കൊച്ചി: സേതുരാമയ്യർ സിനിമാ പരമ്പരയിലെ അഞ്ചാം ഭാഗം കോവിഡിന് ശേഷം ചിത്രീകരണം തുടങ്ങുമെന്ന് തിരക്കഥാകൃത്ത് എസ് എൻ സ്വാമി. ബാസ്കറ്റ് കില്ലിംഗ് എന്ന ഏറെ സുപരിചിതമല്ലാത്ത കൊലപാതക രീതിയാണ് സിബിഐ അഞ്ചാം ഭാഗം പറയുന്നത്. 3 വർഷം കൊണ്ടാണ് എസ് എൻ സ്വാമി തിരക്കഥ പൂർത്തിയാക്കിയത്.
മലയാള സിനിമ ഇതുവരെ കാണാത്ത വ്യത്യസ്തമായ കഥയാണ് സിനിമയ്ക്ക് ഉള്ളതെന്നും അതിനായി ഒരുപാട് സമയമെടുത്തു എന്നും അദ്ദേഹം പറഞ്ഞു. “സേതുരാമയ്യർ ഒരു ലെജൻഡാണ്. ആ ഐക്കണിൽ നിന്ന് മമ്മൂട്ടിയെ മാറ്റാൻ കഴിയില്ല. മാറ്റിയാലും പ്രേക്ഷകർ അംഗീകരിക്കില്ല. മറ്റുള്ള സിനിമകളിൽ നിന്ന് ഇത് വളരെ വ്യത്യസ്തമാണ്. അങ്ങനെ ആക്കിയതല്ല. അങ്ങനെ വന്നതാണ്. ഇതിങ്ങനെ എഴുതിപ്പോകുമ്പോൾ ഒരുപാട് മാറ്റങ്ങൾ കിട്ടി. അതൊക്കെ ഇതിനു മുൻപ് വരാത്തതും പ്രതീക്ഷിക്കാത്തതുമായിരുന്നു. അതൊക്കെ കോർത്തെടുക്കാൻ സമയമെടുത്തു.” അദ്ദേഹം പറയുന്നു.
കെ മധു തന്നെയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സ്വർഗചിത്രയാണ് നിർമ്മാണം. മുൻ സേതുരാമയ്യർ സിനിമകളിലെ താരങ്ങളിൽ മമ്മൂട്ടി ഒഴികെ മറ്റ് താരങ്ങളൊന്നും ഈ സിനിമയിൽ ഉണ്ടാവില്ലെന്ന് നേരത്തെ ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, പുതിയ റിപ്പോർട്ടുകൾ പ്രകാരം ചില സുപ്രധാന താരങ്ങൾ ഈ സിനിമയിലും ഉണ്ടാവുമെന്നാണ് വിവരം.
Post Your Comments