കൊച്ചി: ബ്ലാക്ക് മെയില്‍ കേസിലെ പ്രതികളുമായി തനിക്ക് ബന്ധമുണ്ടെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണത്തിനെതിരെ നടന്‍ ടിനി ടോം. ഇത്തരത്തിലുള്ള പ്രചരണങ്ങൾ വസ്തുതാ വിരുദ്ധമാണ്. എന്നെ പൊലീസ് വിളിച്ചിട്ടില്ല, ഇതു സംബന്ധിച്ച് മൊഴിയെടുത്തിട്ടില്ല, ചോദ്യം ചെയ്തിട്ടില്ല. അന്തരീക്ഷത്തില്‍ നിന്ന് ഊഹിച്ചെടുത്ത് വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ ചിലര്‍ പ്രചരിപ്പിക്കുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി. ഇങ്ങനെയൊരു കേസില്‍ താന്‍ ഉള്‍പ്പെട്ടു എന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ തന്നെയും കുടുംബത്തെയും വേദനിപ്പിച്ചു. ഈയാഴ്‍ച നടക്കുന്ന ‘അമ്മ’ എക്സിക്യൂട്ടീവ് യോഗത്തിനു ശേഷം വ്യാജപ്രചാരണത്തിനെതിരെ പൊലീസില്‍ പരാതി നല്‍കുന്ന കാര്യം തീരുമാനിക്കുമെന്നും ടിനി ടോം കൂട്ടിച്ചേർത്തു.
അതേസമയം കൊച്ചി ബ്ലാക്ക് മെയില്‍ കേസില്‍ കൂടുതൽ വെളിപ്പെടുത്തലുമായി പോലീസ് രംഗത്തെത്തി. നടി ഷംന കാസിമിനെ തട്ടിക്കൊണ്ടുപോയി പണം തട്ടാനായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് ഐജി വിജയ് സാഖറെ വ്യക്തമാക്കി. ഷംന കാസിം പരാതി നൽകിയതോടെ പ്രതികള്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഷംനയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു പ്രതികളുടെ ആദ്യത്തെ ശ്രമം. ഇത് പരാജയപ്പെട്ടപ്പോള്‍ ആണ് തട്ടിക്കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടത്. കൂടുതല്‍ താരങ്ങളെ കെണിയില്‍പ്പെടുത്താനും പ്രതികള്‍ ശ്രമിച്ചിരുന്നതായും ഐജി വ്യക്തമാക്കി. അതേസമയം ബ്ലാക്ക് മെയില്‍ കേസില്‍ ഷംനയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി.
Post Your Comments