കോട്ടയം: ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തെ ചൊല്ലിയുള്ള ഇടതു മുന്നണിയിലെ ഭിന്നതകൾക്കിടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ജോസ് കെ മാണി വിഭാഗം ഇടത് മുന്നണിയിലേക്ക് വരുന്നതിനുള്ള സാധ്യത തെളിഞ്ഞതോടെ സി പി ഐ അപ്രത്യക്ഷമാകുമോയെന്ന് കാനത്തിന് പരിഭ്രാന്തി തുടങ്ങിയതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ജോസ് വിഭാഗം ഇടതുമുന്നണിക്ക് ഗുണം ചെയ്യില്ലെന്ന് കാനം രാജേന്ദ്രൻ തുറന്നടിച്ചിരുന്നു. രാവിലെ പത്തര മുതൽ തിരുവനന്തപുരം എ കെ ജി സെന്ററിലാണ് യോഗം. മുന്നണി വിപുലീകരണത്തിൽ സി പി ഐ യുടെ എതിർപ്പ് മറികടക്കാനുള്ള വഴികളായിരിക്കും നേതൃയോഗത്തിലെ മുഖ്യ ചർച്ച വിഷയം.
കോടിയേരിയുടെയും എ.വിജയ രാഘവന്റെയും മൃദു സമീപനങ്ങൾക്ക് പിന്നാലെ ആയിരുന്നു ഇത്. സ്വാഭാവികമായും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേയും ചർച്ചയും മറ്റൊന്നാകില്ല. ജോസ് പക്ഷത്തെ പുറത്താക്കിയത് വഴി യുഡിഎഫിലുണ്ടായ പ്രതിസന്ധി രാഷ്ട്രീയമായി ഉപയോഗപ്പെടുത്തണമെന്നാണ് സിപിഎം നിലപാട്.
കെ.എം മാണിയോടുള്ള എതിർപ്പ് അദ്ദേഹത്തിന്റെ അഭാവത്തിൽ കേരളാ കോൺഗ്രസിനോട് പ്രകടിപ്പിക്കേണ്ടതില്ലെന്നാണ് പാർട്ടി നിലപാട്. ജോസ് വിഭാഗത്തെ മുന്നണിയുടെ ഭാഗമാക്കിയാൽ മധ്യകേരളത്തിലടക്കം വലിയ സ്വാധീനമുണ്ടാക്കാൻ കഴിയും. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സിപിഎമ്മിന്റെ നീക്കങ്ങൾ. പരോക്ഷമെങ്കിലും ജോസ് വിഭാഗത്തെ പുകഴ്ത്തിയുള്ള നേതാക്കളുടെ പ്രസ്താവനകൾ നൽകുന്ന സൂചനകളും മറ്റൊന്നല്ല.
ALSO READ: കോവിഡ് രോഗികളുടെ എണ്ണം കൂടിവരുമ്പോള്‍ പരിശോധനാ നിരക്കുകളിൽ കുറവ് വരുത്തി; പുതിയ നിരക്കുകൾ അറിയാം
അതേസമയം, ജോസിന്റെ പാർട്ടിയെ ഉടനെ മുന്നണിയുടെ ഭാഗമാക്കരുതെന്ന വാദവും ശക്തമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ സഹകരിപ്പിക്കാമെന്ന ആലോചനയും സിപിഎമ്മിലുണ്ട്. ഇക്കാര്യങ്ങളെല്ലാം സെക്രട്ടറിയേറ്റിന്റെ പരിഗണനയിലേക്ക് വന്നേക്കും.
Post Your Comments