KeralaLatest NewsNews

മകളെ ചികിത്സിക്കുന്ന ആശുപത്രിക്കു സമീപം പിതാവ് തൂങ്ങിമരിച്ചു: മരിച്ചത് സോഷ്യല്‍മീഡിയയില്‍ വൈറലായ ദേവു ചന്ദനയുടെ പിതാവ്

തിരുവനന്തപുരം • ഉത്സവപറമ്പില്‍ നൃത്തം ചെയ്യുന്ന വീഡിയോയിലൂടെ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായ ദേവു ചന്ദനയുടെ പിതാവ് തിരുവനന്തപുരം എസ്.എ.ടി ആശുപത്രി വളപ്പില്‍ തൂങ്ങിമരിച്ചു. ആലപ്പുഴ ജില്ലയിലെ നൂറനാട് സ്വദേശി ചന്ദ്രബാബുവിനെ (45) എസ്.എ.ടി ആശുപത്രിക്കു സമീപമുള്ള നഴ്‌സിംഗ് ഹോമിന്റെ പിന്നിലെ മരത്തിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

തലച്ചോറിലെ കോശങ്ങള്‍ നശിക്കുന്ന ഗുരുതര രോഗം ബാധിച്ച ദേവു ചന്ദന ഏതാനും ദിവസങ്ങളായി എസ്‌എടി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

ദിവസങ്ങള്‍ക്കു മുന്‍പ് വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ദേവു ചന്ദനക്ക് രോഗം കണ്ടെത്തിയത്. തുടര്‍ന്ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നില വഷളായതിനെത്തുടര്‍ന്നാണ് എസ്.എ.ടിയിലേക്ക് മാറ്റിയത്.

പെയിന്റിംഗ് തൊഴിലാളിയായ ചന്ദ്രബാബു മകളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ പ്രയാസത്തിലായിരുന്നു. ഇതിലെ മനോവിഷമം മൂലമാകാം കടുംകൈ ചെയ്തതെന്ന് കരുതുന്നു. മൂന്നു ദിവസത്തിനകം ഒന്നരലക്ഷത്തോളം രൂപ മരുന്നിന് ചിലവായിരുന്നു. ബന്ധുക്കളും നാട്ടുകാരും പിരിവെടുത്താണ് ചികിത്സ നടത്തുന്നത്. ഇതിനായി കനറ ബാങ്കില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.

ആലപ്പുഴ നൂറനാട് പുത്തന്‍വിള അമ്പലത്തിലെ ഉത്സവത്തിന് മേളത്തോടൊപ്പം ചുവടുവച്ചതോടെയാണ് ദേവു സാമൂഹിക മാധ്യമങ്ങളില്‍ താരമായത്. നൂറനാട് സി.ബി.എം.എച്ച്.എസ്.എസ് വിദ്യാര്‍ഥിനിയാണ് ഒൻപതുവയസുകാരിയായ ദേവു ചന്ദന.

shortlink

Related Articles

Post Your Comments

Related Articles


Back to top button