ഒരു മാധ്യമത്തിന് നൽകിയ ഇന്റർവ്യൂവിൽ ആണ് താരം ഇങ്ങനെ പറഞ്ഞത്. ഇത് വളരെ സന്തോഷം നൽകുന്ന കാര്യമാണെന്നാണ് അദിതി പറയുന്നത്. ഇത്രയും വലിയൊരു സ്ഥാനത്തിരിക്കുന്ന നടിയുമായി എന്നെ താരതമ്യം ചെയ്യുമ്പോൾ തീർച്ചയായും വളരെ സന്തോഷമാണ്. അങ്ങേയറ്റം അനുഭവപരിചയമുള്ള നടിയാണ് ശോഭന. വളരെയേറെ നേട്ടങ്ങൾ അവർ സ്വന്തമാക്കിയിട്ടുണ്ട്. മികച്ച നർത്തകി കൂടിയാണ് ശോഭന.
ശോഭനയെ മലയാളി പ്രേക്ഷകർ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് എനിയ്ക്ക് അറിയാവുന്നതാണ്. അതുകൊണ്ട്, ആ നിലയിലുളള ഒരാൾക്ക് സമാനമായി എന്നെ കാണുന്നു എന്നത് ഒരേ സമയം അംഗീകാരവും ഭാരിച്ച ഉത്തരവാദിത്വവുമായി ഞാൻ കരുതുന്നു. ഇത് എന്നെ അഗാധമായി സ്പർശിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം നമുക്ക് എല്ലാവർക്കും നമ്മുടേതായ പ്രത്യേക സഞ്ചാരപാഥമുണ്ട്. അത് നമുക്ക് മാത്രം അവകാശപ്പെട്ട വ്യത്യസ്തകളുണ്ടെന്നും അദിതി പറയുന്നു. അതൊരു വലിയ ആദരമായി തന്നെ ഞാൻ കാണുന്നു. ഒരുപാട് നന്ദിയുണ്ടെന്നും നടി പറഞ്ഞു.
തനിക്ക് ഭാഷ വ്യത്യാസമില്ല, ഇത്തരത്തിലുള്ള വേർ തിരിവ് ഞാൻ ഇഷ്ടപ്പെടുന്നില്ല. എപ്പോഴും നോക്കുന്നത് ചിത്രത്തിന്റെ സംവിധായകൻ ആരാണെന്നും, കഥയും തന്റെ കഥപാത്രവും അണിയറ പ്രവർത്തകരേയും മാത്രമാണ് നോക്കുന്നത്. ചലച്ചിത്രങ്ങൾ വികാരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.വികാരങ്ങൾക്ക് ഭാഷയില്ല.എനിക്ക് ഈ കാര്യങ്ങളാണ് പ്രധാനമായിട്ടുള്ളത്. ഞാൻ സംസാരിക്കുന്ന ഭാഷ പ്രസക്തമല്ല- അദിതി പറയുന്നു.
Post Your Comments