ബെംഗളൂരു • കര്‍ണാടകയില്‍ ആട്ടിടയന് കോവിഡ് 19 സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് 47 ഓളം ആടുകള്‍ ക്വാറന്റൈനില്‍. ബെംഗളൂരുവില്‍ നിന്ന് 127 കിലോമീറ്റര്‍ അകലെയുള്ള തുംകുരു ജില്ലയിലെ ഗോദേകരെ ഗ്രാമത്തിലാണ് സംഭവം.
ചിക്കനായകനഹള്ളി താലൂക്കിലെ ഗ്രാമത്തിൽ മുന്നൂറോളം വീടുകളും ആയിരത്തോളം ജനസംഖ്യയുമുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. ആട്ടിടയന്‍ ഉള്‍പ്പടെ രണ്ട് ഗ്രാമവാസികൾ അടുത്തിടെ കോവിഡ് 19 പോസിറ്റീവായിരുന്നു. ഇതിനിടെ ഇയാള്‍ വളര്‍ത്തുന്ന നാല് ആടുകള്‍ ചത്തതും ഗ്രാമത്തില്‍ പരിഭ്രാന്തി പടര്‍ത്തിയിരിക്കുകയാണ്.
ജില്ലാ ആരോഗ്യ, വെറ്റിനറി ഉദ്യോഗസ്ഥർ ചൊവ്വാഴ്ച ഗ്രാമം സന്ദർശിക്കുകയും ആടുകളുടെ സ്വാബ് സാംപിളുകള്‍ ശേഖരിക്കുകയും ചെയ്തു. ആടുകളെ കൊല്ലാൻ എത്തിയെന്ന സംശയത്താല്‍ ഗ്രാമവാസികളിൽ നിന്ന് സംഘം കടുത്ത എതിർപ്പ് നേരിട്ടു. കന്നുകാലികൾക്ക് കൊറോണ വൈറസ് ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും അവ പരിശോധിക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥർ അവരെ ബോധ്യപ്പെടുത്തി.
ഇക്കാര്യം പരിശോധിക്കുമെന്നും ചത്ത ആടുകളുടെ പോസ്റ്റ്‌മോർട്ടം നടത്തുമെന്നും മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി പി.മണിവന്നൻ പറഞ്ഞു. സ്വാബ് സാംപിളുകള്‍ ബെംഗളൂരുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കലിലേക്ക് അയച്ചു.
കോവിഡ് -19 മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് വ്യാപിച്ചതായി ഇതുവരെ രേഖകളൊന്നുമില്ലെന്ന് ഐഎഎച്ച്‌വിബി ഡയറക്ടർ ഡോ. എസ് എം ബൈറെ ഗൗഡ പറഞ്ഞു. കിറ്റുകൾ തങ്ങളുടെ പക്കൽ ലഭ്യമല്ലാത്തതിനാൽ തങ്ങൾ കോവിഡ് പരിശോധനകൾക്കായി ഭോപ്പാലിലേക്ക് സാമ്പിളുകൾ അയയ്ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments