ബെല്ലാരി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കുഴിയിലേക്ക് തള്ളിയ സംഭവത്തില്‍ കര്‍ണാടകത്തിലെ ബെല്ലാരിയില്‍ ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സസ്പെന്ഷന്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ട സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നടപടി. ദൃശ്യങ്ങളില്‍ കണ്ട സംഭവത്തില്‍ തങ്ങള്‍ ഖേദമറിയിക്കുന്നതായും ജില്ലാ ഭരണാധികാരികള്‍ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യങ്ങളില്‍ ബെല്ലാരിയില്‍ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചത്. കൊവിഡ് ബാധിച്ച് മരിച്ച എട്ട് പേരുടെ മൃതദേഹങ്ങള്‍ വിജനമായ സ്ഥലത്ത് തയ്യാറാക്കിയ വലിയ കുഴിയിലേക്ക് പിപിഇ കിറ്റ് ധരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ സംഘം അലക്ഷ്യമായി എറിഞ്ഞുകളയുന്നതായിരുന്നു ദൃശ്യം. സംഭവം അതിവേഗം വൈറലാകുകയായിരുന്നു.
‘പ്രോട്ടോക്കോള്‍ പ്രകാരമുള്ള എല്ലാ നിര്‍ദേശങ്ങളും അവര്‍ പാലിച്ചിരുന്നു. പക്ഷേ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ മാത്രം പിഴവ് സംഭവിക്കുകയായിരുന്നു. ആ സംഘത്തിനെ ആകെയും ചുമതലകളില്‍ നിന്ന് നീക്കിയിട്ടുണ്ട്. പകരം പുതിയ സംഘമായിരിക്കും ഇതേ ജോലി ചെയ്യുക…’- ജില്ലാ ഭരണകൂടത്തിന് വേണ്ടി ഉദ്യോഗസ്ഥനായ എസ് എസ് നകുല അറിയിച്ചു.കര്‍ണാടകത്തില്‍ ഇതുവരെ കൊവിഡ് 19 ബാധിച്ച് മരിച്ചത് 246 പേരാണ്. 15,242 കേസുകള്‍ ഇതുവരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Post Your Comments